ജീവിതനേട്ടത്തിൽ ഉയരങ്ങളിലാണ് രഞ്ജിനി
text_fieldsപൊക്കമില്ലെങ്കിലും ജീവിതനേട്ടത്തിൽ പൊക്കക്കുറവില്ലെന്ന് കാട്ടി തരുകയാണ് പാലമേൽ ആമ്പല്ലൂർ ചിറമുകളിൽ രഞ്ജിനി (33). ആദ്യമായി പങ്കെടുത്ത കേരള സ്റ്റേറ്റ് പാരാഗെയിംസിൽ ഷോട്ട്പുട്ടിൽ രണ്ടാംസ്ഥാനം നേടിയാണ് ഉയരമില്ലാത്തത് കുറ്റമല്ല, ഉയരക്കുറവാണ് തന്റെ നേട്ടമെന്ന് ഉറപ്പിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ പോലും ഒരുമത്സരത്തിലും പങ്കെടുത്തിട്ടില്ലാത്ത രഞ്ജിനിയുടെ ഈ നേട്ടത്തിന് ഒന്നാം സ്ഥാനത്തേക്കാൾ ഉയരക്കൂടുതലാണ്.
സംസ്ഥാന പാരാഗെയിംസിൽ പങ്കെടുക്കാൻ തീരുമാനിച്ചെങ്കിലും എങ്ങനെ പങ്കെടുക്കുമെന്നത് ചോദ്യചിഹ്നമായിരുന്നു. പരിശീലനം ഇല്ലാത്തതിൽ ഏറെ വിഷമവും തോന്നി. ഒരു ഷോട്ട് വാങ്ങി പരിശീലനം നേടണമെന്ന ആഗ്രഹം പണമില്ലാത്തതിനാൽ മനസ്സിലൊതുക്കി.
എങ്കിലും മത്സരത്തിന് നാലുദിവസം മുമ്പ് ഭർത്താവ് അനീഷ് വാങ്ങിക്കൊണ്ടുവന്ന ഷോട്ടിൽ പരിശീലിച്ച് മത്സരത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം നേടുകയായിരുന്നു. എസ്.എസ്.എൽ.സിക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുമൂലം തുടർപഠനത്തിന് പോകാൻ കഴിഞ്ഞില്ലെന്ന് രഞ്ജിനി പറയുന്നു. ഈ മാസം 16 മുതൽ പുണെയിൽ നടക്കുന്ന ദേശീയ പാരാഗെയിംസിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്.
ഏറെ സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഉദാരമതിയായ ഒരാളുടെ സ്പോൺസർഷിപ് തുണയാകുകയായിരുന്നു. പഠിക്കുന്ന കാലത്ത് നൃത്തം ഏറെ ഇഷ്ടമായിരുന്നു. എന്നാൽ, സ്കൂളിൽ ഓരോ പരിപാടികൾ നടക്കുമ്പോഴും ഉയരക്കുറവുമൂലം പിന്നിലായിപ്പോകുകയായിരുന്നു.
ഇത് ഏറെ വിഷമം ഉണ്ടാക്കിയിരുന്നതായും, പിന്നീട് ചില മിമിക്സ് ട്രൂപ്പുകളുമായി ചേർന്ന് പരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം കൂടാൻ കാരണമായെന്നും രഞ്ജിനി പറഞ്ഞു. ഭർത്താവ് തോട്ടപ്പള്ളി സ്വദേശിയായ അനീഷിന് യന്ത്രമുപയോഗിച്ച് തെങ്ങുകയറ്റമാണ് തൊഴിലെങ്കിലും നല്ലൊരു ഫുട്ബാൾ കളിക്കാരൻ കൂടിയാണ്. ലിറ്റിൽ പീപ്പിൾ കേരള എന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ അംഗമാണ് ഇരുവരും. ഈ ഗ്രൂപ് നൽകുന്ന പ്രോത്സാഹനം ഏറെ വിലമതിക്കാനാകാത്തതാണെന്നും ഇവർ പറയുന്നു.
അടൂർ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന ഏഴു വയസ്സുകാരൻ ഗുരുനിശ്ചിതനാണ് ഏക മകൻ. തയ്യലിനൊപ്പം ആട്, കോഴി, താറാവ് എന്നിവ വളർത്തിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് അച്ഛൻ ശിവരാമനും അമ്മ രമണിക്കുമൊപ്പം ഈ കുഞ്ഞുകുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.