ഷാനിമയുടെ ഡിജിറ്റൽ വരകൾ
text_fieldsഡിജിറ്റല്‍ പെയിന്റിങില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി നാലകത്ത് നസീര്‍ ശാഹിദ ദമ്പതികളുടെ മകള്‍ ഷാനിമ. ചിത്രകലയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം ആധുനിക സംവിധാനങ്ങളുടെ സഹായത്താല്‍ മികവുറ്റതാക്കുകയാണ് ഈ യുവതി. തന്റെ സ്വന്തം ഐ പാഡില്‍ ഡിജിറ്റല്‍ പെന്നും ബ്രഷും ഉപയോഗിച്ച് ചായം ചേർത്ത് മനസ്സിലെ മനോഹരമായ സങ്കല്‍പ്പങ്ങള്‍ സ്ക്രീനിലേക്ക് പകര്‍ത്തുകയാണ് രീതി.
നൂറുകണക്കിന് ചിത്രങ്ങൾ ഇതിനോടകം പൂര്‍ത്തീകരിച്ചു. ഡിജിറ്റല്‍ പെയിന്റിങിനു മികവേകുന്ന തരത്തില്‍ സഹായകരമായ നിരവധി സോഫ്റ്റ്വെയറുകള് ഇന്ന് ലഭ്യമാണ്. പ്രഗല്ഭരായ പലരുടെയും ചിത്രങ്ങള്‍ അവര്‍ തന്നെ തങ്ങളുടെ സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യുന്നത് കാണുമ്പോള്‍ മനസിന് ഏറെ ആനന്ദം നല്‍കുന്നതായി ഈ ചിത്രകാരി വിവരിക്കുന്നു.
തന്റെ virtualimpression എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്ക് വെക്കുന്ന ഡിജിറ്റല്‍ പെയിന്റിങുകള്‍ക്ക് പതിനാലായിരത്തിലേറെ പേരാണ് ആസ്വാദകരായി എത്തുന്നത്. സ്ത്രീ ശാക്തീകരണത്തിന് പ്രചോദനമായവരും തന്റെ ജീവിത വഴിയില്‍ കൈത്താങ്ങായവരും അതോടൊപ്പം പ്രമുഖരുമായവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ഒരുക്കുന്നത്.
ഡിജിറ്റല്‍ സാങ്കേതിക സാധ്യത ഉപയോഗിച്ച് ഒരുക്കിയ ആയത്തുല്‍ ഖുര്‍സിയുടെ ആവിഷ്കാരത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ മേഖലയിലെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനോടൊപ്പം പുതു തലമുറയെ ഡിജിറ്റല്‍ പെയിന്റിങ് എന്ന കലാ രൂപത്തെ പരമാവധി പരിചയപ്പെടുത്താനും തന്നാല്‍ കഴിയുന്നത്ര പരിശ്രമിക്കാനാണ് തീരുമാനം.
നാട്ടിലെ പഠന കാലയളവില്‍ ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ദുബൈയിലെ ഓറഞ്ച് റൂം ഡി.എം.സി.സി എന്ന കമ്പനിയിൽ ക്രിയേറ്റീവ് എക്സിക്യുട്ടീവായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍. ഡിജിറ്റല്‍ പെയിന്റിങില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഷാനിമ. അകമഴിഞ്ഞ പിന്തുണയുമായി ഭര്‍ത്താവ് അബ്ദുല്ല കൂടെയുണ്ട്. ഇഹാൻ അബ്ദുല്ലയാണ് ഏക മകന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.