‘സഹ്യ’ ഒരു ഇടമുളയ്ക്കൽ വിജയഗാഥ
text_fieldsഅഞ്ചൽ: പുരുഷന്മാർക്ക് മാത്രമായി ‘സംവരണം’ ചെയ്യപ്പെട്ടിരുന്ന വാർക്കപ്പണിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് ചെമ്പകരാമനല്ലൂർ വാർഡിലെ കുടുംബശ്രീ പെൺകൂട്ടായ്മയായ സഹ്യ വനിത കൺസ്ട്രക്ഷൻ ഗ്രൂപ്.
വീട് നിർമാണം ഉൾപ്പെടെയുള്ള എന്ത് പണിയും തങ്ങൾക്ക് തന്മയത്വത്തോടെ ചെയ്തുതീർക്കാൻ കഴിയുമെന്ന് ചുരുങ്ങിയ കാലയളവുകൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ നാൽവർ സംഘം. ജയ സജീവ് (പ്രസി.), പ്രിയലത (സെക്ര.), അനിത, സോണിയ എന്നിവർ അടങ്ങുന്നതാണ് സഹ്യ കൺസ്ട്രക്ഷൻ ഗ്രൂപ്.
അഞ്ചൽബ്ലോക്ക് പഞ്ചായത്തിൽ 2019 സെപ്തംബർ 25 മുതൽ 45 ദിവസം നീണ്ടുനിന്ന പരിശീലനത്തിനുശേഷം, അഞ്ചൽ പഞ്ചായത്തിലെ അഗസ്ത്യക്കോട്ട് ലൈഫ് വീടിന്റെ നിർമാണത്തിലൂടെയാണ് ഇവർക്ക് ഈ രംഗത്ത് മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസം ലഭിച്ചത്.
തുടർന്ന് പഞ്ചായത്തിലെ ചെറിയചെറിയ വാർക്കപ്പണികൾ ഇവർ ഏറ്റെടുത്ത് നടത്തിയിരുന്നെങ്കിലും കാര്യമായ സാമ്പത്തികനേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ വഴിതെളിയും എന്നത് യാഥാർഥ്യമാക്കുന്നതായി പിന്നീട് ഇതുവരെയുള്ള അവരുടെ യാത്ര.
തലവരമാറ്റി സിറ്റിസൺ ബോർഡ്
നിർമാണവഴിയിൽ കാര്യമായ നേട്ടമില്ലാതെ കുഴങ്ങിയ ‘സഹ്യ’ക്ക് വഴിത്തിരിവായത് കുടുംബശ്രീ ജില്ലമിഷന്റെ ഒരുനിർദേശമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് നിർമിക്കാനായിരുന്നു ആ നിർദേശം.
തൊഴിലുറപ്പ് പദ്ധതി നടത്തുന്ന വർക്ക്സൈറ്റുകളിൽ പൊതുജനങ്ങൾ അറിയുന്നതിനായി നിർബന്ധമായും ഉണ്ടാകണമെന്ന വ്യവസ്ഥപ്രകാരം സ്ഥാപിക്കുന്നതാണ് സിറ്റിസൺ ഇൻഫർമേഷൻ ബോർഡ്. ഇതിൽ, പഞ്ചായത്തിന്റെ പേര്, വർക്കിന്റെ പേര്, തൊഴിൽ ദിനങ്ങൾ, അടങ്കൽ തുക, നിർമാണതീയതി എന്നിങ്ങനെ വിവരങ്ങളെല്ലാം രേഖപ്പെടുത്തി പ്രദർശിപ്പിക്കുന്നതാണ് ഈ ബോർഡ്.
മൂലധനമായി സി.ഡി.എസ് വഴി ലഭിച്ച സ്റ്റാർട്ടപ് ഫണ്ടായ 50,000 രൂപ ഉപയോഗിച്ചാണ് സംരംഭത്തിന് തുടക്കമിട്ടത്. ആദ്യകാലങ്ങളിൽ ബോർഡ് നിർമാണം വൻ നഷ്ടത്തിലായിരുന്നു. സ്റ്റാർട്ടപ് ഫണ്ടിന്റെ തിരിച്ചടവും മുടങ്ങി. ഈപ്രതിസന്ധിയിലും തളരാതെ യൂനിറ്റംഗങ്ങൾ സ്വമേധയാ സ്വരൂപിച്ച 50000 രൂപ ഉപയോഗിച്ച് ബോർഡുകൾ നിർമിച്ചു തുടങ്ങി.യൂനിറ്റംഗങ്ങളായ നാലുപേരും പകലന്തിയോളം ജോലി ചെയ്തു.
ഇത്തരത്തിൽ 25 മുതൽ 30 വരെ ബോർഡുകൾ ഒരുദിവസം നിർമിച്ചു തുടങ്ങി. ഇടമുളയ്ക്കൽ പഞ്ചായത്തിലെ 22 വാർഡുകളിലായി നടത്തുന്ന തൊഴിലുറപ്പ് പദ്ധതി സൈറ്റുകളിൽ ഇവർ തന്നെ വാഹനങ്ങളിൽ ബോർഡുകളെത്തിക്കും. ഒരുബോർഡിന്റെ വില 3000 രൂപയാണ്. ജി.എസ്.ടി കഴികെ 2887 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. എഴുത്ത് കൂലി ബോർഡൊന്നിന് 300 രൂപയാണ്.
റിവോൾവിങ് ഫണ്ടായി ലഭിച്ച 50,000 രൂപയും ഇവർക്ക് സഹായകമായി. പിന്നീട്, സി.ഐ.എഫ് ഫണ്ട് ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും തീർത്തു. ഇപ്പോൾ പ്രതിവർഷം ഒരുലക്ഷത്തിലധികം രൂപ ജി.എസ്.ടി ഇനത്തിൽ ഇവർ സർക്കാറിലേക്ക് നൽകുകയാണ്.
അവരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പരിണതഫലമായി സാമാന്യം മെച്ചപ്പെട്ടവരുമാനമാണ് ഇന്നിവർക്കുള്ളത്. ഇനിയും കൂടുതൽ മികച്ച പദ്ധതികൾ ലഭിച്ചാൽ ഏറ്റെടുക്കാമെന്നുള്ള ആത്മവിശ്വാസവുമിവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.