എരിയപ്പള്ളിയിലെ സതി ടീച്ചറുടെ ചിത്രവീട്
text_fieldsപുൽപള്ളി: എരിയപ്പള്ളി വാരിശ്ശേരിൽ സതി ടീച്ചറുടെ വീട് അക്ഷരാർഥത്തിൽ ഒരു ചിത്രവീടാണ്. നിറക്കൂട്ടുകൾ നിറഞ്ഞ വീടിനുൾവശം ഒരു മിനി ആർട്ട് ഗാലറി പോലെയാണ്. വരകളിൽ വിസ്മയം തീർക്കുകയാണ് റിട്ട. ഡി.ഇ.ഒ ആയ സതി ടീച്ചർ. ഇവരുടെ മക്കളായ നയനയും ദിൽനയും അവരുടെ മക്കളായ മാളവികയും റബേക്കയും എല്ലാം ചിത്രകലയിൽ ശ്രദ്ധേയരായവരാണ്.
കോവിഡ് കാലത്ത് ആയിരുന്നു സതി ടീച്ചർ ചിത്രകലയിലേയ്ക്ക് കടന്നുവന്നത്. ഓൺലൈൻ ക്ലാസുകളിലൂടെയായിരുന്നു പഠനം.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇവർ വരച്ചത് 500 ലേറെ ചിത്രങ്ങളാണ്. പ്രകൃതി ദൃശ്യങ്ങളാണ് കൂടുതലായും ചിത്രങ്ങളിൽ പ്രമേയമാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ വരകളിൽ വിരിയുന്ന ചിത്രങ്ങൾ കോർത്തിണക്കുമ്പോൾ ഒരു ദൃശ്യ വിസ്മയം തന്നെ ഈ വീട്ടിൽ ദർശിക്കാൻ കഴിയും.
ഫാഷൻ ഡിസൈനിങ്, ഓയിൽ പെയിന്റിങ്, ജലച്ചായം, മ്യൂറൽ പെയിന്റിങ് എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. റിട്ട. പ്രിൻസിപ്പലായ ഭർത്താവ് സാബുവിന്റെ നിർലോഭമായ പിന്തുണയും സതി ടീച്ചർക്ക് ലഭിക്കുന്നുണ്ട്.
സംസ്ഥാനതലത്തിലടക്കം നിരവധി ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കേരള ചിത്രകല പരിഷത്ത് ജില്ല വൈസ്പ്രസിഡന്റ് കൂടിയാണ്.
മകൾ ദിൽന പൂതാടി ഗ്രാമപഞ്ചായത്തിൽ ഓവർസിയറാണ്. നയന എറണാകുളത്ത് അസി. പ്രഫസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.