സബ്ന, സൗദിയിലെ ഇന്ത്യൻ വനിത സംരംഭക
text_fieldsറിയാദ്: സൗദി അറേബ്യയിൽ നടക്കുന്ന വൻ വികസനത്തിന്റെ ഭാഗമായി ഭരണകൂടം പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്കരണത്തിൽ പ്രതീക്ഷയുടെ നാമ്പുകളുമായി ഉയർന്നുവരുന്ന വനിതസംരംഭകയാണ് സബ്ന നെച്ചിയെങ്ങൽ. ‘അറബ് ഇൻവെസ്റ്റേഴ്സ് ചോയ്സ്’ എന്ന പേരിൽ സ്വന്തമായി ആരംഭിച്ച കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് സബ്ന.
ഇന്ന് ജി.സി.സിയിലും യൂറോപ്യൻ രാജ്യങ്ങളിലുമടക്കം ഇന്ത്യ, പാകിസ്താൻ തുടങ്ങി വിവിധ ദേശങ്ങളിൽ ഉപഭോക്താക്കളുള്ള ഒരു വലിയ സംരംഭമായി വളർന്നു. പുതുതായി രംഗത്ത് വരുന്ന സംരംഭകർക്കും നിക്ഷേപകർക്കും ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്ന ‘കംപ്ലീറ്റ് സൊല്യൂഷൻ’ സ്ഥാപനമാണിത്. ഫിനാൻഷ്യൽ രംഗത്തും അക്കൗണ്ടിങ്ങ് മേഖലയിലും മാത്രമല്ല, ലൈസൻസ്, വാറ്റ്, ടാക്സ് തുടങ്ങി ഉപഭോക്താവിന്റെ എല്ലാ ആവശ്യങ്ങൾക്കും കൃത്യമായ പരിഹാരം നൽകുകയാണ് സേവനത്തിന്റെ സ്വഭാവം. അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഈ പെൺപോരാളി, മേഖല വാഴുന്ന പുരുഷാധിപത്യത്തിന് മുന്നിൽ വേറിട്ടൊരു സാന്നിധ്യമാണ്.
ഒമ്പത് വർഷം മുമ്പ് റിയാദിലെത്തിയ സബ്ന ടാറ്റാ കൺസൽട്ടൻസി സർവിസസിൽ സീനിയർ ബിസിനസ് കൺസൾട്ടൻറായി അഞ്ചു വർഷം ജോലി ചെയ്തു. ആ സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. പ്രസവവും കുഞ്ഞുമൊക്കെയായി ജോലിയിൽനിന്നും വിരമിച്ചു. 10 മാസം വീട്ടിലിരുന്നു. നേരത്തെയുണ്ടായിരുന്ന ജോലിയുടെ സ്വഭാവത്തിലുള്ള മറ്റൊന്ന് ഏറെ ശ്രമകരമായിരുന്നു. വീട്ടിലിരുന്ന് ആവശ്യക്കാർക്ക് ജോലികൾ ചെയ്തുകൊടുത്തു.
ഈ സമയം സൗദി നിക്ഷേപമന്ത്രാലയം വിദേശികൾക്ക് സ്വന്തം നിക്ഷേപത്തിൽ വ്യാപാര വ്യവസായം നടത്താനുള്ള അവസരം തുറന്നത്. മലയാളികളടക്കം കുറെപേർ നിക്ഷേപകരായി എത്തി. അവരെ സപ്പോർട്ട് ചെയ്യാനും പുതിയ തുരുത്തുകൾ കണ്ടെത്താനും ഒരു സംരംഭം ആരംഭിക്കുകയായിരുന്നു. പാർട്ണർഷിപ് വ്യവസ്ഥയിൽ ആരംഭിച്ച ആദ്യ പരിപാടി ക്ലിക്കായില്ല. പിന്നീട് സ്വന്തമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ചെറിയ പ്രായത്തിൽ വിവാഹിതയായ സബ്ന പ്ലസ് ടു പൂർത്തിയാക്കിയത് ഭർതൃഗൃഹത്തിൽ വെച്ചായിരുന്നു. പിന്നീട് സി.എ ഇൻറർമീഡിയറ്റും ആർട്ടിക്കിൾഷിപ് കോഴ്സും പൂർത്തിയാക്കി സൗദിയിൽ ഭർത്താവിനൊപ്പം താമസമാക്കി.
ജോലികൾക്കായി പല ഇൻറർവ്യൂ അറ്റൻഡ് ചെയ്തെങ്കിലും ലഭിച്ചില്ല. ഈ മടുപ്പിലിരിക്കെയാണ് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയം മുളപൊട്ടിയത്. സ്ത്രീകൾ പൊതുവെ മുന്നോട്ടുവരാൻ മടിക്കുന്ന വേദിയാണെങ്കിലും സർക്കാർ നൽകുന്ന പരിരക്ഷയും വനിതകൾക്ക് നൽകുന്ന കരുതലും എടുത്തുപറയേണ്ടതാണ്. ഡ്രൈവിങ് ലൈസൻസ് മുതൽ സംരംഭകത്വം വരെയുള്ള എല്ലാ നിയമപരിഷ്കാരങ്ങളും മികച്ചതും സ്ത്രീ സൗഹൃദവുമാണ്.
ഉമ്മ ഖദീജയുടെ പിന്തുണയും സഹായവുമാണ് കരുത്ത് നൽകിയത്. നവീൻ കോട്ടാൽ എന്ന സുഹൃത്ത് നൽകിയ ആത്മധൈര്യവും കുടുംബത്തിന്റെ പിന്തുണയും പ്രത്യേകം പറയേണ്ടതാണ്.
സൗദിയിൽ വലിയ അവസരമാണ് തുറന്ന് തന്നിട്ടുള്ളതെന്നും വനിതകളടക്കം എല്ലാവരും അത് ഉപയോഗപ്പെടുത്തണമെന്നും സബ്ന നെച്ചിയെങ്ങൽ പറയുന്നു. പെൺകുട്ടികൾ സ്വതന്ത്രമായി ചിന്തിക്കാനും പ്രവൃത്തിക്കാനും തയാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. നെച്ചിയേങ്ങൽ കുഞ്ഞാണ് പിതാവ്. ഭർത്താവ്: നവാസ്. സാറ, അഹ്മദ്, ഐറ എന്നിവർ മക്കളാണ്. മലപ്പുറം ജില്ലയിലെ തിരൂർ അരീക്കാടാണ് സ്വദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.