സർക്കസിലെ മിന്നും താരങ്ങൾക്ക് പ്രണയ സാഫല്യം
text_fieldsതൊടുപുഴ: സര്‍ക്കസ് തമ്പിലെ ജീവിതയാത്രയില്‍ കിന്റുവിനൊപ്പം ഇനി രേഷ്മയുണ്ടാകും. മൂന്നുവര്‍ഷം നീണ്ട സര്‍ക്കസ് കൂടാരത്തിലെ പ്രണയം തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്ര നടയിൽ തിങ്കളാഴ്ച ഇരുവരും വിവാഹത്തിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശി കിന്റു മുര്മുറുവും മഹാരാഷ്ട്ര സ്വദേശിനി രേഷ്മയുമാണ് വിവാഹിതരായത്.
ഇരുവരും സര്‍ക്കസ് കൂടാരത്തില്‍ ജോലി ചെയ്യുന്നവരാണ്. ജംബോ സര്‍ക്കസിന്റെ രണ്ട് ഗ്രൂപ്പിലായിരുന്നു ഇരുവരും പ്രകടനം നടത്തിയിരുന്നത്. കിന്റു ഫ്ലയിങ് ട്രപ്പീസ് വിദഗ്ധനാണ്. രേഷ്മ സാരി ബാലന്‍സിങ്, ഹൈ വീല്‍ സൈക്ലിങ്ങിലും. സര്‍ക്കസ് വേദിയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് കിന്റു രേഷ്മയെ തന്റെ പ്രണയം അറിയിക്കുന്നത്.
കോവിഡിനെത്തുടര്‍ന്ന് സര്‍ക്കസ് കൂടാരങ്ങള്‍ അടച്ചുപൂട്ടിയതോടെ വിവാഹം അനിശ്ചിതമായി നീണ്ടു. ഇപ്പോള്‍ കോവിഡ് ആശങ്കകൾ മാറി സര്‍ക്കസ് വീണ്ടും സജീവമായതോടെ ഇരുവരും ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് തൊടുപുഴയിൽ ജംബോ സര്‍ക്കസ് എത്തുന്നത്.
ഉടമ ജയശങ്കറിന്റെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്. വധൂവരന്മാരുടെ ബന്ധുക്കള്‍ക്ക് പുറമെ ജംബോ സര്‍ക്കസിലെ മുഴുവന്‍ താരങ്ങളും ക്ഷേത്രം ജീവനക്കാരും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. പങ്കെടുത്തവര്‍ക്ക് മധുരവും വിതരണം നടത്തി. വധൂവരന്മാര്ക്കായി അടുത്ത ദിവസം സര്‍ക്കസ് കൂടാരത്തില്‍ സല്‍ക്കാരവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.