ഒറ്റ ഉടലിൽനിന്നവർ രണ്ടായി, ഇനി മവദ്ദക്കും റഹ്മക്കും വേറിട്ട ജീവിതം
text_fieldsജിദ്ദ: ഒറ്റ ഉടലിൽനിന്നവർ വേറിട്ടു. മവദ്ദയും റഹ്മയും ഇനി വെവ്വേറെ ജീവിക്കും, കൂടെപിറപ്പുകളായി തന്നെ. വ്യാഴാഴ്ച റിയാദിൽ യമനി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ നടത്തിയ ശസ്ത്രക്രിയ വിജയകരമായി.
ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന്‍റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടു. അനസ്തേഷ്യ, ഒരുക്കങ്ങൾ, വേർപ്പെടുത്തൽ പ്രക്രിയ ആരംഭിക്കൽ, കരളിന്‍റെയും കുടലിന്‍റെയും വേർപെടുത്തൽ, അവയവങ്ങൾ പുനഃസ്ഥാപിക്കൽ, കവർ ചെയ്യൽ എന്നിങ്ങനെ ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്.
ഡോക്ടർമാരും സ്പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സുമാരുമടക്കം 28 പേർ ശസ്ത്രക്രിയയിൽ പങ്കാളികളായി. നെഞ്ചിന് താഴ്ഭാഗവും വയറും കൂടിച്ചേർന്ന നിലയിലാണ് യമനി സയാമീസുകളായ മവദ്ദയും റഹ്മയും. സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് ഒരു മാസം മുമ്പാണ് ഏദനിൽനിന്ന് ഇവരെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്.
മവദ്ദ, റഹ്മ എന്നീ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂർത്തിയായതോടെ സയാമീസുകളെ വേർപ്പെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക് കീഴിൽ നടന്ന ശസ്ത്രക്രിയകളുടെ എണ്ണം 52 ആയി. മൂന്ന് ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 124ലധികം ഇരട്ടകൾ ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.