ആത്മവിശ്വാസം കൊണ്ട് ജീവിത പരീക്ഷണങ്ങളെ അതിജീവിച്ച് സാജിത
text_fieldsതിരൂര്‍: 27ാം വയസ്സിലാണ് വീടിനുള്ളില്‍നിന്ന് സാജിത പുറംലോകത്തേക്കിറങ്ങിയത്. ജനിച്ച് ഒമ്പതാം മാസത്തില്‍ പോളിയോ വന്ന് അരയ്ക്കു താഴെ തളര്‍ന്ന സാജിത 27ാം വയസ്സുവരെ വീടിെൻറ നാല് ചുമരുകള്‍ക്കുള്ളിലായിരുന്നു. സാജിതയ്ക്ക് ഏഴ് വയസ്സുള്ളപ്പോള്‍ പിതാവ് മൂസ സ്‌കൂളില്‍ ചേര്‍ക്കാന്‍ നടത്തിയ ശ്രമം വിഫലമായി. കോട്ട് ഇല്ലത്തപ്പാടം മുളിയത്തില്‍ സാജിതയുടെ ജീവിതം മാറ്റിമറിച്ചത് തന്നെപ്പോലെ ശരീരം തളര്‍ന്ന കരുണ പാലിയറ്റീവ് കെയറിലെ അധ്യാപികയായിരുന്ന ആബിദയെ പരിചയപ്പെട്ടതോടെയാണ്. അവരുടെ പിന്തുണയോടെ 27ാം വയസ്സില്‍ അക്ഷരം പഠിക്കുകയും തുല്യത പരീക്ഷയിലൂടെ നാലാം ക്ലാസ് വിജയിക്കുകയും ചെയ്തു. പിന്നീട് 10ാം ക്ലാസും പ്ലസ് ടുവും വിജയിച്ചു. ഒരുപാട് ആഗ്രഹിച്ച മുച്ചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സും സ്വന്തമാക്കിയ സാജിത തിരൂര്‍ കോഓപ്പറേറ്റിവ് കോളജില്‍ ബിരുദ പഠനത്തിനും ചേര്‍ന്നു.
എന്നാൽ, പിന്നീട് സാജിതയ്ക്കു പരീക്ഷണമായെത്തിയത് വയറിനകത്ത് അര്‍ബുദമായിരുന്നു. പക്ഷേ, ആത്മവിശ്വാസത്തില്‍ അതിനേയും തോല്‍പ്പിച്ചു. ജീവിതത്തില്‍ ഏറ്റവും പിന്തുണ നല്‍കിയത് തിരൂരിലെ കിന്‍ഷിപ്പ് എന്ന കൂട്ടായ്മയായിരുന്നു. ഫാഷന്‍ ഡിസൈനിങും കമ്പ്യൂട്ടര്‍ കോഴ്‌സുമെല്ലാം പാസായ സാജിത തിരൂര്‍ ജില്ല ആശുപത്രിക്കു സമീപമുള്ള കിന്‍ഷിപ്പ് സ്ഥാപനത്തില്‍ ടെയ്‌ലറിങ് യൂണിറ്റില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. 38കാരിയായ സാജിതയുടെ ആര്‍ട്ട് വര്‍ക്കുകള്‍ക്ക് ഇപ്പോള്‍ ഏറെ ആവശ്യക്കാരാണ്. പല മോഡലുകളിലും സാജിത തന്റെ കലാവിരുതിലൂടെ ഭംഗിയാക്കി മാറ്റാറുണ്ടെന്ന് കിന്‍ഷിപ്പ് ഡയറക്ടര്‍ നാസര്‍ കുറ്റൂര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.