പ്രകൃതി കീറിയെറിഞ്ഞ ജീവിതം; ഓരോ ഇഴകളും തുന്നിക്കൂട്ടുകയാണ് ഷമീറത്ത്
text_fieldsഷമീറത്ത് തന്റെ സ്ഥാപനത്തിൽ ജോലിയിൽ
മേപ്പാടി: ജീവിതത്തിൽ നേടിയതെല്ലാം ഉരുൾദുരന്തത്തിൽ നശിച്ചെങ്കിലും പഠിച്ച കൈത്തൊഴിൽ നൽകുന്ന ആത്മവിശ്വാസത്തിൽ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ചൂരൽമല സ്വദേശിനി കൈപ്പുള്ളി വീട്ടിൽ ഷമീറത്ത് ഷംസുദ്ദീൻ എന്ന 45കാരി. താമസിച്ചിരുന്ന ചൂരൽമല ഹൈസ്കൂൾ റോഡിലെ വീടും അഞ്ച് സെന്റ് സ്ഥലവും ടൗണിനോട് ചേർന്ന തയ്യൽക്കട, സ്റ്റേഷനറി, ഫാൻസി കട എല്ലാം ദുരന്തത്തിൽ നഷ്ടപ്പെട്ടു. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗശൂന്യമായതിനൊപ്പം മുണ്ടക്കൈയിലുണ്ടായിരുന്ന 25 സെന്റ് കൃഷിഭൂമിയും നഷ്ടമായി. ഭർത്താവ് ഷംസുദ്ദീൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷക്കും കേടുപാടുകൾ സംഭവിച്ചു. ദുരന്തത്തെതുടർന്ന് മേപ്പാടിയിൽ വാടക വീട്ടിലാണിപ്പോൾ താമസം.
എല്ലാം നഷ്ടപ്പെട്ടു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അൽപം സമയമെടുത്തു. പിന്നീടങ്ങോട്ട് ധൈര്യം സംഭരിച്ച് ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമമായിരുന്നു. പഠിച്ച കൈത്തൊഴിലുണ്ട്; തയ്യൽ. അതിനെ അടിത്തറയാക്കി ഒരു സ്ഥാപനം തുടങ്ങാനുള്ള ശ്രമമായി. പീപ്ൾസ് ഫൗണ്ടേഷൻപോലുള്ള ചില സന്നദ്ധ സംഘടനകളുടെ ചെറിയ സാമ്പത്തിക സഹായം ലഭിച്ചതുകൊണ്ട് മൂപ്പൈനാട് ജങ്ഷനിൽ ഒരു മുറി വാടകക്കെടുത്തു. എം.എസ്. മുബാറക് ചൂരൽമല -ലേഡീസ് ടൈലറിങ് ആൻഡ് റെഡിമെയ്ഡ്സ് എന്ന സ്ഥാപനം തുടങ്ങി.
ചുരിദാർ, ബ്ലൗസ്, പാവാട, ഗൗൺ, നൈറ്റികൾ, കുട്ടികളുടെ യൂനിഫോം, കുട്ടി ഉടുപ്പുകൾ മുതലായവ തയ്ച്ചുകൊടുക്കുന്ന ജോലി ചെയ്യുകയാണിപ്പോൾ. തുടക്കമായതുകൊണ്ടുള്ള ബാലാരിഷ്ടതകളുണ്ട് എങ്കിലും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കൈമുതലായുണ്ടെന്ന് ഷമീറത്ത് പറയുന്നു. കേടുപാടുകൾ സംഭവിച്ച ഓട്ടോ നന്നാക്കി ഓടിക്കുകയാണ് ഷംസുദ്ദീൻ. രണ്ടു മക്കളാണുള്ളത് ഇവർക്ക്. ഒരു മകളും മകനും. മകളെ വിവാഹം കഴിച്ചയച്ചു. മകൻ 21 വയസ്സുള്ള മുഹമ്മദ് ഷാമിൽ ഡ്രൈവിങ് പഠിച്ചിട്ടുണ്ട്. അവന് ഒരു സ്ഥിരം ജോലി വേണം. സ്കൂളുകളുടെ യൂനിഫോമിനുള്ള ഓർഡറുകളൊക്കെ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവർ. പ്രകൃതി തോൽപിക്കാൻ ശ്രമിച്ചെങ്കിലും തോൽക്കില്ലെന്ന് വാശിയുള്ള പെൺകരുത്തിന്റെ പ്രതീകമെന്നോണം ഷമീറത്ത് അതിജീവനത്തിനുള്ള തിരക്കിലാണ്. കൂടെയുള്ളത് സംരംഭം വിപുലപ്പെടുമെന്ന പ്രതീക്ഷയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.