റീന കശ്യപ്: ഹിമാചൽ നിയമസഭയെ പ്രതിനിധീകരിക്കുന്ന ഏക വനിത
text_fieldsഷിംല: കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശ് നിയമസഭയെ പ്രതിനിധീകരിക്കുക ഒരു വനിത മാത്രം. പാച്ചാട് മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച റീന കശ്യപാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി പായൽ പ്യാരിയെ 3875 വോട്ടിനാണ് റീന പരാജയപ്പെടുത്തിയത്.
412 സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ 24 വനിതകളാണ് ജനവിധി തേടിയത്. ഇതിൽ ആറു പേർ ബി.ജെ.പി ടിക്കറ്റിലും മൂന്നു പേർ കോൺഗ്രസ് ടിക്കറ്റിലുമാണ് മത്സരിച്ചത്. ബാക്കിയുള്ളവർ സ്വതന്ത്ര സ്ഥാനാർഥികളായിരുന്നു.
ആറു തവണ എം.എൽ.എയായ കോൺഗ്രസ് സ്ഥാനാർഥി ആശാ കുമാരി ഡൽഹൗസി മണ്ഡലത്തിൽ 9918 വോട്ടിന് പരാജയപ്പെട്ടു. മുൻ എം.എൽ.എയും ബി.ജെ.പി സ്ഥാനാർഥിയുമായ ശർവീൺ ചൗധരി ഷെഹ്പൂർ സീറ്റിൽ 12,243 വോട്ടിന് തോറ്റു. ഇവരെ കൂടാതെ, ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ശശിബാല (റോഹ്റു), മായ ശർമ (ബാർസ്), റീത ദേവി (ഇൻഡോറ) എന്നിവരും പരാജയപ്പെട്ടവരിൽ ഉൾപ്പെടും.
സ്വാതന്ത്ര്യം നേടി 75 വർഷത്തിനുള്ളിൽ 38 വനിതകൾ ഹിമാചൽ നിയമസഭാംഗങ്ങളായി. 1977 മുതൽ 3,845 പുരുഷന്മാരെ അപേക്ഷിച്ച് 197 സ്ത്രീകൾ മാത്രമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും തെരഞ്ഞെടുപ്പിൽ കൂടുതൽ വനിതാ സ്ഥാനാർഥികളെ നിർത്താറില്ല.
ഹിമാചൽ പ്രദേശ് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാക്ഷരതാ നിരക്കുള്ള സംസ്ഥാനമാണ്. 2017 നിയമസഭ തെരഞ്ഞെടുപ്പിൽ 79 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. പ്രധാനപ്പെട്ട 16 നിയമസഭാ മണ്ഡലങ്ങളിൽ പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.