'ഫ്ലൈ വീൽസി'ൽ ഉയർന്ന് പറക്കാൻ സാജിറയും ഷറഫിയയും
text_fieldsമഞ്ചേരി: തളരാത്ത മനസ്സും കരുത്തുമായി വീൽചെയറിലിരുന്ന് ആകാശങ്ങൾ കീഴടക്കാനുള്ള ലക്ഷ്യത്തിലാണ് മഞ്ചേരി മേലാക്കത്തെ ഈ യുവതികൾ. താണിപ്പാറ കൈനിക്കര വീട്ടിൽ സാജിറ (40), ആക്കല വീട്ടിൽ ഷറഫിയ മറിയം (24) എന്നിവരാണ് വീൽചെയറിലിരുന്നും തങ്ങളുടെ സ്വപ്നങ്ങൾക്ക് നിറംപകരാൻ ശ്രമിക്കുന്നത്. ഇതിനായി 'ഫ്ലൈ വീൽസ്' സംരംഭവും ആരംഭിച്ചു. മേലാക്കത്തെ വാടകകെട്ടിടത്തിലാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്. ടൈലറിങ്ങിനൊപ്പം ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ എന്നിവയും ഉണ്ട്. ജനിച്ച് ഏഴാം മാസം തന്നെ പോളിയോ ബാധിച്ച് അരക്കുതാഴെ തളർന്ന സാജിറയും മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയറിലായ ഷറഫിയയും മറ്റു മൂന്നുപേരും ചേർന്നാണ് 2017ൽ സംരംഭം തുടങ്ങിയത്.
സ്ത്രീകളുടെ വസ്ത്രങ്ങൾ തയ്ച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഇതിന് പുറമെ സ്വന്തം ബ്രാൻഡിൽ വസ്ത്രങ്ങൾ ഇറക്കാനും ഈ പെൺകൂട്ടം ലക്ഷ്യമിട്ടിരുന്നു. തുടക്കത്തിൽ ചുരിദാർ, ടോപ്പുകൾ, മാക്സി, നമസ്കാര കുപ്പായം, കുട്ടികളുടെ ഉടുപ്പുകൾ എന്നിവ നിർമിച്ച് നഗരത്തിലെ കടകളിലേക്ക് വിൽപനക്കായി എത്തിച്ചു. കൂടാതെ കുട, വിത്തു പേനകൾ എന്നിവയും നിർമിച്ചിരുന്നു. ഇവർക്ക് കീഴിൽ നിരവധി സ്ത്രീകൾ ജോലി ചെയ്യുകയും ചെയ്തു. ഇതിനിടയിൽ കോവിഡ് വില്ലനായതോടെ വസ്ത്രങ്ങളുടെ ഓർഡറുകളും കുറഞ്ഞു. ഇതോടെ മറ്റുള്ളവർ സംരംഭത്തിൽനിന്ന് സ്വമേധയാ പിൻവാങ്ങി. ജോലിക്കാർക്ക് ജോലിയും നഷ്ടമായി. നിലവിൽ ഇവർ രണ്ടുപേരും മാത്രമാണ് ഇവിടെ ഉള്ളത്. വാടക കൊടുക്കാനുള്ള വരുമാനം മാത്രമാണ് ലഭിക്കുന്നത്. സ്കൂൾ തുറക്കുന്ന സമയത്ത് യൂനിഫോം ഓർഡർ കിട്ടിയാൽ അത് വലിയ ആശ്വാസമാകും. നേരത്തേ ജില്ലയിലെ വിവിധ സ്കൂളുകളുടെ യൂനിഫോമുകൾ ഇവർ തയ്ച്ചു നൽകിയിരുന്നു.
കോവിഡ് ഭീതി ഒഴിഞ്ഞാൽ നഗരത്തിൽ തന്നെ പുതിയ യൂനിറ്റ് ആരംഭിക്കാനാണ് ഇവരുടെ ലക്ഷ്യം. ഒപ്പം സ്വന്തം ബ്രാൻഡിൽ വസ്ത്രം നിർമിച്ച് വിപണി കീഴടക്കുകയാണ് തങ്ങളുടെ സ്വപ്നമെന്ന് ഷറഫിയ പറഞ്ഞു. ബിരുദധാരിയായ തനിക്ക് ബി.എഡ് എടുക്കാനാണ് ആഗ്രഹമെന്നും കൂട്ടിച്ചേർത്തു. കോവിഡിൽനിന്ന് കരകയറി ഇതിനെ വലിയ സംരംഭമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സാജിറ പറഞ്ഞു. ആ സ്വപ്നങ്ങളിലേക്ക് 'ഫ്ലൈ വീൽസി'ൽ പറക്കുകയാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.