ഖാദി നൂൽനൂൽപ്പിൽ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട് രമ
text_fieldsബാലുശ്ശേരി: ഖാദി നൂൽനൂൽപ്പിൽ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട് പുത്തൻ കാവിൽ രമ. ഖാദി ബോർഡിനു കീഴിൽ എരമംഗലത്ത് പ്രവർത്തിക്കുന്ന ഖാദി മസ്‍ലിൻ യൂനിറ്റിലെ നൂൽനൂൽപ് തൊഴിലാളി പുത്തൻകാവിൽ രമക്ക് നൂൽനൂൽപ് ഇന്നും വിശുദ്ധമായ തൊഴിലാണ്.
രാവിലെ മുതൽ വൈകീട്ടുവരെ തൊഴിൽ ചെയ്താൽ തുച്ഛമായ കൂലിയേ കിട്ടുകയുള്ളൂവെങ്കിലും 36 വർഷമായി രമ നൂൽനൂൽപ്പിനെ വിടാതെ കൊണ്ടു നടക്കുകയാണ്. രോഗിയായ ഭർത്താവിനെയും രണ്ടു മക്കളെയും സംരക്ഷിക്കുന്നതിൽ നൂൽനൂൽപ്പിലൂടെ കിട്ടുന്ന വരുമാനം ഏറെ സഹായകരമായിട്ടുണ്ടെന്ന് രമ പറയുന്നു.
ഇപ്പോൾ 350 രൂപയോളം കൂലി കിട്ടുന്നുണ്ട്. ഖാദി ബോർഡ് ആനകൂല്യങ്ങളും ഈ മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്നു. തൊഴിലുറപ്പ് പദ്ധതി വന്നതോടെ സ്ത്രീ തൊഴിലാളികളേറെയും നൂൽനൂൽപ് പണിയുപേക്ഷിച്ച് തൊഴിലുറപ്പ് പണിക്ക് പോകുന്ന അവസ്ഥയുണ്ടെന്നാണ് രമ പറയുന്നത്. 23ാം വയസ്സിൽ നൂൽനൂൽപ് തുടങ്ങിയ രമക്ക് ഇപ്പോൾ വയസ്സ് 59 ആയി. അടുത്തവർഷം ജോലിയിൽനിന്ന് വിരമിക്കേണ്ടിവരുമെന്നത് പ്രയാസപ്പെടുത്തുന്നുണ്ടെങ്കിലും ഇത്രയുംകാലം ഈ പ്രവൃത്തി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കരുതുന്നത്.
എരമംഗലത്ത് ഖാദി നൂൽനൂൽപ്പിനായി മസ്‍ലിൻ യൂനിറ്റ് ആരംഭിച്ചത് 1979 ലാണ്. തുടക്കത്തിൽ 20 നൂൽ നൂൽപ് യൂനിറ്റുകൾ കേന്ദ്രത്തിലുണ്ടായിരുന്നു. ഇപ്പോൾ ഏഴു ചർക്ക യൂനിറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. നിലത്തിരുന്നു കൈ കൊണ്ട് നൂൽനൂൽപ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ യന്ത്ര സഹായമുണ്ട്. പെൻഡുലം കാൽ കൊണ്ട് ചവിട്ടിത്തിരിച്ചാണ് നൂൽനൂൽപ്. ഇത് പണിയുടെ വേഗം കൂട്ടിയിട്ടുണ്ട്. നൂൽനൂൽപ്പിനായുള സ്ലമ്പർ പയ്യന്നൂരിൽ നിന്നാണ് എത്തിക്കുന്നത്. ഇവിടെയുള്ള സ്ലമ്പർ പ്ലാന്റ് പൂട്ടിക്കിടക്കുന്നതിനാൽ നൂൽനൂൽപ്പിനാവശ്യമായ സ്ലമ്പർ കിട്ടാത്ത അവസ്ഥയാണ്. ഒരു ദിവസം 24 കുഴി നൂല് വരെ നൂൽക്കാൻ കഴിഞ്ഞാൽ തൊഴിലാളിക്ക് മിനിമം കൂലിയോടൊപ്പം ഒരു ഡി.എയും അനുവദിച്ചിട്ടുണ്ട്.
ഖാദിക്ക് സർക്കാർ പ്രോത്സാഹനം നൽകിയാൽ ഈ മേഖല പുഷ്ടിപ്പെടുമെന്നാണ് തൊഴിലാളികൾ പറയുന്നത്. പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധി ഖാദി മേഖലയെയും ബാധിച്ചിരുന്നു. അത് മറികടക്കാനുള്ള ശ്രമങ്ങൾ ഗ്രാമപ്രദേശങ്ങളിലും നടക്കുന്നുണ്ട്.
രമയോടൊപ്പം പുഷ്പ, സാവിത്രി, പ്രജിഷ, അശ്വതി, പെണ്ണുക്കുട്ടി, രമണി എന്നിവരും സൂപ്പർവൈസറായി രാഗിണിയും ഈ നൂൽ നൂൽപ് കേന്ദ്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.