സാറ വെറുമൊരു ബ്രാൻഡല്ല, ഉയിർത്തെഴുന്നേൽപിന്റെ പേരാണ്
text_fieldsകോട്ടയം: കണ്ടു കൊതിതീരും മുമ്പേ നല്ലപാതി യാത്രയായപ്പോൾ, നീണ്ടുകിടക്കുന്ന ജീവിതപ്പാതക്കു മുന്നിൽ രണ്ടു മക്കളുമായി പകച്ചുനിൽക്കുകയായിരുന്നു സെറീന ഹാരിസ്. ഭർത്താവിന്റെ വിയോഗശേഷം 70ാം ദിവസം മുതൽ ഉപജീവനത്തിനായുള്ള ഓട്ടമായിരുന്നു. ഇപ്പോൾ ജീവിതത്തെ നോക്കി ചിരിക്കാനും ആ ചിരിയിലൂടെ മറ്റുള്ളവർക്ക് പ്രചോദനമാവാനും പ്രാപ്തയായിരിക്കുന്നു കസ്റ്റമർ കെയറിൽ തുടങ്ങി സെലിബ്രിറ്റി മേക്കപ്പ് സ്റ്റുഡിയോ വരെ എത്തിനിൽക്കുന്ന സെറീന. കോഫി വെൻഡിങ് മെഷീൻ ഡീലർ, കസ്റ്റമർ കെയർ മാനേജർ, പേപ്പർ ബാഗ് നിർമാണം, ഇൻഷുറൻസ് ഏജന്റ്, ഡ്രൈവർ, ഓൺലൈൻ ബൂട്ടിക്ക്, ഡയറക്ട് സെല്ലിങ് കമ്പനിയിൽ വിതരണ ഏജൻസി തുടങ്ങി ചെയ്യാത്ത ജോലികളില്ല. നൂറുരൂപ വരുമാനം കിട്ടുന്ന മാന്യമായ ഏതു ജോലിയും ചെയ്യുമെന്ന ആത്മവിശ്വാസമാണ് സങ്കടകാലത്ത് സെറീനക്ക് കൂട്ടായത്.
ഏഴുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഹാരിസ് അഹമദുമായുള്ള വിവാഹം. ഹൃദയാഘാതത്തെതുടർന്ന് ഏഴുവർഷം മുമ്പ് അദ്ദേഹം പോയപ്പോൾ അഞ്ചുപൈസ പോലും സമ്പാദ്യം ഉണ്ടായിരുന്നില്ല. സ്വന്തമായി വീടില്ല. എന്തുചെയ്യണമെന്നറിയാതെ ഇടറിനിന്ന നാളുകൾ. പൂജ്യത്തിൽനിന്നായിരുന്നു തുടക്കം. സുഹൃത്തിന്റെ സഹായത്തോടെ ഭർത്താവ് മരിച്ച് 70ാം ദിവസം വിദേശത്ത് ജോലിക്ക് പോയി. സാമ്പത്തിക പ്രതിസന്ധി വന്നതോടെ നാട്ടിലേക്ക് മടങ്ങി. കോവിഡ് കാലത്ത് സാറ ക്ലൗഡ് കിച്ചൻ എന്ന പേരിൽ ഭക്ഷണം തയാറാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തു. തികച്ച് നാലുപേർക്ക് ബിരിയാണി ഉണ്ടാക്കി നൽകി ശീലമില്ലാത്ത സെറീന 150 പേർക്കുവരെ രുചിപകർന്നു. കോവിഡ് കാലം കഴിഞ്ഞതോടെ ആ സംരംഭം നിലച്ചു. പല ജോലികൾ ചെയ്തു. ഇടക്ക് ഗ്രൂപ് ഡെപ്പോസിറ്റ് സ്കീമിൽ കൈവെച്ചു. ഇതിനിടെ കാഞ്ഞിരപ്പള്ളിയിൽ സ്ഥലം വാങ്ങി വീടുപണിതു. പട്ടണം റഷീദിന്റെ അക്കാദമിയിൽ കോസ്മറ്റോളജി പഠിച്ചിറങ്ങിയതോടെ സെലിബ്രിറ്റി മേക്കപ്പിന് അവസരം ലഭിച്ചുതുടങ്ങി. അങ്ങനെ വീടിന്റെ മുകൾനിലയിൽ സാറ ആർടിസ്ട്രി എന്ന പേരിൽ മേക്കപ്പ് സ്റ്റുഡിയോ തയാറായി. ഇപ്പോൾ തന്റെ വരുമാനംകൊണ്ട് മക്കളെ പഠിപ്പിക്കാനും വായ്പ മുടങ്ങാതെ തിരിച്ചടക്കാനും കഴിയുന്നുണ്ട്. എൻജിനീയറിങ് വിദ്യാർഥി സിയാൻ അഹമദ്, പ്ലസ് വൺ വിദ്യാർഥി സമാൻ അഹമദ് എന്നിവർ മക്കളാണ്. ഭർത്താവിന്റെ അഭാവത്തിൽ ചെയ്തുതീർത്ത കടമകൾ സെറീനക്ക് അഭിമാനവും സംതൃപ്തിയും നൽകുന്നു. സാറ ക്ലൗഡ് കിച്ചൻ, സാറ ഡിസൈൻസ്, സാറ കഫെ, സാറ ആർടിസ്ട്രി എന്നിവയൊന്നിച്ച ‘സാറ കോൺസെപ്റ്റ്’ എന്ന ബ്രാൻഡാണ് സെറീനയുടെ ലക്ഷ്യം. സങ്കടപ്പെട്ടിരിക്കാതെ ആകാശത്തോളം സ്വപ്നം കാണാനും അപ്പോഴേ കുന്നോളമെങ്കിലും കിട്ടൂ എന്നുമാണ് തന്നെപ്പോലുള്ളവരോട് സെറീനക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.