ഷാഹിന നിറവേറ്റി, കല്യാണിയമ്മയുടെ ഒസ്യത്ത്
text_fieldsഏകമകൾ കല്യാണത്തലേന്ന് പാമ്പുകടിയേറ്റ് മരിച്ച വ്യഥയിൽനിന്ന് കല്യാണിയമ്മ ജീവിതം തിരിച്ചുപിടിച്ചത് ഷാഹിനയുടെ ബലത്തിൽ. കല്യാണിയമ്മ കഴിഞ്ഞ ദിവസം ഓർമയായപ്പോൾ അവരുടെ ഒസ്യത്ത് സഫലീകരിക്കുകയാണ് ഉടുമ്പുന്തല മൊത്തക്കടവിലെ തലയില്ലത്ത് ഷാഹിന.
ഭർത്താവിെൻറയും മകളുടെയും വിയോഗശേഷം തീർത്തും ഒറ്റപ്പെട്ട കല്യാണിയമ്മക്ക് ഷാഹിനയായിരുന്നു എല്ലാം. മാനവികതയുടെ അപൂർവമായ മേളനമായിരുന്നു ഇവരുടെ സ്നേഹബന്ധം. പ്രദേശത്തെ വീടുകളിൽ ചില്ലറ കൂലിവേല ചെയ്താണ് കല്യാണിയമ്മ കഴിഞ്ഞുകൂടിയത്. ഇവിടത്തുകാർക്ക് എന്തിനുമേതിനും കല്യാണിയമ്മ വേണം. മകളുടെ വിവാഹത്തിനുവേണ്ടി വാങ്ങിയ സ്വർണാഭരണങ്ങൾ ഷാഹിനയെ ഏൽപ്പിക്കാൻ അമ്മ ആഗ്രഹിച്ചിരുന്നു. ഷാഹിന ഇത് സ്നേഹപൂർവം നിരസിച്ചു.
വയ്യാതായപ്പോൾ വീട്ടിൽ തനിച്ചായ അമ്മയെ ഷാഹിന പകൽനേരത്ത് വീട്ടിലേക്ക് കൂട്ടും. കല്യാണിയമ്മയുടെ ഏകാന്തതകളിൽ ഷാഹിന അവർക്ക് നഷ്ടപ്പെട്ട മകൾ ലക്ഷ്മിയായി. ഷാഹിനയുടെ 'സിയാദ്' കുടുംബശ്രീ അയൽക്കൂട്ടത്തിൽ കല്യാണിയമ്മയും ഭാഗമായി. വിവിധ ഘട്ടങ്ങളിലായി ഒന്നേകാൽ ലക്ഷത്തിലേറെ രൂപയും ഒരു സ്വർണമാലയും അമ്മ ഷാഹിനയെ ഏൽപ്പിക്കുകയുണ്ടായി.
സമ്പാദ്യം തെൻറ കാലശേഷം ഒളവറ മുണ്ട്യക്കാവിൽ ഏൽപ്പിക്കാൻ കല്യാണിയമ്മ ഷാഹിനയെ ശട്ടം കെട്ടിയിരുന്നു. അവസാന നാളുകളിൽ രോഗിയായ സമയത്ത് അമ്മക്ക് ഷാഹിനയുടെ മാതാവ് അസ്മയും ആശുപത്രിയിലേക്ക് കൂട്ടുപോയി. ഇതിനിടയിൽ ഷാഹിന ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് അവരുടെ ജാഗ്രതയും നിരീക്ഷണവും ഉറപ്പുവരുത്തി. നേരിട്ടുള്ള പരിചരണം ആവശ്യമായ അവസാന നാളുകളിൽ ബന്ധു ബിജുവും ഭാര്യയും എത്തിയത് വലിയ ആശ്വാസമായി.
അമ്മയുടെ ചികിത്സാച്ചെലവുകൾ ഉൾെപ്പടെ അവരുടെ സമ്പാദ്യത്തിൽ നിന്നുതന്നെ ചെലവഴിച്ചു. കല്യാണിയമ്മയുടെ മരണശേഷം ഷാഹിന വിവരം നൽകിയതനുസരിച്ച് ഉടുമ്പുന്തല മുസ്‌ലിം ജമാഅത്ത് കമ്മറ്റി ഭാരവാഹികൾ മുഖാന്തരം ഒളവറ മുണ്ട്യയിൽ എത്തി തുകയും സ്വർണവും കൈമാറി.
പരേതയുടെ കുടുംബാംഗങ്ങളും കമ്മിറ്റി ഭാരവാഹികളും അയൽക്കൂട്ടം ഭാരവാഹികളും സാക്ഷിയായി. ഉമ്മാമയുടെ തലമുറയിൽ ആരംഭിച്ച് ഷാഹിനക്ക് ഓർമവെച്ച നാൾ മുതൽ കൈവന്ന സ്നേഹസൗഹൃദങ്ങളുടെ ബാന്ധവത്തിന് നാലുപതിറ്റാണ്ടിെൻറ ഊടും പാവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.