സബിതക്കും ശിവനും കാത്തിരുന്ന മാംഗല്യം
text_fieldsകൽപറ്റ: എട്ട് വർഷം വൈകിയെങ്കിലും ഇന്നലെ മിന്നുകെട്ടി ഒന്നായതിന്റെ ആനന്ദത്തിലാണ് സബിതയും ശിവനും. കുടുംബക്കാരുടെയും നാട്ടുകാരുടെയും പാലിയേറ്റീവ് പ്രവർത്തകരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങിൽ ശിവൻ സബിതക്ക് താലിചാർത്തി. എട്ട് വർഷം മുമ്പ് വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കേ അപകടത്തിൽ പരിക്കേറ്റ് അരക്കുതാഴെ തളർന്ന് കിടപ്പിലാവുകയായിരുന്നു വയനാട് വെങ്ങപ്പള്ളി ലാൻസ് കോളനിയിലെ ശിവദാസൻ എന്ന ശിവൻ. ഇതോടെ വിവാഹം മുടങ്ങിയെങ്കിലും ശിവനെ പരിചരിച്ച് കൂടെ നിൽക്കുകയായിരുന്നു മുറപ്പെണ്ണുകൂടിയായ സബിത.
വീട്ടുകാരിൽ ചിലരിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ഈ യുവതി. കെട്ടിട നിർമാണ ജോലിക്കിടെ വീണാണ് ശിവന്റെ അരക്ക് കീഴ്പോട്ട് തളർന്നുപോയത്. ശിവന്റെ വീടിന് അടുത്തുതന്നെയുള്ള ചൂരിയാറ്റ കോളനിയിലെ വാസുവിന്‍റെ മകളാണ് സബിത. ചികിത്സയുടെയും സബിതയടക്കം ബന്ധുക്കളുടെയും പാലിയേറ്റീവ് പ്രവർത്തകരുടെയും പരിചരണത്തിന്റെയും ഫലമായി ശിവന് ഇപ്പോൾ എഴുന്നേറ്റ് ഇരിക്കാൻ കഴിയും. വീൽചെയറിൽ സഞ്ചരിക്കാം.
തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകരാണ് സബിതയുടെയും ശിവന്‍റെയും വിവാഹമെന്ന ആഗ്രഹം സാക്ഷാത്ക്കരിച്ചത്. ഒട്ടേറെ സുമനസുകളുടെ സഹായ സഹകരണത്തോടെയാണ് ഞായറാഴ്ച വിവാഹം നടത്തിയത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന മുഖ്യാതിഥിയായി. വ്യവസായ പ്രമുഖന്‍ സി. കെ. ഉസ്മാന്‍ഹാജി, ഡോ. മുഹമ്മദ് ഷരീഫ്, കോ ഓഡിനേഷന്‍ കമ്മിറ്റി ജില്ല സെക്രട്ടറി വേലായുധന്‍ ചുണ്ടേല്‍, വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, പ്രദേശവാസികള്‍ എന്നിവര്‍ മംഗള മുഹൂര്‍ത്തത്തിന് സാക്ഷികളാവാനെത്തി.
സഹായവുമായി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരും പങ്കുചേർന്നു. തരിയോട് സെക്കൻഡറി പെയിന്‍ ആൻഡ് പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദന്‍, വളണ്ടിയര്‍മാരായ പി. അനില്‍കുമാര്‍, ശാന്തി അനില്‍, വി. മുസ്തഫ, കെ. ടി. ഷിബു, പി. കെ. മുസ്തഫ, സഞ്ജിത് പിണങ്ങോട്, ടി. ജോര്‍ജ്ജ്, ജോസ് കാപ്പിക്കളം, ബി. സലിം, രത്നാവതി, സരിത, സനല്‍രാജ്, ജൂലി സജി, രാജാമണി, സണ്ണി കുന്നത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.