ആത്മവിശ്വാസം ഇന്ധനമായി; ജീന റെക്കോഡിലേക്ക് കുതിച്ചു
text_fieldsബംഗളുരു: മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ ഈ മലയാളി പെൺകുട്ടിയെ തോൽപിക്കാൻ മറ്റൊന്നിനുമാകില്ല. അല്ലെങ്കിൽ നോക്കൂ, ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ട് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പാത ബൈക്കിൽ ഒറ്റക്ക് ആറു ദിവസംകൊണ്ടാണ് അവൾ താണ്ടിയത്. തൃശൂർ ചാലക്കുടി സ്വദേശിയായ ജീന മരിയ തോമസാണ് (29) ആത്മവിശ്വാസം ഇന്ധനമാക്കി 6,000 കിലോമീറ്റർ പിന്നിട്ടത്.
ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ വൻ നഗരങ്ങളെയും 12 സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതും ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയുമാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയംകൊണ്ട് ഒരു വനിത ഈ റൈഡ് പൂർത്തിയാക്കുന്നത്.
ലോക വനിതദിനമായ മാർച്ച് എട്ടിന് ബംഗളൂരുവിൽ നിന്നാണ് ജീനയുടെ സോളോ ട്രിപ് ആരംഭിച്ചത്. വനിതകൾക്ക് പ്രചോദനം നൽകുന്നതിനൊപ്പം വിഷാദരോഗമെന്ന വെല്ലുവിളി നേരിടുന്ന യുവജനങ്ങൾക്ക് കരുത്തുപകരണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു.
കുട്ടിക്കാലം മുതലേ യാത്രകളും ഇരുചക്രവാഹനങ്ങളും ജീനയുടെ ഹരമാണ്. ജേണലിസം പഠനം കഴിഞ്ഞ് ആകാശവാണിയിൽ റേഡിയോ ജോക്കി ആയപ്പോഴും യാത്ര ആവേശമായി കൂടെയുണ്ടായിരുന്നു. കോവിഡ് വന്നതോടെ ജോലിയും യാത്രയും മുടങ്ങി. വിവാഹം കഴിഞ്ഞ് ഭർത്താവി
നൊപ്പം സ്വീഡനിലേക്ക് താമസം മാറി. യാത്രകളെയും നാടിനെയും കൂട്ടുകാരെയും മിസ് ചെയ്യാൻ ആരംഭിച്ചതോടെ വിഷാദരോഗം പതിയെ തലനീട്ടി. ഇതിനെ മറികടക്കാൻ കൂടിയാണ് റൈഡിങ്ങിൽ വീണ്ടും സജീവമായത്. 2018ൽ അമേരിക്കൻ റൈഡേഴ്സ് അസോസിയേഷന്റെ ചലഞ്ച് ഏറ്റെടുത്ത് റെക്കോഡിട്ടത് ആത്മവിശ്വാസമായി.
എല്ലാത്തിനും ജീവിതപങ്കാളിയായ ഫ്രെഡി ഒപ്പംനിന്നു. അങ്ങനെയാണ് പുതിയ നേട്ടവും സ്വന്തമാക്കുന്നത്. റൈഡ് അനുഭവങ്ങൾ പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് ജീന. ജീവിത യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുതന്നെ വിഷാദരോഗത്തോട് പൊരുതാനാകും. സ്വന്തത്തിലുള്ള വിശ്വാസമുണ്ടെങ്കിൽ വിജയം കൂടെവരുമെന്നും പുതിയ ചലഞ്ച് തന്നെ പഠിപ്പിച്ചെന്ന് ജീന പറയുന്നു.
ഇത്രയും ദൈർഘ്യമേറിയ റൈഡ് ഒരു സ്ത്രീയായതിനാൽ കഴിയില്ലെന്നു പറഞ്ഞ് പലരും പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു. ചിലർ സുരക്ഷയോർത്ത് സ്നേഹത്തോടെ ഉപദേശിച്ചു. എന്നാൽ, സുരക്ഷിതമായി തന്നെ റൈഡ് പൂർത്തിയാക്കുമെന്ന് ഉറപ്പിച്ചാണ് അവൾ ബൈക്ക് സ്റ്റാർട്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.