അധ്യാപക ദിനത്തിൽ ശ്രീകുമാരിക്ക് സമർപ്പണത്തിനുള്ള അംഗീകാരം
text_fieldsആലാ പെണ്ണുക്കര ഗവ. യു.പി സ്കൂൾ പ്രഥമാധ്യാപിക പി.എസ്. ശ്രീകുമാരിക്ക് സംസ്ഥാന അധ്യാപക അവാർഡ്. ഗ്രാമപ്രദേശത്തെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തിെൻറ സർവതോമുഖമായ വളർച്ചക്ക് നേതൃപരമായ പങ്കുവഹിച്ചതിനുള്ള അംഗീകാരമാണ് തേടിയെത്തിയത്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്രഥമാധ്യാപികയായി 2014ലാണ് പെണ്ണുക്കരയിലെത്തിയത്. ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണം ഏഴിൽനിന്ന് രണ്ടു ഡിവിഷനുകളിലേക്കുയുർത്തി.
2016ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് അന്നത്തെ എം.എൽ.എ പി.സി. വിഷ്ണുനാഥ് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് കെട്ടിടങ്ങൾ നവീകരിച്ചു. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എയുടെ ഒരു കോടി വിനിയോഗിച്ച് ക്ലാസ് മുറികളെല്ലാം ഹൈടെക്കാക്കി.
സജി ചെറിയാൻ എം.എൽ.എ 14 ലക്ഷത്തിന് സ്കൂൾ ബസ് നൽകി. 84 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ അധ്യയനവർഷം 250 കുട്ടികളെത്തി. 14 അധ്യാപകരുടെ സ്ഥാനത്ത് രണ്ടുപേരുടെ കുറവുണ്ട്.
ഇംഗ്ലീഷ് നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ക്രമീകരിച്ചു. നവോദയ വിദ്യാലയ പ്രവേശന പരീക്ഷയിൽ ഉപജില്ലയിൽനിന്ന് വിജയിച്ച ഏക കുട്ടി ഈ സ്കൂളിൽനിന്നാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്കോളർഷിപ് പരീക്ഷയിൽ നാലുവർഷമായി തുടർച്ചയായി വിജയികളെ സൃഷ്ടിക്കുന്നു.
വിദ്യാഭ്യാസ വകുപ്പിെൻറയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രശംസ നേടിയിട്ടുള്ള ഗുരുശ്രേഷ്ഠക്ക് ലഭിച്ച അംഗീകാരം നാടിനുകൂടി അർഹതപ്പെട്ടതാണ്. കഴിഞ്ഞവർഷം ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായി. പത്തനംതിട്ട റാന്നി വലിയകാവ് കൊച്ചയ്യത്ത് വീട്ടിൽ റെജി കുമാറിെൻറ ഭാര്യയാണ്. മക്കൾ: മേഘ, മിത്ര. മരുമകൻ: രാഹുൽ ശങ്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.