അൻസാർ - മുഹാജിർ സാഹോദര്യത്തിന് ശിൽപ ചാരുതയിലൊരു ആദരവ്
text_fieldsറിയാദ്: ഇസ്ലാം പ്രബോധനകാലത്ത് മക്കയിൽനിന്ന് മദീനയിലേക്ക് കുടിയേറിയ മുഹാജിറുകളെ മദീനയിലെ അൻസാരികൾ സ്വീകരിച്ച രീതിയെ പ്രതീകവത്കരിച്ച് തുണിയും കളിമണ്ണും കൊണ്ട് നിർമിച്ച, സൗദി ചിത്രകാരി സഹ്റ അൽ ഗാംദിയുടെ ‘സാഹോദര്യം’ എന്ന കലാസൃഷ്ടി ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച പ്രശസ്തമായ ഒരു നാഗരികതയുടെ അടിത്തറ സ്ഥാപിച്ച് പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തെ ആസ്പദമാക്കി റിയാദ് നാഷനൽ മ്യൂസിയത്തിൽ നടക്കുന്ന ‘ഹിജ്റ പ്രദർശന’ത്തിലാണ് മദീന വാസികളുടെ സാഹോദര്യത്തെ പ്രതിനിധാനം ചെയ്യുന്ന ഈ കലാസൃഷ്ടി സന്ദർശകരെ ആകർഷിക്കുന്നത്.
പലായനത്തിലുടനീളം ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് മദീനയിലെത്തിയ മുഹാജിറുകൾക്ക് (പുറപ്പെട്ട് വന്നവർക്ക്) പ്രദേശവാസികളായ അൻസാരികൾ നൽകിയ ഊഷ്മള വരവേൽപ്പ് ഹിജ്റയുടെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അൻസാരികളുടെ മഹാമനസ്കതയും ആതിഥേയ മര്യാദയും ഊഷ്മളതയും വിളിച്ചോതുന്നതാണ് ആ ചരിത്ര വരവേൽപ്. അവർക്കുണ്ടായിരുന്നതെല്ലാം മുഹാജിറുകളുമായി പങ്കുവെക്കാനും അവിടെ ഉപജീവനം തുടരാനും പൂർണ പിന്തുണ നൽകി ആരംഭിച്ച ആ ബന്ധത്തിന്റെ ശക്തമായ വേരുകളിലൂടെ അതിന്റെ ഫലഭൂയിഷ്ഠത എടുത്തുകാട്ടുന്ന ഒരു സൃഷ്ടിയാണ് താൻ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് സഹ്റ അൽ ഗാംദി പറയുന്നു. പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ശിൽപ നിർമാണം.
തുണികൾ കളിമൺ ചളിയിൽ മുക്കി കെട്ടുകളിട്ട് കൊണ്ടാണ് ഇതിന്റെ സൃഷ്ടി. അൻസാറുകളുടെയും മുഹാജിറുകളുടെയും പരോപകാരവും സ്നേഹവും കൊണ്ട് സമ്പന്നമായ അടുത്ത ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഈ കെട്ടുകൾ. കെട്ടുകളിൽനിന്ന് വേരുകൾ പോലെ തൂങ്ങി നിൽക്കുന്നത് വലിയ ഒരു വൃക്ഷത്തിന്റെ വളർച്ചയെയും ശക്തിയെയും പ്രതിനിധീകരിക്കുന്നതാണ്. ഇതോടൊപ്പം ജീവിതത്തിന് അർഥം നൽകുന്ന സാഹോദര്യ സങ്കൽപത്തെ പുനരുജ്ജീവിപ്പിക്കാനും ജീവസുറ്റതാക്കാനുമാണ് ഈ കലാസൃഷ്ടിയിലൂടെ ചിത്രകാരി ലക്ഷ്യം വെക്കുന്നത്.
ഹിജ്റയുടെ ചരിത്ര പ്രദർശനത്തിൽ ‘കലാകാരന്റെ ശബ്ദം’ എന്ന തലക്കെട്ടിലാണ് ‘ബ്രദർഹുഡ്’ (സാഹോദര്യം) ശിൽപം പ്രദർശിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ തുടക്കം രൂപപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസംഭവമായിരുന്നു ഹിജ്റ. മക്കയിൽനിന്ന് മദീനയിലേക്ക് പ്രവാചകവും അനുചര സംഘവും 400 കി.മീ 15 ദിവസം കൊണ്ട് മറികടന്ന് പൂർത്തീകരിച്ച പലായനത്തിന്റെ ചരിത്രമാണ് ‘ഹിജ്റ പ്രദർശനം’ അനാവരണം ചെയ്യുന്നത്. സൗദി നാഷനൽ മ്യൂസിയം അതോറിറ്റിയും ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചർ സെൻററുമാണ് ‘പ്രവാചകന്റെ കാൽപ്പാടുകൾ’ എന്ന പേരിൽ ഹിജ്റ പ്രദർശനം റിയാദിലെ നാഷനൽ മ്യൂസിയത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 20ന് ആരംഭിച്ച എക്സിബിഷൻ ഡിസംബർ 30ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.