ഒരു കുരുന്ന് ജീവൻ രക്ഷിക്കാൻ കരൾ പകുത്തുനൽകി അൽ-ജോഹറ
text_fieldsജുബൈൽ: അപരിചിതയായ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കരൾ പകുത്തുനൽകി സൗദി സമൂഹമാധ്യമ താരം അൽ-ജോഹറ അൽ-ഹുഖൈൽ. കരൾ രോഗം മൂലം ജീവൻ പ്രതിസന്ധിയിലായ ജുമാന അൽ-ഹർബി എന്ന പെൺകുട്ടിയെ രക്ഷിക്കാനാണ് കരളിന്റെ ഒരു ഭാഗം താരം നൽകിയത്. അൽ-ജോഹറ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. യൗവനാരംഭം മുതൽ നെഞ്ചിലേറ്റിയ ഒരു സ്വപ്നം താൻ സാക്ഷാത്കരിച്ചതായി അവർ പറഞ്ഞു.
15 വയസ്സ് മുതൽ അവയവദാനത്തിനുള്ള അവസരം ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു. ജുമാന അൽ-ഹർബി എന്ന പെൺകുട്ടിയുടെ രോഗവിവരം സംബന്ധിച്ച് സുഹൃത്തിൽനിന്നും വിവരം ലഭിച്ചതിനെ തുടർന്ന് അവളെ രക്ഷിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. അവയവങ്ങൾ ദാനം ചെയ്യാൻ ആരും മുന്നോട്ടുവരാത്തതിനാൽ നിരവധി പേർ മരണത്തിന് കീഴടങ്ങുന്നുണ്ടെന്ന് അൽ-ജോഹറ പറഞ്ഞു. തന്റെ ബാല്യകാലം സന്നദ്ധസേവനം നിറഞ്ഞതായിരുന്നുവെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും പാവപ്പെട്ടവരെ സഹായിക്കാനും ദാരിദ്ര്യത്തിനെതിരെ പോരാടാനും താൽപ്പര്യമുണ്ടെന്നും അൽ-ജോഹറ സൂചിപ്പിച്ചു.
റെറ്റിനയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് താരത്തിെൻറ ഇരുകണ്ണുകൾക്കും അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നു. റെറ്റിന മാറ്റിവയ്ക്കുകയായിരുന്നു. ഇത് പക്ഷെ പെൺകുട്ടിക്ക് കരൾ നൽകുന്നതിൽനിന്ന് തന്നെ തടഞ്ഞില്ലെന്ന് അവർ വ്യക്തമാക്കി. ജീവൻ രക്ഷിക്കാൻ കരൾ പകുത്തു നൽകാൻ തയാറായത് സമൂഹമാധ്യമത്തിൽ വലിയ പ്രചാരമുണ്ടാക്കി.
നിരവധി സമൂഹമാധ്യമ ഉപയോക്താക്കൾ അവരുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തുവന്നു. സഹജീവികൾക്കായി ത്യാഗത്തിന്റെയും ദാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും മികച്ച ഉദാഹരണമാണ് അൽ-ജോഹറ ജീവിതം കൊണ്ട് കാട്ടിത്തരുന്നതെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തു. അൽ-ജോഹറ അൽ-ഹുഖൈൽ എന്ന ഹാഷ്‌ടാഗ് സമൂഹമാധ്യമത്തിൽ ഹിറ്റ് ആയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.