പത്തനാപുരം ബ്ലോക്കിൽ ഭരണം ക്ലീൻ
text_fieldsപത്തനാപുരം: 'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാൻ വീടിനും സ്ഥലത്തിനും ഒക്കെയായി നിരവധി സർക്കാർ ഓഫിസുകളുടെ വരാന്തയിൽ മണിക്കൂറുകള്‍ കാത്തിരുന്നിട്ടുണ്ട്. ആ അവസ്ഥ എന്‍റെ ബ്ലോക്കില്‍ എത്തുന്നവര്‍ക്ക് ഉണ്ടാകരുത് എന്നതാണ് യാഥാർഥ്യമാക്കിയ പ്രധാന ഭരണപരിഷ്കാരം.' പത്തനാപുരം ബ്ലോക്ക് ഓഫിസും പരിസരവും വൃത്തിയോടെ സൂക്ഷിച്ചിരുന്ന എ. ആനന്ദവല്ലി ഇന്ന് തനിക്ക് മുന്നിലെത്തുന്നവർക്ക് വെടിപ്പാർന്നൊരു ജീവിതപരിസരം തീർക്കുന്നതിന്‍റെ തിരക്കിലാണ്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ സ്വീപ്പർ ജീവനക്കാരിയായിരുന്ന ആനന്ദവല്ലി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത് തികച്ചും യാദൃച്ഛികം. എന്നാൽ, അത് തീർത്തും അർഹതക്കുള്ള അംഗീകാരമാണെന്ന് തന്‍റെ ഭരണമികവിലൂടെ അവർ തെളിയിച്ച മാസങ്ങളാണ് കടന്നുപോയത്. 'ഓഫിസിൽ വരുന്നവർ കാത്തുനിൽക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അങ്ങോട്ട് ചെന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കണമെന്നും എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാഡം എന്നുവിളിക്കേണ്ടെന്നും പരസ്പരം സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും ഓര്‍മിപ്പിക്കാറുണ്ട്'- അധ്യക്ഷ കസേരയിലിരുന്ന് അവർ പറയുന്നു.
ആനന്ദവല്ലിയെ ഇടതുമുന്നണി മത്സരിപ്പിക്കുമ്പോൾ അധ്യക്ഷ പദവിയൊന്നും ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. എന്നാൽ, വനിതാപ്രാധാന്യത്തോടെ അധ്യക്ഷസ്ഥാനം തീരുമാനിക്കുമ്പോൾ ആനന്ദവല്ലിയെ പരിഗണിക്കാൻ മുന്നണി രണ്ടാമതൊന്ന് ആലോചിച്ചില്ല.
ആദ്യം വിവിധതലങ്ങളില്‍ നിന്നും ഉണ്ടായ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ക്രമേണ മാറിയെന്നും ആനന്ദവല്ലി പറയുന്നു. ഒരു വർഷം പിന്നിട്ട ഭരണകാലയളവിൽതന്നെ ജില്ലയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ ഒരാളായിക്കഴിഞ്ഞ ആനന്ദവല്ലി പറയുന്നു. ഞാറക്കാട് ശ്രീനിലയത്തിൽ മോഹൻ ആണ് ഭർത്താവ്. ബിരുദവിദ്യാർഥികളായ മിഥുനും കാര്‍ത്തികും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.