തബലയിലെ താളം ജീവതാളമാക്കി രത്നശ്രീ
text_fieldsസഹോദരന്റെ നാടോടിനൃത്തത്തിന് അകമ്പടിയായി തബലയില്‍ വിരൽ പതിച്ചപ്പോൾ ആ കൊച്ചുപെൺകുട്ടി അറിഞ്ഞുകാണില്ല തബലയുടെ താളം തന്റെ ജീവിതതാളവുമായി ഇഴചേരുമെന്ന്. സംഗീതവും നൃത്തവും ജീവവായുവായ കുടുംബത്തിലെ അംഗമാണ് തബലയിൽ വിസ്മയതാളം തീർക്കുന്ന രത്നശ്രീ അയ്യർ.
തബലയിൽ ബിരുദാനന്തര ബിരുദമുള്ള ആദ്യത്തെ മലയാളി, ദക്ഷിണേന്ത്യയിലെ ഏകവനിത പ്രഫഷനൽ തബലിസ്റ്റ് എന്നീ വിശേഷണങ്ങൾ രത്നശ്രീക്ക് മാത്രം സ്വന്തം. തലയാഴം തമിഴ്ബ്രാഹ്മണ സമൂഹത്തിലെ കളപ്പുരക്കൽ മഠത്തിലെ രാമചന്ദ്രഅയ്യരുടെയും സരോജയുടെയും ഏഴുമക്കളിൽ ഇളയവളാണ് രത്നശ്രീ.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആകാശവാണിയിലൂടെ സാക്കിർ ഹുസൈന്റെ സോളോ കേൾക്കാനിടയായി. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ 10 മിനിറ്റോളം തബലയിൽ കൈപതിപ്പിച്ചു. സ്കൂളിൽനിന്ന് സമ്മാനവുമായെത്തിയ ആ കൊച്ചുപെൺകുട്ടിയെ തബലയുടെ താളത്തിനൊപ്പം വിടാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. പിന്നീട് കലാമത്സരങ്ങളിൽ രത്നശ്രീ സ്ഥിരസാന്നിധ്യമായി. കാരിക്കോട് ചെല്ലപ്പൻ മാസ്റ്ററാണ് തബലയിൽ ആദ്യഗുരു.
കെമിസ്ട്രിയിലെ ബിരുദാനന്തര ബിരുദത്തിനുശേഷം ഹൈദരാബാദിൽനിന്ന് ജയകാന്തിന്റെ കീഴിൽ തബലയിൽ ഡിപ്ലോമ പൂർത്തിയാക്കി. പിന്നീട് പണ്ഡിറ്റ് അരവിന്ദ് ഗോഗ്കർ ഉൾപ്പെടെ മികച്ച ഗുരുക്കന്മാരുടെ കീഴിൽ തബല പരിശീലിച്ചു. കോലാപ്പുര്‍ ശിവാജി യൂനിവേഴ്സിറ്റിയില്‍നിന്ന് റാങ്കോടെയാണ് രത്നശ്രീ തബലയില്‍ ബിരുദാനന്തരബിരുദം നേടിയത്.
കലാജീവിതത്തിന്റെ തുടക്കത്തില്‍ പതിനഞ്ചും ഇരുപതും മിനിറ്റ് നീളുന്ന പരിപാടികളായിരുന്നു നടത്തിയിരുന്നത്. 2009ലാണ് ആദ്യമായി ഒരുമണിക്കൂര്‍ നേരം തുടര്‍ച്ചയായി തബല വായിച്ചത്. ആകാശവാണിയിലും ദൂരദര്‍ശനിലും ബി ഹൈഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. പിയാനോ വിദഗ്ധന്‍ ഉത്സവ് ലാല്‍, വയലിനിസ്റ്റ് എ. കന്യാകുമാരി, ടി.വി. ഗോപാലകൃഷ്ണന്, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം, കുടമാളൂര്‍ ജനാര്ദനന്, വീണവാദകന്‍ സൗന്ദരരാജന്, ഉസ്താദ് ഫയാസ്ഖാന് എന്നിവരുമായി വേദി പങ്കിട്ടുണ്ട്.
തബലവാദ്യരംഗത്ത് സ്ത്രീകൾ കടന്നുവരുന്നതിനെ മുഖംചുളിച്ചു കണ്ടിരുന്ന സമൂഹത്തിൽ ഏറെ പ്രചോദനമായ വ്യക്തിത്വമാണ് രത്നശ്രീയുടേത്. പെൺകുട്ടികൾ അടക്കം നിരവധി ശിഷ്യരെ മുഖ്യധാരയിലേക്ക് കൈപിടിച്ച് മുന്നോട്ട് നടത്താൻ ശ്രമിക്കുന്നു. നിലവിൽ എം.ജി സർവകലാശാലക്കു കീഴിൽ ‘സയൻസ് ഓഫ് തബല’യിൽ ഗവേഷണം ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.