സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലൻഡ്
text_fieldsഎഡിൻബർഗ്: ആർത്തവ കാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന പാഡുകൾ, ടാംപണുകൾ തുടങ്ങി എല്ലാ സാനിറ്ററി ഉൽപ്പന്നങ്ങളും സൗജന്യമാക്കി സ്കോട്ട്ലൻഡ്. ഇത് സംബന്ധിച്ച് സ്കോട്ടിഷ് പാർലമെന്‍റ് ഐക്യകണ്ഠേന നിയമം പാസ്സാക്കി. ഇതോടെ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലൻഡ് മാറി.
നിയമപ്രകാരം എല്ലാ പൊതുസ്ഥലങ്ങളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ക്ലബുകളിലും ഫാർമസികളിലും സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കും. 8.7 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവെച്ചത്. സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലുമെല്ലാം സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകും.
പുതിയ തീരുമാനം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് സ്കോട്ടിഷ് ലേബർ പാർട്ടി വക്താവ് മോണിക്ക ലെന്നോൺ പറഞ്ഞു. 2019 എപ്രിലിൽ മോണിക്ക ലെന്നോനാണ് ഇതുസംബന്ധിച്ച് പാർലമെന്‍റിൽ ബിൽ അവതരിപ്പിച്ചത്.
ആർത്തവത്തെ കുറിച്ച് ചർച്ച ചെയ്യുന്ന രീതിക്ക് തന്നെ സമൂഹത്തിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് മോണിക്ക ചൂണ്ടിക്കാട്ടി. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ആർത്തവത്തെ കുറിച്ച് പൊതുധാരയിൽ ചർച്ചകൾ ഉണ്ടായിരുന്നില്ല -ഇവർ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളും സ്ത്രീപക്ഷ സംഘടനകളും പുതിയ നിയമത്തെ സ്വാഗതം ചെയ്തു. ആർത്തവ സമയത്ത് സാനിറ്ററി ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നതിൽ പെൺകുട്ടികൾ വെല്ലുവിളി നേരിടുന്നതായി പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. 2017ൽ നടത്തിയ സർവേയിൽ യു.കെയിലെ പത്തിൽ ഒരു പെൺകുട്ടിക്ക് മതിയായ സാനിറ്ററി സൗകര്യം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.