ഇഷ്ടഭൂമിയിൽ സാനിയക്ക് പടിയിറക്കം
text_fieldsദുബൈ: ലോക വനിത ടെന്നിസിൽ ഇന്ത്യയുടെ പേരെഴുതിച്ചേർത്ത സ്വപ്നതുല്യമായ കരിയറിൽനിന്ന് സാനിയ മിർസ പടിയിറങ്ങുമ്പോൾ വിടപറയാനൊരുങ്ങി താരത്തിന്റെ ഇഷ്ടനഗരമായ ദുബൈ. ജീവിതത്തിന്റെ നല്ലൊരു ശതമാനവും ചെലവഴിച്ച ഈ നഗരംതന്നെ വിടവാങ്ങൽ മത്സരത്തിന് സാനിയ തിരഞ്ഞെടുത്തത് ദുബൈയോടുള്ള വൈകാരിക ഇഴയടുപ്പംകൊണ്ടു കൂടിയാണ്. ഒരുപക്ഷേ, ശിഷ്ടകാലവും ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് ദുബൈയിൽ തന്നെയായിരിക്കുമെന്നത് സാനിയയുടെ പുതിയ പ്രോജക്ടുകളിൽനിന്ന് വ്യക്തം.
ഫെബ്രുവരി 19ന് തുടങ്ങുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഓപൺ ടെന്നിസ് ചാമ്പ്യൻഷിപ്പോടെയാണ് 36കാരി റാക്കറ്റ് താഴെവെക്കുന്നത്. കഴിഞ്ഞ വർഷം അവസാനം യു.എസ് ഓപണോടെ വിരമിക്കുമെന്നായിരുന്നു സാനിയയുടെ പ്രഖ്യാപനം. എന്നാൽ, പരിക്കിനെ തുടർന്ന് യു.എസ് ഓപണിൽ ഇറങ്ങിയില്ല. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആസ്ട്രേലിയൻ ഓപണോടെ വിരമിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, സ്വന്തം തട്ടകമായ ദുബൈ വിരമിക്കലിന് തിരഞ്ഞെടുക്കുകയായിരുന്നു.
ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിനും നാലു വയസ്സുകാരൻ ഇസ്ഹാനുമൊപ്പം ദുബൈയിലാണ് സാനിയയുടെ താമസം. മാലിക്കുമായി വേർപിരിയുന്നു എന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പരന്നിരുന്നു. മാലിക്കുമായി ചേർന്ന് ദുബൈയിൽ ടെന്നിസ് അക്കാദമി തുറന്നിട്ടുണ്ട്.
സ്വന്തമായി വില്ലയും വാങ്ങിയിട്ടുണ്ട്. വിരമിക്കുന്നതോടെ മാലിക്കിനൊപ്പം അക്കാദമിക പ്രവർത്തനങ്ങളുമായി ദുബൈയിൽ സജീവമാകാനാണ് തീരുമാനം. സ്വന്തം നാടായ ഹൈദരാബാദിലും സാനിയക്ക് അക്കാദമിയുണ്ട്.
2003ലാണ് രാജ്യാന്തര ടെന്നിസ് കോർട്ടിലേക്ക് സാനിയ കാലെടുത്തുവെക്കുന്നത്. ഒരുകാലത്ത് ഡബ്ല്യു.ടി.എ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹൈദരാബാദുകാരിക്ക് മുന്നിൽ മാർട്ടിന ഹിംഗിസ്, സ്വറ്റ്ലേന കുസ്നറ്റോവ, മരിയൻ ബർട്ടോളി, വിക്ടോറിയ അസരങ്ക തുടങ്ങിയ വന്മരങ്ങൾ വീണു.
2007ൽ ലോക റാങ്കിങ്ങിൽ 27ാം റാങ്ക് വരെ കുതിച്ചെത്തിയ സാനിയ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവും ഉയർന്ന റാങ്ക് സ്വന്തം പേരിൽ എഴുതി. 2013ൽ സിംഗ്ൾസിൽനിന്ന് വിടപറഞ്ഞ സാനിയ ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരുകാലത്ത് ഇന്ത്യൻ ടെന്നിസിലെ വനിത താരങ്ങളായിരുന്ന നിരുപമ മങ്കാദിനും നിരുപമ സഞ്ജീവിനും എത്തിപ്പിടിക്കാൻ പറ്റാത്ത നേട്ടങ്ങളാണ് സാനിയയിലൂടെ രാജ്യം നേടിയത്.
ഡബ്ൾസിൽ ഇതിനകം ആറു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടി. 2016ൽ ആസ്ട്രേലിയൻ ഓപണിൽ കിരീടം ചൂടി. 2005ൽ സിംഗ്ൾസിൽ ഡബ്ല്യു.ടി.എ കിരീടം ചൂടുന്നതോടെയാണ് സാനിയ ശ്രദ്ധ നേടുന്നത്. ഡബ്ൾസിൽ ആദ്യ കിരീടം 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ആസ്ട്രേലിയൻ ഓപൺ മിക്സഡ് വിഭാഗത്തിലായിരുന്നു.
2012ൽ ഫ്രഞ്ച് ഓപണിലും ഭൂപതിക്കൊപ്പം ജേതാവായി. 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസിനെ കൂട്ടുപിടിച്ച് യു.എസ് ഓപൺ ജേതാവായി. 2015ൽ മാർട്ടിന ഹിംഗിസിനൊപ്പം ചേർന്ന സാനിയ മൂന്നു ഗ്രാൻഡ് സ്ലാമുകൾ നേടി.
സഹോദരി അനം മിർസയും ദുബൈയിലാണ് താമസം. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ അസദുദ്ദീനാണ് അനം മിർസയുടെ ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.