റിദ ക്ലിക്ക്
text_fieldsപോർട്രേറ്റ്- ഫാഷൻ ഫോട്ടോഗ്രാഫിയിൽ സ്വന്തമായ മേൽ വിലാസം സൃഷ്ടിച്ച് ദുബൈ നഗരത്തിൽ തന്‍റെ ക്യാമറക്കണ്ണുകൾ പായിച്ചു യുവ മനസ്സിൽ ഇടം പിടിക്കുകയാണ് 19 വയസ്സുകാരി റിദ ഫാത്തിമ. ഉപ്പ സലീമിനെയും ഉമ്മ റമിജയുടെയും കരുത്തുറ്റ പിന്തുണയുമായി ഓൺലൈൻ-ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളിൽ സജീവമാണ് മലപ്പുറത്തെ ഈ കൊച്ചു മിടുക്കി. ഫോട്ടോഗ്രാഫിയിലെ പെൺസാന്നിധ്യം വെല്ലുവിളികളേറെ നിറഞ്ഞതാണെങ്കിലും തന്‍റെ സ്വപ്നങ്ങൾക്ക് മുന്നിൽ അടിയറവു പറയാൻ തയാറല്ല റിദ ഫാത്തിമ.
ചെറുപ്രായത്തിലേ ഇൻഫാന്റ് ഫോട്ടോഗ്രാഫിയിൽ കമ്പം ഉണ്ടായിരുന്നെങ്കിലും വൈകിയാണ് ആത്മാർത്ഥ സമീപനത്തിന് റിദ തയാറാകുന്നത്. ഫോട്ടോഗ്രാഫിയിലെ കൗതുകം കണ്ട് ഉപ്പ സലീം വാങ്ങിച്ചു നൽകിയ ക്യാമറ ഉപയോഗിച്ച് റിദ അനായാസം ഫോട്ടോഗ്രാഫിയെ തന്‍റെ വഴിക്കാക്കിയത്. ഒരുപാട് ഓൺലൈൻ കോഴ്സുകൾക്കു പുറമെ സ്വന്തം പരീക്ഷണങ്ങളും റിദയെ മികച്ച ഫോട്ടോഗ്രാഫറാക്കി.
സുഹൃത്തിന്‍റെ സഹോദരിയുടെ വിവാഹ ഫോട്ടോഗ്രഫിയിൽ കൈവെച്ചതോടെ റിദയുടെ ഭാവി തെളിയുകയായിരുന്നു. ഫോട്ടോഗ്രാഫിയിലെ സാമർത്ഥ്യം സ്വയം തിരിച്ചറിഞ്ഞതോടെ ഫോട്ടോഗ്രഫിയിൽ ബിരുദം കരസ്ഥമാക്കണമെന്ന് റിദ ആഗ്രഹിച്ചു. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ യു.എ.ഇയിൽ പഠനം പൂർത്തിയാക്കി കോഴിക്കോട് ഫാറൂഖ് കോളജിൽ മൾട്ടിമീഡിയയിൽ റിദ ബിരുദത്തിന് ചേർന്നു.
കുടുംബത്തിലെ തലമുതിർന്നവർ പലതും പറഞ്ഞു വിലക്കാൻ നോക്കിയെങ്കിലും റിദ പിന്മാറിയില്ല. പൊതുവിൽ പുരുഷ കേന്ദ്രിതമായ ഫോട്ടോഗ്രാഫിയിൽ റിദ കാര്യമായ സ്വാധീനം ചെലുത്തിയതിനു പിന്നിൽ ഇമാറാത്തെന്ന രാഷ്ട്രത്തിന് വലിയ പങ്കുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ ലിംഗ വിവേചനം കൊണ്ട് വേർതിരിക്കാത്ത ഈ അറബി നാട് അനന്തമായ സാധ്യതകളാണ് സ്വദേശികൾക്കും വിദേശികൾക്കും മേൽ ഒരുക്കുന്നത്. ആ സാധ്യതയെ കഠിന പ്രയത്നം കൊണ്ട് ഉപയോഗപ്രദമാക്കുകയായിരുന്നു റിദ.
താൻ വിരലമർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് റിദ പതിയെ അരങ്ങേറ്റം കുറിച്ചു. പിന്നീട് അംഗീകാരങ്ങൾ തേടിയെത്തി. അവ വളർന്ന് റിദയുടെ ഫോട്ടോഗ്രാഫിക്ക് വേണ്ടിയുള്ള അന്വേഷണങ്ങളായി. തന്‍റെ പഠന പഠനേതര ചെലവുകൾക്ക് ഇതുവഴി റിദക്ക് ഭേദപ്പെട്ട വരുമാനവും ലഭിച്ചുതുടങ്ങി.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നുസിഹ അജ്മലിന്‍റെ ഫോട്ടോഷൂട്ട് റിദയുടെ പ്രൊഫൈലിൽ നാഴികക്കല്ലായി. ഫാഷൻ-ഫുഡ്- ട്രാവൽ ഫോട്ടോഗ്രാഫിയിൽ ദുബൈയിൽ മികച്ച ക്ലയന്‍റ് ബേസ് രൂപപ്പെടുത്തിയെടുക്കാൻ ഈ ചെറിയ കാലയളവിൽ റിദക്ക് സാധിച്ചു. ഫോട്ടോഗ്രാഫിയിൽ മാത്രം ഒതുങ്ങാതെ കണ്ടന്‍റ് ക്രിയേഷൻ- അഡ്വടൈസ്മെന്‍റ് ഡയറക്ഷനിലേക്ക് ചുവടുറപ്പിക്കാനുള്ള പദ്ധതിയിലാണ് പദ്ധതിയിലാണ് ഈ പത്തൊൻപതുകാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.