റെക്കോഡിലേക്ക് ചാടി സാലിഹ
text_fieldsകുന്നംകുളം: ചെറുപ്രായം മുതൽ ഹൈജംപ് ഹരമാക്കിയ സാലിഹ ഇക്കുറിയും റെക്കോഡിന് ഉടമയായി. ജില്ല അത് ലറ്റിക്സ് മേളയിൽ സീനിയർ വിഭാഗം ഹൈജംപ് മത്സരത്തിൽ 1.70 മീറ്റർ ഉയരത്തിൽ ചാടിയാണ് ജില്ലതലത്തിൽ റെക്കോഡ് ചൂടിയത്. ആറ് തവണ ദേശീയതലത്തിൽ മെഡൽ നേടിയിട്ടുണ്ട് സാലിഹ. കഴിഞ്ഞതവണ ആന്ധ്രയിൽ നടന്ന ദേശീയ മേളയിൽ സ്വർണം നേടിയിരുന്നു.
തൃശൂർ വിമല കോളജ് പി.ജി ഒന്നാംവർഷ വിദ്യാർഥിനിയാണ്. ചിറമനേങ്ങാട് കോൺകോഡ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഹൈജംപിൽ മെഡൽ നേടുന്നത്. അഞ്ചുമാസം മുമ്പ് ഉത്തർപ്രദേശിൽ നടന്ന ഖേലോ ഇന്ത്യ മേളയിൽ വെള്ളി മെഡൽ നേടിയിരുന്നു. ഇതിന് മുമ്പ് സ്കൂൾ, കോളജുതലങ്ങളിൽ ഖേലോ ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് രണ്ടുതവണ സ്വർണം നേടി.
ഓൾ ഇന്ത്യ ഇന്റർ യൂനിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുത്ത് മെഡൽ നേടിയതും മികവിന്റെ തിളക്കമാണ്. തുടർച്ചയായ പരിശീലനവും പരിശ്രമവുമാണ് വിജയങ്ങൾക്ക് പിന്നിലെ രഹസ്യം. പി.പി. ആന്റോ, സുമ എന്നിവരാണ് പരിശീലകർ. എയ്യാൽ കുണ്ടുപറമ്പിൽ ഹമീദ്-റജുല ദമ്പതികളുടെ മൂത്ത മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.