‘‘ഒരു ഞെട്ടലിലാണ് ഞാൻ ഉണർന്നത്, ചുറ്റിലും ഇരുട്ട്; എന്‍റെ കുഞ്ഞെവിടെ? അവന് എന്തുപറ്റി?’’
text_fieldsഒരു പൊന്നുമോന് ജന്മം നൽകിയ സീന എന്ന അമ്മയുടെ ഓർമകുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. സുഖമായി പ്രസവിച്ചു കിടക്കുക എന്നത് ഓരോ പെണ്ണിന്റെയും സ്വപ്‌നം ആണെന്നും അത് കിട്ടിയവർ ഭാഗ്യവതിയാണെന്നും സീന കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിന് പോരായ്മകൾ കൊണ്ട് പ്രയാസപ്പെടുന്നവരെയും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരെയും വയറ്റിലെ ജീവന്റെ അനക്കം അറിയാൻ കൊതിക്കുന്നവരെ കുറിച്ചും ചിന്തിക്കുക എന്ന് സീന പറയുന്നു.
സീനയുടെ കുറിപ്പിന്‍റെ പൂർണരൂപം:
ഒരു ഞെട്ടലിൽ ആണ് ഞാൻ ഉണർന്നത്. ചുറ്റിലും ഇരുട്ട് ആണ്. ഒരു നിമിഷം ഞാൻ ആലോചിച്ചു പോയി. ഓർത്തെടുക്കാൻ പറ്റുന്നില്ല. ഞാൻ മരിച്ചു പോയോ? എന്റെ കൈകൾ അനക്കാൻ പറ്റുന്നില്ല. കാലുകളും അതെ പോലെ, നാക്കിന് പോലും ചലനം ഇല്ല. ഓർമ്മകൾ മാഞ്ഞു പോയിരിക്കുന്നു. ഞാൻ എവിടയാണ്? അല്ലാഹ് ഞാൻ കബറിൽ ആണോ? പെട്ടന്നൊരു ലൈറ്റ് മിന്നി. വെള്ള വസ്ത്രം ഇട്ട് ഒരു മാലാഖ എന്റെ മുന്നിൽ വന്നു നിന്നു. എന്തേന്ന് ചോദിച്ചു. ഒരു ഇൻജെക്ഷൻ കൂടെ തന്ന് അവര്‍ പോയി.
ഓർമ്മകൾ ചെറുതായി തിരിച്ചു വരുന്നുണ്ട്. ഞാൻ എന്റെ പൊന്നു മോന് ജന്മം നൽകിയിരിക്കുന്നു. ഇന്നലെ രാത്രി നിർത്താതെയുള്ള കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടപ്പോൾ എന്റെ കുഞ്ഞ് എവിടെ ചോദിച്ചപ്പോൾ നഴ്‌സ് പലതും പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുവിൽ കരച്ചിൽ ആയപ്പോൾ എനിക്ക് മയക്കത്തിനുള്ള ഇൻജെക്ഷൻ തന്നതാണ്. ഒരു കർട്ടൻ അപ്പുറം വീണ്ടും കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേൾക്കുന്നുണ്ട്. വാക്കുകൾ കൊണ്ട് ഞാൻ മനസിലാക്കി മറ്റൊരു സ്ത്രീ കുഞ്ഞിന് പാൽ കൊടുക്കുകയാണ്. സിസ്റ്റർ അവരെ സഹായിക്കുന്നുണ്ട്. കുഞ്ഞ് നന്നായി കരയുന്നുണ്ട്. എന്റെ കുഞ്ഞ് എവിടെ ? അവന് എന്ത് പറ്റി? വീണ്ടും ചോദ്യങ്ങൾ കരച്ചിലിൽ അവസാനിച്ചു.
ഇന്ന് എന്നെ ഐ.സി.യുവിൽ നിന്ന് മറ്റൊരു ഐ.സി.യുവിലേക്ക് മാറ്റുകയാണ്. അവിടെ നിന്ന് കുട്ടിയെ കാണിച്ചു തരാം എന്ന് ആശ്വസിപ്പിച്ചു. ആങ്ങളയും എന്റെ നല്ല പാതിയും അറ്റെൻഡേഴ്സും കൂടെ എന്നെ മറ്റൊരു സ്ട്രക്ചറിലേക്ക് മാറ്റി. ഞാൻ കുഞ്ഞ് എവിടെ ചോദിച്ചപ്പോൾ അവൻ ഐ.സി.യുവിൽ ആണ് എന്നു പറഞ്ഞു. കുഞ്ഞിന് എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ശ്വാസം മുട്ട് ആണ് എന്ന് എന്റെ നല്ല പാതി പറഞ്ഞു. എന്റെ വിശ്വാസങ്ങൾക്ക് ചെറിയ രീതിയിൽ മങ്ങൽ ഏറ്റു തുടങ്ങിയിരുന്നു. ആ ഐസിയുവിൽ എത്തീട്ടും എന്റെ കുഞ്ഞിനെ മാത്രം കണ്ടില്ല. പല കുഞ്ഞുങ്ങളുടെയും നിർത്താതെയുള്ള കരച്ചിൽ എന്നെ ഒരു ഭ്രാന്തിന്റെ വക്കിൽ കൊണ്ട് എത്തിച്ചു. ഒടുവിൽ സഹികെട്ടു സിസ്റ്റർ എന്റെ മോനെ എടുത്തു കൊണ്ട് വന്നു. ഒരു കരച്ചിൽ ഞാൻ കേട്ടു എന്റെ പൊന്നു മോനെ എന്റെ കൈകളിൽ കിട്ടി. അവൻ നിർത്താതെ കരയുന്നുണ്ട്. ഞാനും സന്തോഷം കൊണ്ട് കരഞ്ഞു. അവന് ഒരു വിരൽ ഇല്ല എന്ന് ഞാൻ കണ്ടെത്തി. പാൽ കുടിപ്പിച്ചിട്ട് സിസ്റ്റർ അവനെ വീണ്ടും കൊണ്ട് പോയി. എന്നിലെ ഉമ്മക്ക് ഒരുപാട് സന്തോഷം ആയി.
വീണ്ടും മണിക്കൂറുകൾ കടന്നു പോയി. എല്ലാവർക്കും അവരവരുടെ മക്കളെ കാണിച്ചു കൊടുക്കുന്നുണ്ട്. പാൽ കൊടുക്കുന്നുണ്ട്. എന്റെ കുഞ്ഞിന് എന്ത് പറ്റി, അവന് എന്തെ പാൽ വേണ്ടാത്തത് അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ മിന്നി മാഞ്ഞു പോയി. വിസിറ്റേഴ്സിനെ അനുവദിച്ച സമയത്ത് എന്റെ നല്ല പാതി വരുമെന്നും എല്ലാം ചോദിക്കണം എന്നും ഞാൻ കരുതി. നിർഭാഗ്യം എന്നെ കാണാൻ ആരും വന്നില്ല. വാപ്പ മാത്രം ഒന്ന് എത്തി നോക്കി പോയി. എന്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമായി "ഒക്കെ പറയാം" എന്ന് മാത്രം പറഞ്ഞു. എന്ത് സംഭവിച്ചു എന്ന് അറിയാതെ അമ്മ മനസ്സ് തേങ്ങി കൊണ്ടിരുന്നു. ചിന്തകൾ പലതായി. പ്രഷർ കൂടി വന്നു. എന്റെ മനസ്സിലെ ചിന്തകൾ എന്നെ വല്ലാതെ തളർത്തി. നടന്നു പോയി മൂത്രം ഒഴിച്ചാൽ റൂമിലേക്കു മാറ്റും എന്ന് സിസ്റ്റർ പറഞ്ഞു.
ഞാൻ ആദ്യം തന്നെ ബാത്റൂമിൽ പോയി. എനിക്ക് പുറത്ത് കടക്കാനും എന്റെ മോന് എന്ത് സംഭവിച്ചു എന്നും അറിയാൻ വേണ്ടി ആയിരുന്നു. എന്നെ പുറത്ത് കടത്തുന്നതിന് തൊട്ട് മുന്നേ ഒരു ഡോക്ടർ വന്നു. മോന് ചെറിയ ശ്വാസം മുട്ട് ഉണ്ട്. പിന്നെ ഒരു വിരലും ഇല്ല. ഡീറ്റൈൽ ആയിട്ട് ചെക്ക് അപ്പിന് പി.വി.എസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. നിരാശ ആയിരുന്നു. ഇനി എത്ര നാള്? റൂമിൽ എത്തീട്ടും എനിക്ക് എന്തൊക്കെയോ സംശയങ്ങൾ. എല്ലാവരുടെയും ഫോൺ കാൾ ഞാൻ ശ്രദ്ധിച്ചു. എല്ലാവരുടെയും മുഖത്ത് എന്തോ മറച്ചു വെക്കുന്ന ഒരു ഭാവം ഉണ്ട്. മൂന്നാമത്തെ ദിവസം എന്റെ നല്ല പാതി എന്നെ കാണാൻ വന്നു. മോന് കുഴപ്പം ഇല്ല എന്നും ഐ.സി.യുവിൽ ആണ് എന്നും പറഞ്ഞു. പാൽ മോന് കൊടുക്കാൻ പിഴിഞ്ഞ് കൊണ്ട് പോയി.
ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു. എന്റെ മോന് വേണ്ടി പാൽ കൊണ്ട് പോയല്ലോ. അതൊരു അസുലഭ നിമിഷം ആയിരുന്നു. അഞ്ചാം നാൾ എന്നെ പി.വി.എസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഐ.സി.യുവിൽ നിന്ന് ഞാൻ എന്റെ മോനെ ദൂരത്ത് നിന്ന് കണ്ടു. എന്തൊക്കെയോ അവന്റെ ശരീരത്തിൽ കെട്ടി പിടിപ്പിച്ചിട്ടുണ്ട്. വയറിൽ എന്തോ വലിയ പഞ്ഞി കെട്ട് ഞാൻ കണ്ടു. ആരെയും ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല. കാത്തിരുന്നു. ശ്വാസംമുട്ട് കൊണ്ട് ഐസിയു വിൽ അഡ്മിറ്റ് ചെയ്തവരുടെ ലിസ്റ്റ് ഞാൻ എന്റെ നല്ല പാതിക്ക് പറഞ്ഞു കൊടുത്തു. ഞാൻ തോളിൽ തട്ടി എന്റെ നല്ല പാതിയെ ആശ്വസിപ്പിച്ചു. ഒടുവിൽ ഒരു ദിവസം ഡോക്ടർ വാപ്പയോട് സംസാരിക്കുന്നത് ഞാൻ കേട്ടു. നെഞ്ചിൽ പടക്കം പൊട്ടിയ പോലെ തോന്നി.
അവന് മലദ്വാര സർജറി കഴിഞ്ഞിരിക്കുന്നു. പലപ്പോഴും അവന്റെ കരച്ചിൽ ഞാൻ കേൾക്കാറുണ്ടായിരുന്നു. ഓടി പോയി എടുക്കാൻ എന്റെ മനസ്സ് വെമ്പുമായിരുന്നു. ഒരു ദിവസം അവന് ഇൻജെക്ഷൻ ഇടാൻ വേണ്ടിട്ട്, ഞരമ്പ് കിട്ടാഞ്ഞിട്ട് ഡോക്ടർസ് ഒരു മണിക്കൂറോളം കുത്തി. അപ്പം അവന്റെ കരച്ചിൽ എന്നിലെ ഉമ്മക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അങ്ങനെ എത്ര ദിനരാത്രങ്ങൾ കടന്നു പോയി. നാല് ഓപ്പറേഷൻ. പിന്നീട് തുടർച്ചയായി കുറച്ചു കാലം ഞാനും മോനും കരച്ചിൽ മാത്രമായിരുന്നു. ഓരോ തവണ ഹോസ്പിറ്റലിന്റെ പടികൾ കേറി ഇറങ്ങുമ്പോൾ എന്താണാവോ ഇനി ഡോക്ടർസ് പറയുക എന്ന ചിന്തയും, എനി എത്ര ടെസ്റ്റുകൾ, അവന്റെ കരച്ചിൽ ഇതൊക്കെ ചിന്തിച്ചു കൊണ്ടുള്ള ആകുലതയും, അപസ്മാരം വരാതിരിക്കാൻ രാത്രി പകലാക്കി കാവൽ ഇരുന്നതും, ഇന്നലെ കഴിഞ്ഞ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ആണ്.
പലപ്പോഴും, കിതച്ചു കയറുന്ന കയറ്റമാണ് ജീവിതം! ചിലപ്പോഴൊക്കെ, കുത്തനെയുള്ളൊരു ഇറക്കവും. എന്റെ കുഞ്ഞിനോടൊപ്പമുള്ള ഈ യാത്രയിൽ ആകാശത്തിന്റെ ഒരു കീറ് കൈയ്യിൽ കരുതി ഇത്തിരി നിലാവും കുറച്ച് നക്ഷത്രങ്ങളും അതിൽ ഉണ്ടായിരുന്നു. എന്നെ സഹായിച്ചവർക്കും അവഗണിച്ചവർക്കും നന്ദി മാത്രം. ഇന്നലെകൾ എന്നത് എനിക്ക് ഓരോ പാഠങ്ങൾ ആയിരുന്നു. ഉൾകൊള്ളേണ്ടവ ഉൾകൊള്ളുകയും, തള്ളി കളയേണ്ടവ, തള്ളി കളയാനും ഞാൻ പഠിച്ചത് ഇന്നലെകളിൽ നിന്നാണ്. ദൈവം സഹായിച്ചിട്ട് ഇന്ന് എന്റെ മോന് ഏഴ് വയസ്സ് ആയി. മൈൽഡ് ഓട്ടീസം ഉണ്ട്. ഹൃദയത്തിന്റെ ഭാഷ ഞാൻ തിരിച്ചറിയുന്നുണ്ട്. അവനെ എനിക്ക് തന്ന ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്. പിന്നിട്ട വഴികളിൽ അനുഭവിച്ച വേദനകളെല്ലാം ഇന്ന് നടന്നു നീങ്ങാനുള്ള ഊർജ്ജം ആയിരുന്നു. ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എന്ന അമ്മ സംതൃപ്തിയിലാണ്.
പക്ഷെ ചില രാത്രികളിൽ എന്റെ മോൻ നിർത്താതെ കരഞ്ഞിരുന്നു. പലരും പറഞ്ഞു കുട്ടികളായാൽ കരയും എന്ന്. അത് കൊണ്ട് ഞാൻ ഡോക്ടറിനെ ഒന്നും കാണിച്ചില്ലായിരുന്നു. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഒരു കുഞ്ഞും വെറുതെ കരയില്ല. കരച്ചിൽ കുഞ്ഞുങ്ങൾക്ക് ദൈവം കൊടുത്ത ജന്മസിദ്ധമായ കഴിവ് ആണ്. അവരുടെ പ്രശ്നങ്ങൾ ഒരു കരച്ചിലിലൂടെ അമ്മയെ അറീക്കുന്നതാണ്. ചിലപ്പോൾ വയറു വേദന കൊണ്ടാവാം. ചെവി വേദന കൊണ്ടാവാം. നിങ്ങൾ കുടിക്കുന്ന നാടൻ മരുന്നുകൾ, നിങ്ങളുടെ ഭക്ഷണ രീതി, ഇതൊക്കെ കുട്ടിക്ക് ചിലപ്പോൾ അസ്വസ്ഥത ഉണ്ടാക്കാം. ചിലപ്പോൾ വിശന്നിട്ടാവാം. ഒരു കുഞ്ഞു കരച്ചിൽ പോലും വെറുതെ തള്ളി കളയരുത്. ഡോക്ടറെ കാണിക്കുക. ഒന്നിൽ കൂടുതൽ ഡോക്ടറിനെ കാണിക്കുക.
സുഖമായി പ്രസവിച്ചു കിടക്കുക എന്നത് ഓരോ പെണ്ണിന്റെയും സ്വപ്‌നം ആണ്. അത് കിട്ടിയവർ ഭാഗ്യവതി ആണ്. കുഞ്ഞിന് പോരായ്മകൾ കൊണ്ട് പ്രയാസപ്പെടുന്നവരും ചിന്തിക്കുക ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരെ കുറിച്ച്. വയറ്റിലെ ജീവന്റെ അനക്കം അറിയാൻ കൊതിക്കുന്നവരെ കുറിച്ച്. ഒരു കുഞ്ഞിനെ സ്വപ്നം കണ്ട് ചികിത്സയും നടത്തി ജീവിക്കുന്ന സ്ത്രീകളും നിരാശർ ആകരുത്. ദൈവം നിങ്ങൾക്ക് കാത്ത് വെച്ചത് ഈ ജീവിതം ആവാം. ക്ഷമയോടെ പ്രാർഥിക്കുക, ദൈവം കനിഞ്ഞു നൽകാതിരിക്കില്ല. അമ്മമാരുടെ ജീവിതത്തിൽ കുഞ്ഞുങ്ങൾ എങ്ങനെയൊക്കെയാണ് അടയാളങ്ങൾ തീർത്തിരിക്കുന്നത്. തുടക്കങ്ങളിൽ, തുടർച്ചകളിൽ അവരങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നു. നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. കൂടുതൽ കൂടുതൽ തിരിച്ചറിവുകൾ തീർത്തു കൊണ്ടിരിക്കുന്നു. ഒടുക്കങ്ങളില്ലാതെ!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.