സൈറ എന്ന ഹരിത പോരാളി
text_fieldsഅനുനിമിഷം മലിനമായിക്കൊണ്ടിരിക്കുന്ന ഭൂമിയും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിസമ്പത്തും വെട്ടിമുറിക്കപ്പെടുന്ന മരങ്ങളുമെല്ലാം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുരുന്നുകളെയും ആകുലപ്പെടുത്തുന്നുണ്ട്. വരും തലമുറക്കുകൂടി കൈമാറി പോകേണ്ട പ്രകൃതിസമ്പത്തത്രയും നശിച്ചുകൊണ്ടിരിക്കുന്നതിൽ പുതിയ തലമുറയും വേവലാതിപ്പെടുന്നുണ്ട്. പ്രകൃതിയെന്നത് വരും തലമുറക്ക് വെറും കെട്ടുകഥമാത്രമായി അവശേഷിക്കാതിരിക്കാൻ പരിസ്ഥിതി സംരക്ഷണത്തിനായുള്ള എഴുത്തുകളെഴുതി പരിസ്ഥിതി മലിനപ്പെടുത്തുന്നവർക്കെതിരെ പുതിയ തലമുറയുടെകൂടി പ്രതിഷേധം ലോകത്തിന് മുന്നിൽ രേഖപ്പെടുത്തുകയാണ് സൈറ തോമസ് എന്ന പന്ത്രണ്ടുവയസ്സുകാരി.
പ്രകൃതിയെയും മൃഗങ്ങളെയും ഇഷ്ട്പ്പെടുന്ന സൈറ ചെറുപ്രായത്തിൽ തന്നെ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ടുള്ള കഥകളും കവിതകളും എഴുതി തുടങ്ങി. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യങ്ങളുടെ പുനരുപയോഗവും വിഷയമായ സൈറയുടെ എഴുത്തുകൾ ലോകോത്തര പുസ്തകങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം പറയുന്ന സൈറയുടെ രചനകൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദുബൈ കേംബ്രിഡ്ജ് ഇൻറർനാഷനൽ സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനിയാണ് സൈറ തോമസ്.
വോയിസ് ഓഫ് ഫ്യൂച്ചർ ജനറേഷൻസിന്റെ ഗൾഫ് റീജിയൺ ഗുഡ്വിൽ അംബാസഡറായ ശൈഖാ ഹിസ്സാ ഹംദാൻ ആൽ മഖ്തൂമിന്റെ നിർദ്ദേശ പ്രകാരം എമിറേറ്റ്സ് ലിറ്ററേച്ചർ ഫൗണ്ടേഷൻ നടത്തിവരുന്ന യുനെസ്കോയുടെ വോയിസസ് ഓഫ് ഫ്യൂച്ചർ ജനറേഷൻസ് എന്ന ചെറുകഥാമത്സരത്തിൽ 2021ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി.
സമ്മാനാർഹമായ ദി ഗ്രീൻ വാരിയർ എന്ന സൈറയുടെ കഥ 2021ൽ എമിറേറ്റ്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് പ്രകാശനം ചെയ്തത്. പിന്നീട് യുനെസ്കോ സൈറയുടെ ദി ഗ്രീൻ വാരിയർ എന്ന കഥ അന്താരാഷ്ട്ര പ്രസിദ്ധീകരണമായും പ്രസാദനം ചെയ്തു. എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് 2021 മത്സരത്തിൽ തന്റെ ഗ്രീൻ വാരിയർ എന്ന പുസ്തകത്തെ കുറിച്ച് സംസാരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് സൈറ.
2022 ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ ബുക്ഫ്രെയിംസ് പ്രസിദ്ധീകരിച്ച സൈറയുടെ ദി അഡ്വഞ്ചേർസ് ഓഫ് അൽകോ ബാറ്ററിയോ എന്ന പുസ്തകവും അയാം എ ബാറ്ററി എന്ന കവിതയും പാരിസ്ഥിതിക എഴുത്തുകളിലേറെ ശ്രദ്ധേയമായിരുന്നു. ഒരു ബാറ്ററിയുടെ ജീവിതകഥ പറയുന്ന ഈ പുസ്തകം അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിസമ്പത്തും മലിനമായികൊണ്ടിരിക്കുന്ന പരിസ്ഥിതിയും നവതലമുറയെ എത്രയധികം ആകുലരാക്കുന്നു എന്ന് മനുഷ്യരെ ബോധ്യപ്പെടുത്തുന്നതാണ്. കഥകളിലൂടെയും കവിതകളിലൂടെയും ബാറ്ററി പുനരുപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾക്ക് അവബോധം നൽകിയതിന് ബീഅ നൽകി വരുന്ന ഷാർജയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുളള പാരിസ്ഥിതിക പുരസ്കാരമായ ദി എൻവിറോൺമെൻറൽ എക്സലൻസ് സ്കൂൾ അവാർഡും സൈറ കരസ്ഥമാക്കി.
ലോകോത്തര പുസ്തകങ്ങൾ എഴുതിയ പ്രായം കുറഞ്ഞ എഴുത്തുകാരിൽ ഒരാളായ സൈറയെ ഈയിടെ നടന്ന അബൂദബി പുസ്തകോത്സവത്തിലേക്ക് അതിഥിയായി സ്വാഗതം ചെയ്തിരുന്നു. തന്റെ പുതുതായി പ്രകാശനം ചെയ്ത പുസ്തകത്തെ കുറിച്ചും ലോകമറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകയാകാനുള്ള തന്റെ സ്വപ്നത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിലൂടെ ഭൂമിയെ ഏറ്റവും മികച്ചതാക്കുന്നതിനെക്കുറിച്ചും സെഷനിൽ സൈറ സംസാരിച്ചു.
പ്രകൃതിയെയും മൃഗങ്ങളെയും ഒരുപാട് ഇഷ്ട്പ്പെടുന്ന സൈറയുടെ പ്രധാന ഹോബി പരിസ്ഥിതി സംരക്ഷണത്തിനായുള്ള കഥകളും കവിതകളും എഴുതുകയാണ്. കോട്ടയം സ്വദേശികളായ സജീവ് തോമസിന്റെയും ടിൻറു തോമസിന്റെയും ഏക മകളായ സൈറക്ക് ലോകമറിയപ്പെടുന്നൊരു പരിസ്ഥിതി പ്രവർത്തകയാകാനാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.