ഇത് റിയയുടെ കരങ്ങളിൽ തീർത്ത സ്വപ്നലോകം
text_fieldsലക്ഷ്യങ്ങളില്ലാതെ നേടിയെടുക്കുന്ന അക്കാദമിക്സിനെയും ലക്ഷ്യബോധത്തോടെ ചെലവഴിക്കുന്ന ജീവിതവേളകളെയും ഗൗരവപൂർവ്വം വിലയിരുത്തി സ്വപ്ന സാക്ഷാത്കാരത്തെ പുണർന്നിരിക്കുകയാണ് കണ്ണൂർ സ്വദേശിനി റിയ റിഷാദ്. ഹയർസെക്കൻഡറി പഠന കാലഘട്ടത്തിൽ തന്നെ ബാധിച്ച മടുപ്പിൽ നിന്നും പഠനത്തിൽ ഏറെ പിറകിലായി. ഈയിടക്ക് റിയക്ക് സുഹൃത്തിന്റെ സഹോദരിയുടെ ക്രാഫ്റ്റ് നിർമ്മാണത്തിൽ പങ്കാളിയാകാൻ അവസരം ലഭിച്ചു. ഇതിലൂടെ അവർ തനിയെ തന്നിലെ ഉൾക്കഴിവിനെ തിരിച്ചറിയുകയായിരുന്നു.
അന്ന് ട്രെൻഡിങായി നിരത്തിലിറങ്ങുന്ന എക്സ്േപ്ലാഷൻ ബോക്സിന്റെ സമയമായിരുന്നു. ഉപ്പയുടെ ജോലി നഷ്ടപ്പെട്ട് ചെറിയ കൈതൊഴിലുമായി ഉമ്മ ജീവിതം നയിച്ചിരുന്ന ആ നേരങ്ങളിലൊക്കെയും സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കണമെന്ന ശാഠ്യം റിയയുടെ ഉറക്കം കെടുത്തി. ഹയർസെക്കൻഡറി പരീക്ഷ കഴിഞ്ഞതും റിയക്ക് ഒരു ബ്രേക്ക് ആവശ്യമായിരുന്നു. കുടുംബവും ചുറ്റുപാടും ഒന്നടങ്കം പേപ്പർ കീറിമുറിച്ചു സമയം കളയുന്നതിനെ വാതോരാതെ വിമർശിച്ചു.
തനിക്കേറ്റ ഓരോ വ്രണപ്പെടുത്തലുകളും അവൾക്ക് പൂർവാധികം ശക്തിയോടെ മുന്നോട്ടു കുതിക്കാനുള്ള ഇന്ധനങ്ങളായിരുന്നു. ഓരോ വിരൽ ചൂണ്ടലുകളെയും അംഗീകാരങ്ങളാക്കി മാറ്റാനുള്ള പോരാട്ടമായിരുന്നു പിന്നീടുള്ള ഓരോ ചുവടും. ഉമ്മാക്ക് ആദ്യമായി വാങ്ങി നൽകിയ സ്വർണ വളകളായിരുന്നു തനിക്ക് മുന്നിൽ ചൂണ്ടയിട്ടവർക്കുള്ള അന്നത്തെ 20കാരിയുടെ മറുപടി. അവിടെനിന്നും സമൂഹത്തിന്റെ ആകുലതകൾ ആശംസകളായി മാറാൻ ഒട്ടും സമയമെടുത്തില്ല.
തുടർന്ന് ഡിസൈനിംഗ് മേഖലയിലെ തന്റെ ബിരുദ പഠനത്തിന്റെ സാമ്പത്തിക ബാധ്യത പരിപൂർണ്ണമായി കൈകാര്യം ചെയ്തതും റിയ തന്നെ. ഇന്ത്യയിൽ നിന്നും യു.എ.ഇയുടെ ക്രാഫ്റ്റ് ലോകത്തിന്റെ അത്ഭുതവീചികളിലേക്ക് കുതിച്ചുയരാൻ അവൾക്ക് വലിയ കടമ്പകൾ വേണ്ടിവന്നില്ല. റിയയുടെ കോർപ്പറേറ്റ്- ലക്ഷ്യൂറിയസ് ഗിഫ്റ്റ് വണ്ടേഴ്സിന്റെ വിഭിന്നവും വ്യത്യസ്തവുമായ നിർമ്മാണ വൈഭവത്തിലാണ് കക്ഷിയുടെ കരവിരുത്.
ആവശ്യക്കാരുടെ ഒക്കേഷനുകൾക്കനുസൃതമായ നിറവും ശൈലിയും രൂപ ഭംഗിയും റിയയുടെ വാഗ്ദാനങ്ങളാണ്. ജോലിയുടെ ഇടവേളകളിൽ സഹധർമിണിയുടെ പദ്ധതിക്കുവേണ്ട സർവ്വ പിന്തുണയുമായി ഭർത്താവ് റിഷാദ് കൂടെയുണ്ട്. ഉമ്മയുടെ ചോർന്നുപോകാത്ത ആത്മവീര്യവും റിയയുടെ സംരംഭക പാതയിലെ വലിയ മുതൽക്കൂട്ട് തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.