മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴ് വയസ്സുകാരിക്ക് പുനർജന്മം
text_fieldsഅമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴ് വയസ്സുകാരിക്ക് പുനർജന്മം. ഓച്ചിറ കാപ്പിൽ വിഷ്ണു ഭവനിൽ ആന്റണി വിദ്യ ദമ്പതികളുടെ മകൾ ആത്മീയ ആന്റണിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവിതം തിരികെ ലഭിച്ചത്.
ഹൃദയഭിത്തിയുടെ ജനിതക തകരാറ് മൂലം ശ്വാസകോശത്തിൽ ഗുരുതര അസുഖം ബാധിച്ച കുട്ടിക്ക് കടുത്ത ശ്വാസതടസ്സമനുഭവപ്പെട്ടിരുന്നു. തുടർന്നാണ് രക്ഷാകർത്താക്കൾ കുട്ടിയുമായി മെഡിക്കൽ കോളേജിലെത്തിയത്.
പരിശോധനയിൽ കുട്ടിക്ക് ശ്വാസകോശത്തിൽ അണുബാധയും ഇത് ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തി. പിന്നീട് കാർഡിയോ തൊറാസിക് വിഭാഗത്തിൽ വകുപ്പ് മേധാവി പ്രഫ: ഡോ: രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാല് മണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയ നടത്തി.
ഹൃദയത്തിന്റെ പുറത്ത് ആവരണം വെച്ചാണ് രക്തക്കുഴലുകളുടെ തകരാറ് പരിഹരിച്ചത്. ആരോഗ്യ ഇൻഷുറൻസ് കാർഡില്ലാതിരുന്ന ഈ കുടുംബത്തിന് സൂപ്രണ്ടിന്റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ പദ്ധതിയിലുൾപ്പെടുത്തി ചികിത്സ ആനുകൂല്യവും ലഭ്യമാക്കി.
സ്വകാര്യ ആശുപത്രികളിൽ 4 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ഒരു രൂപ പോലും ചെലവ് വന്നില്ല. ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ ഇതാദ്യമായാണ് ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ കുട്ടികളിൽ വിജയകരമായി നടത്തുന്നത്.
തന്റെ മകളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും പിതാവ് ആന്റണി പറഞ്ഞു. അസോസിയേറ്റ് പ്രഫസർമാരായ ഡോ: ബിജു.കെ.ടി, ഡോ: ആനന്ദക്കുട്ടൻ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ: ഹരികൃഷ്ണൻ, ഡോ: വിമൽ, ഡോ: മാത്യു, പെർഫ്യൂഷൻ ബിജു.പി.കെ, നഴ്സുമാരായ രാജി, അനീഷ, അഞ്ജു, ഹസീന, നഴ്സിങ് അസിസ്റ്റന്റ് രതീഷ് എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.