റിപ്പബ്ലിക് ദിന പരേഡ്: മോട്ടോർസൈക്കിൾ സാഹസിക പ്രകടനസംഘത്തിൽ 10 മലയാളി വനിതകൾ
text_fieldsനാദാപുരം (കോഴിക്കോട്): ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ ഇത്തവണ കർത്തവ്യപഥിൽ നടക്കുന്നത് മലയാളികളുടെ അഭിമാന പരേഡ്. സി.ആർ.പി.എഫിന്റെ 262 സാഹസിക മോട്ടോർ സംഘമായ യശസ്വിനിയിൽ രണ്ട് നാദാപുരം സ്വദേശിനികളടക്കം 10 മലയാളി വനിതകൾ ബൈക്ക് റൈഡിൽ പങ്കെടുക്കും.
മഹാരാഷ്ട്ര നാഗ്പൂരിൽ കേന്ദ്രീകരിച്ച 213 മഹിള ബറ്റാലിയനിലെ അംഗങ്ങളാണ് ഇവരെല്ലാവരും. ബീംറോൾ, പിരമിഡ്, ഓൾറൗണ്ട് ഡിഫൻസ്, നാരിശക്തി, ആരോഹെഡ്, റൈഫിൾ പൊസിഷൻ, ചന്ദ്രയാൻ, വി.ഐ.പി സല്യൂട്ട് തുടങ്ങിയ സാഹസിക പ്രകടനങ്ങളാണ് യശസ്വിനി ടീം കർത്തവ്യപഥിൽ കാഴ്ചവെക്കുന്നത്.
പ്രധാനിയായി സി.ആർ.പി.എഫ് പാരാമിലിട്ടറി വനിത കമാൻഡോയായ നാദാപുരം താനക്കോട്ടുരിലെ താടിക്കാരന്റവിട ചന്ദ്രിയുടെയും രാജന്റെയും മകളായ ജിൻസിയും കോ റൈഡറായി നാദാപുരം കുന്നുമ്മൽ രവീന്ദ്രന്റെ മകൾ അഞ്ജുവുമുണ്ട്.
മലയാളികളായ അഞ്ച് റൈഡേഴ്സാണ് പരേഡിൽ പങ്കെടുക്കുന്നത്. എം.കെ. ജിൻസി (നാദാപുരം, താനക്കോട്ടൂർ), അഞ്ജു സജീവ് (കടയ്ക്കൽ, കൊല്ലം), അപർണ ദേവദാസ് (വാളയാർ, പാലക്കാട്), സി. മീനാംബിക (പുത്തൂർ, പാലക്കാട്), സി.പി. അശ്വതി (പട്ടാമ്പി, പാലക്കാട്) എന്നിവരാണ് റൈഡർമാർ. എൻ. സന്ധ്യ (കുഴൽമന്ദം, പാലക്കാട്), സി.വി. അഞ്ജു (നാദാപുരം, കോഴിക്കോട്), ബി. ശരണ്യ (കൊല്ലം), ഇ. ശിശിര (മഞ്ചേരി, മലപ്പുറം), ടി.എസ്. ആര്യ (കല്ലറ, തിരുവനന്തപുരം) എന്നിവരാണ് കോ റൈഡേഴ്സ്.
സി.ആർ.പി.എഫിനു പുറമെ സശസ്ത്ര സീമബൽ, ബി.എസ്.എഫ് തുടങ്ങിയ അർധസൈനിക വിഭാഗങ്ങളും പരേഡിൽ പങ്കെടുക്കുന്നുണ്ട്. സി.ആർ.പി.എഫിന്റെ നേതൃത്വത്തിലാണ് നിലവിൽ പരിശീലനം നടക്കുന്നത്. ഡൽഹി സി.ആർ.പി.എഫ് അക്കാദമിയിൽ രണ്ടുമാസമായി എല്ലാവരും പരിശീലനത്തിലാണ്.
2021ലാണ് ജിൻസി സി.ആർ.പി.എഫിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഒരുവർഷം പള്ളിപ്പുറത്തെ ക്യാമ്പിൽ പരിശീലനത്തിനുശേഷമാണ് സേനയിൽ നിയമനം കിട്ടുന്നത്. 700 വനിത സൈനികരിൽ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് പാരാമിലിറ്ററി വനിത കമാൻഡോ ആയി നിയമനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.