റെക്കോർഡ് കൈപ്പിടിയിലൊതുക്കിയ റയാന ബർനവി
text_fieldsറയാന ബർനവി എന്ന ബയോമെഡിക്കൽ ഗവേഷക 2023 മേയ് 22 തിങ്കളാഴ്ച്ച പുലർച്ചെ 3.07 ന് അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നും സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ പേടകം ഭൂമിയിൽ ബാക്കിയാക്കിയത് പുക മാത്രമല്ല ചില അപൂർവതകളും റെക്കോർഡുകളും കൂടിയായിരുന്നു. ബർനവി 600-ാമത്തെ ആൾ മാത്രമായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ. എന്നാൽ അവിടെ എത്തുന്ന ആദ്യത്തെ അറബ് വനിത എന്ന റെക്കോർഡ് കൈപ്പിടിയിലൊതുക്കിയായിരുന്നു ബർനവിയുടെ യാത്ര. 22 അറബ് രാജ്യങ്ങളുള്ളതിൽ സൗദി അറേബ്യയിൽ നിന്നായിരുന്നു ബർനവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
ഒരു വർഷത്തിനിപ്പുറം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ആ ചരിത്രപ്പിറവി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. സൗദി അറേബ്യയുടെ മാത്രമല്ല പല വൻകരകളിലായി 22 രാജ്യങ്ങളോളം പടർന്നുകിടക്കുന്ന അറബ് ജനതയുടെ അഭിമാനം ആകാശത്തോളമല്ല അതിനും അപ്പുറമെത്തിച്ച റയാന ബർനവിക്ക് ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് ഗിന്നസ് സമ്മാനിച്ചിരിക്കുന്നത്. എന്നാൽ സൗദി പെൺമയുടെ ചരിത്രവും ഉൾപ്പൊരുളും അറിയുന്നവർക്ക് ഇതിലൊരു അത്ഭുതവും തോന്നാനില്ല എന്നതാണ് വസ്തുത. റോഡിൽ വാഹനമോട്ടാൻ അനുമതി ലഭിക്കുന്നതിനും ഒരു വ്യാഴവട്ടക്കാലം മുമ്പ് വിമാനം പറത്താൻ ലൈസൻസ് നേടിയ പെണ്ണുള്ള നാടാണ് സൗദി അറേബ്യ.
ജോർദാനിലെ മിഡിൽ ഈസ്റ്റ് അകാദമി ഫോർ കോമേഴ്സ്യൽ ഏവിയേഷനിൽനിന്ന് കോമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടി ഹനാദി സസകരിയ അൽ ഹിന്ദി എന്ന മക്ക സ്വദേശിനി സൗദിയിൽ തിരിച്ചെത്തുേമ്പാൾ വർഷം 2005. സൗദി സമ്പന്ന വ്യവസായി വലീദ് ബിൻ തലാലിെൻറ പ്രൈവറ്റ് ജറ്റിെൻറ പൈലറ്റായി അവൾ ജോലിയിൽ പ്രവേശിക്കുേമ്പാൾ കാറോട്ടാൻ സൗദിയിൽ പെണ്ണുങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ വിലക്കുകളുടെ നിരത്തിൽനിന്ന് ഏറെ ഉയരെ അന്നേ സൗദി പെണ്ണുങ്ങളുടെ അഭിലാഷം ആകാശാതിരുകൾ ഭേദിച്ചിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അതുവരെ 600 ആളുകൾ എത്തിയിട്ടുണ്ടെങ്കിലും മറ്റുള്ളവരിൽനിന്ന് വേറിട്ടൊരു ചരിത്ര ദൗത്യവുമായാണ് അന്ന് 35 വയസുണ്ടായിരുന്ന റയാന ബർനവി അവിടേക്ക് തിരിക്കുന്നത്. ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്ന് ബയോമെഡിക്കൽ സയൻസിൽ നേടിയ ബാച്ചിലർ ബിരുദവും റിയാദിലെ അൽഫൈസൽ യൂനിവേഴ്സിറ്റിയിൽ നിന്ന് അതേ വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദവും റിയാദ് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിൽ സ്റ്റെം സെൽ ആൻഡ് റീ-എൻജിനീയറിങ് പ്രോഗ്രാമിൽ ആർജ്ജിച്ച ഒമ്പത് വർഷത്തെ ഗവേഷണ പ്രവർത്തന പരിചയവും അവളെ ഒരു സുപ്രധാന ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. സ്റ്റെം സെല്ലിന്റെയും സ്തനാർബുദത്തിന്റെയുമടക്കം മനുഷ്യജീവനുമായി ബന്ധപ്പെട്ട ഗവേഷണ ചുമതലയായിരുന്നു അവൾക്ക്.
2023 മെയ് 22 വൈകീട്ട് 6.42ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ റയാന ബർനവിയും മറ്റൊരു സൗദി ബഹിരാകാശ സഞ്ചാരിയായ അലി അൽ ഖർനിയും നാസയിലെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണും ഒമ്പത് ദിവസവും അഞ്ച് മണിക്കൂറും 27 മിനിറ്റുമാണ് അവിടെ ചെലവഴിച്ചത്. ഈ കാലയളവിൽ സ്റ്റെം സെല്ലും സ്തനാർബുദവുമായി ബന്ധപ്പെട്ടതും ചന്ദ്രനിലും ചൊവ്വയിലും കൃത്രിമമഴ പെയ്യിക്കാനുള്ളതും ഉൾപ്പടെ 20-ഓളം ഗവേഷണങ്ങളാണ് മൂന്നംഗം സംഘം നടത്തിയത്. ഒരേസമയം വനിത ഉൾപ്പെടെ രണ്ടുപേരെ നിലയത്തിൽ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സൗദി മറ്റൊരു ചരിത്രവും ആ ദൗത്യത്തോടെ രചിച്ചിരുന്നു.
1988 സെപ്റ്റംബറിൽ ജിദ്ദയിൽ ഒരു ഇടത്തരം സൗദി കുടുംബത്തിലാണ് റയാന ബർനവിയുടെ ജനനം. അവളുടെ ബഹിരാകാശ യാത്ര രാജ്യത്തിനും അറബ് ലോകത്തിനും മാത്രമല്ല സ്വന്തം കുടുംബത്തിനും സമ്മാനിച്ച അഭിമാനവും ആഹ്ലാദവും അത്ര ചെറുതല്ലെന്ന് റയാന ബർനവി യാത്രാസമയത്ത് പറഞ്ഞിരുന്നു. തന്റെ യാത്രയെക്കുറിച്ച് അറിഞ്ഞ മുത്തശ്ശി അര നൂറ്റണ്ടിലേറെ പഴക്കമുള്ള രണ്ടു കമ്മലുകൾ തനിക്ക് സമ്മാനിച്ചെന്നും അറബ് ലോകത്തെ പഴയതും പുതിയതുമായ തലമുറകളെ തന്റെ ബഹിരാകാശ ദൗത്യം ആഹ്ലാദിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നെന്നും ബർനവി യാത്രക്ക് ശേഷവും പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.