അടരാനാവാത്ത പ്രവാസത്തോട് ഒടുവിൽ വിടചൊല്ലി റസിയ സലിം
text_fieldsറിയാദ്: അടരുവാൻ വയ്യെന്ന് ചിണുങ്ങിയ പ്രവാസത്തെ ഒടുവിൽ തന്നിൽ നിന്ന് ഒട്ടൊരു നൊമ്പരത്തോടെ ഉരിഞ്ഞുമാറ്റി സാമൂഹിക പ്രവർത്തക റസിയ സലിം മടങ്ങുന്നു. ആലപ്പുഴ കായംകുളം കട്ടച്ചിറ സ്വദേശി റസിയ സലിം റിയാദിലെത്തുന്നത് കാൽനൂറ്റാണ്ട് മുമ്പാണ്. ഇന്നത്തെപോലെ സാമൂഹിക സാംസ്കാരിക രംഗം സജീവമായിരുന്നില്ല അന്ന്. മലയാളി കുടുംബങ്ങളും താരതമ്യേന കുറവായിരുന്നു. കുടുംബ വിസയിലായതിനാൽ ജോലിക്കുപോകലും സാധ്യമായില്ല. ഒറ്റയിരിപ്പിന്റെ മടുപ്പിൽനിന്ന് നാട്ടിലേക്ക് തിരികെ പോകാൻ ആലോചിച്ചു തുടങ്ങി. ആ ചിന്തക്ക് ആയുസ്സ് കുറവായിരുന്നു. പതിയെ പ്രവാസത്തിന്റെ രുചി പിടിച്ചു തുടങ്ങി.
അതേസമയം ഒറ്റപ്പെടലിൽനിന്ന് ഒഴിയാനുള്ള പോംവഴിയെന്നോണം ചെറിയ അവധിയിൽ നാട്ടിൽപോയി ബ്യൂട്ടീഷൻ കോഴ്സ് പൂർത്തിയാക്കി മടങ്ങിയെത്തി. നിയമം ലംഘിച്ചാണെങ്കിലും കുടിൽ വ്യവസായം പോലൊരു ബ്യൂട്ടിപാർലർ ഉണ്ടാക്കിയെടുത്തു. വരുന്നവരുടെ സൗന്ദര്യ സങ്കൽപങ്ങൾക്ക് നിറംപകരാനായപ്പോൾ പതിയെ പച്ചപിടിച്ചു തുടങ്ങി. മലയാളികൾക്ക് പുറമെ വ്യത്യസ്ത ദേശങ്ങളിൽനിന്ന് ഉപഭോക്താക്കളെ കിട്ടി തുടങ്ങി. ഏകാന്തതയിൽനിന്ന് തിരക്കുള്ള ദിനങ്ങളിലേക്കുള്ള യാത്ര അതിവേഗമായിരുന്നു.
പിന്നീട് ദേശഭാഷയുടെ അതിർവരമ്പുകളില്ലാത്ത സൗഹൃദ ഉരുക്ക് ചങ്ങല തീർത്തു. ജീവിതത്തിന്റെ സിംഹഭാഗം ചെലവിട്ട റിയാദ് നഗരത്തെ ഹൃദയത്തിൽ ചേർത്താണ് മടക്കയാത്ര. മരുഭൂമിയിലെ മരുപ്പച്ച എന്നത് വിശാല അർഥത്തിലുള്ള പ്രയോഗമാണെന്ന് പ്രവാസം ബോധ്യപ്പെടുത്തിയിട്ടുണ്ട്. റിയാദിലെത്തുമ്പോൾ ഭർത്താവ് മഞ്ഞപ്പിത്തം പിടിപെട്ട് പ്രയാസത്തിലായിരുന്നു. അന്നൊരു സുഹൃത്ത് അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിലെ ഒഴിവുള്ള മുറിയിൽ താമസം ഒരുക്കി. ആറുമാസമാണ് നേരിട്ട് ബന്ധമില്ലാത്ത മലബാറുകാരായ കുടുംബത്തോടൊപ്പം താമസിച്ചത്. ആ കുടുംബം തന്ന കരുതലും അവരൊഴുക്കിയ സ്നേഹവും പ്രവാസത്തിൽ അവിസ്മരണീയമാണ്.
ഈ നഗരം വിടുമ്പോൾ നഷ്ടപ്പെടുന്നതും ഏറെയാണ്. അതിൽ പ്രധാനമാണ് അതിരുകളില്ലാത്ത സൗഹൃദം, രുചികൾ, സംസ്കാരം, പുണ്യനഗരങ്ങൾ, റിയാദിലെ കടുത്ത ചൂടും അത് കഴിഞ്ഞെത്തുന്ന കൊടുംതണുപ്പും പിന്നെ പുതിയ റിയാദിലെ കലാനഗരങ്ങളും തുടങ്ങി ഇനി നഷ്ടപ്പെടാൻ പോകുന്നവയുടെ കണക്ക് ഏറെയാണ്. പാടാനും പറയാനും എഴുതാനും മത്സരിക്കാനും വേദിയുണ്ടായത് ഈ പ്രവാസത്തിലാണ്. പാചക മത്സരങ്ങളിലും കലാവേദികളിലും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് കീഴിൽ സംഘടിപ്പിച്ച ജേണലിസം ട്രെയിനിങ് പ്രോഗ്രാമിൽ ചേർന്ന് മാധ്യമപ്രവർത്തനത്തിലെ പ്രാഥമിക യോഗ്യത നേടി. റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിൽ തുടക്കത്തിൽതന്നെ അംഗമായിരുന്നു. തുടർന്ന് ഫാമിലി ടോസ്റ്റ് മാസ്റ്റർ ക്ലബ്ബിന്റെ സെക്രട്ടറി പദവിയും വഹിച്ചു. കായംകുളം പ്രവാസി അസോസിയേഷൻ, യവനിക സാംസ്കാരിക വേദി എന്നീ സംഘടനയിലും സജീവ സാന്നിധ്യമായിരുന്നു റസിയ സലിം.
ഉപ്പയുടെ മരണശേഷം ഉമ്മ തനിച്ചായതോടെയാണ് മടക്കയാത്രക്ക് മനസ്സൊരുങ്ങിയത്. മണൽ നെരിപ്പോടിൽ ഊതിക്കാച്ചിയെടുത്ത ജീവിതാനുഭവങ്ങളുമായി ജന്മനാട്ടിൽ പൊതുരംഗത്തും ബിസിനസ് രംഗത്തും തുടരുകയാണ് ലക്ഷ്യം. സംരംഭകയുടെ പുതിയ കുപ്പായമണിഞ്ഞാണ് തുടക്കം കുറിക്കുക. ‘കമേലിയ ബോട്ടിക്’ എന്ന പേരിൽ ആരംഭിച്ച ഡിസൈനിങ് വസ്ത്രങ്ങളുടെ ഓൺലൈൻ ഓഫ്ലൈൻ സ്റ്റോറുകളുടെ ചുക്കാൻപിടിക്കുകയാണ് ഭാവി പരിപാടിയെന്ന് റസിയ സലിം പറഞ്ഞു.
റിയാദ് അൽറാജിഹി സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന സലിം പള്ളിയിലാണ് ഭർത്താവ്. മൂത്തമകൾ ഫാത്തിമ സലിം ഡോക്ടറാണ്. ഭർത്താവിനൊപ്പം വയനാട് ബത്തേരിയിലാണ്. മകൻ അമാൻ സലിം ബി.ബി.എ കഴിഞ്ഞ് തുടർപഠനത്തിനുള്ള ഒരുക്കത്തിലും. ദേഹം മാത്രമാണ് നാട്ടിലേക്ക് പറിച്ചു നടുന്നതെന്നും മനസ്സ് മുഴുവൻ ഈ റിയാദ് നഗരത്തിലാണെന്നും റസിയ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.