അക്കയില്ലാതെ ആലുവക്കെന്ത് ശിവരാത്രി
text_fieldsനാടെങ്ങും ശിവരാത്രി ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും ആലുവയിലെ ശിവരാത്രിക്കാണ് പ്രാധാന്യം. ആലുവ മണപ്പുറത്ത് നടക്കുന്ന മഹാശിവരാത്രിക്ക് സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് പതിനായിരങ്ങളാണ് ഒഴുകിയെത്താറ്. ഒരുമാസം നീളുന്ന വ്യാപാരമേളയും കേമമാണ്. വർഷങ്ങളായി നഗരത്തെ ശിവരാത്രി മേളയിലേക്ക് ഉണർത്തുന്നത് പൊള്ളാച്ചി സ്വദേശിനി സരോജിനിയക്കയാണ്. ആഘോഷനാളുകളുടെ വരവറിയിച്ച് നഗരത്തിൽ ആദ്യ വ്യാപാര സ്റ്റാൾ തുടങ്ങാറുള്ളതും അവരാണ്. നാലര പതിറ്റാണ്ടായി അക്ക ആലുവയിലെത്തുന്നു. അക്കയില്ലാതെ ആലുവക്കെന്ത് ശിവരാത്രിയെന്നാണ് നാട്ടുകാർ ചോദിക്കാറുള്ളത്.
ശിവരാത്രി ആഘോഷങ്ങൾ കാര്യമായി നടക്കുന്നില്ലെങ്കിലും ഇക്കുറിയും പതിവ് തെറ്റിക്കാതെ അക്കയെത്തിയിട്ടുണ്ട്. ഇത്തവണ അക്കയെത്തിയെന്ന് പറയുന്നതിെനക്കാൾ അക്കയെ ആലുവക്കാർ എത്തിച്ചെന്ന് പറയുന്നതായിരിക്കും ശരി. കോവിഡ് വ്യാപനംമൂലം ശിവരാത്രി ആഘോഷങ്ങളും വ്യാപാരമേളയും ഇല്ലാത്തതിനാൽ നാട്ടുകാർ ഏറെ വിഷമത്തിലാണ്. ഇതിന് കുറച്ചെങ്കിലും ആശ്വാസം കണ്ടെത്താനാണ് ശിവരാത്രി ഓർമകൾ ഉണർത്താനായി അവർ അക്കയെ നിർബന്ധിച്ച് വരുത്തിയത്. അക്ക എത്രമാത്രം ആലുവക്കാർക്ക് പ്രിയപ്പെട്ടവളാണെന്നുകൂടി ഇതിൽനിന്ന് തിരിച്ചറിയാനാകും. അക്കയെ വിളിച്ചത് കേവലം സാധാരണക്കാർ മാത്രമല്ല, ആലുവ നഗരത്തിെൻറ ചെയർമാൻ അടക്കമുള്ളവരാണ്. അതാണ് ആലുവയും അക്കയും തമ്മിലെ ആത്മബന്ധം. തുടർച്ചയായി 46ാം വർഷമാണ് സരോജിനിയക്ക പൊരിക്കച്ചവടവുമായി എത്തുന്നത്. ആലുവക്കാർക്ക് ശിവരാത്രിയുടെ വരവറിയിക്കുന്നത് എന്നും സരോജിനിയക്കയാണ്.
ശിവരാത്രിക്കും ഒരുമാസം മുമ്പേ എത്താറുള്ള അക്ക ഇക്കുറി ഇത്തിരി വൈകി. ഫോർട്ട്കൊച്ചി സ്വദേശിയായ പരേതനായ കെ.ആർ. സുന്ദരത്തിെൻറ ഭാര്യയായ അക്ക ആലുവക്കാർക്കെല്ലാം ഇപ്പോൾ സുപരിചിതമാണ്. ബാങ്ക് കവലയിൽ പഴയ കോൺഗ്രസ് ഓഫിസിന് എതിർവശത്താണ് പതിവുപോലെ ഇക്കുറിയും അക്കയുടെ പൊരിക്കട. ആദ്യ കാലങ്ങളിൽ മണപ്പുറത്തായിരുന്നു കച്ചവടം. പിന്നീട് നഗരത്തിലേക്ക് മാറുകയായിരുന്നു. അഞ്ച് വർഷം മുമ്പ് അക്കയുടെ പൊരിക്കട പൊളിക്കാൻ പൊലീസ് നടത്തിയ നീക്കം ഏറെ വിവാദമായിരുന്നു.
മുൻ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉൾപ്പെടെയുള്ളവർ പൊലീസ് ജീപ്പ് തടഞ്ഞാണ് എതിർത്തത്. അക്കക്ക് ആലുവക്കാരുമായുള്ള അടുപ്പം അതോടെ പൊലീസിനും വ്യക്തമായി. സുന്ദരവുമായുള്ള വിവാഹശേഷമാണ് അക്ക പൊരിക്കച്ചവടത്തിന് ഇറങ്ങിയത്. 11 വർഷം മുമ്പ് സുന്ദരം ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതോടെ കച്ചവടം ഏറ്റെടുക്കുകയായിരുന്നു. മകൻ മുരുകൻ, മരുമകൾ ശാരദ എന്നിവരും അക്കക്കൊപ്പമുണ്ട്. മുൻ വർഷങ്ങളിൽ പത്തോളം പണിക്കാർ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി മൂന്നുപേരെ മാത്രമേ കൊണ്ടുവന്നിട്ടുള്ളു. വിൽപനക്കും അധികം സാധനങ്ങൾ കൊണ്ടുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.