പെൺ കരുത്തിന്റെ ശാന്തിനി വിജയം
text_fieldsനിശ്ചയദാർഡ്യം കൊണ്ടുമാത്രം സ്വന്തം ബിസിനസ് സ്ഥാപനം പടുത്തുയർത്തി വിജയം വരിച്ച കഥയാണ് ബഹ്റൈനിൽ ആർ സ്ക്വയർ ടെക്നോളജീസ് എന്ന ഐ.ടി സ്ഥാപനം നടത്തുന്ന ശാന്തിനി റഹ്മത്തുല്ലയുടേത്. ഒരുപക്ഷേ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന ബൃഹദ് സ്ഥാപനത്തിന്റെ തലപ്പത്തുള്ള ബഹ്റൈനിലെ ഏക വനിതയും ശാന്തിനിയായിരിക്കാം. ഐ.ടി മേഖലയിൽ കൈവരിച്ച നേട്ടം ലോകം അംഗീകരിച്ചതിന്റെ തെളിവാണ് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വനിത വിവരസാങ്കേതിക വിദഗ്ധരുടെ സംഘടനയായ വിമൻ ഇൻ ടെക് ഗ്ലോബൽ മൂവ്മെന്റിന്റെ ബഹ്റൈനിൽനിന്നുള്ള പ്രതിനിധിയായി ശാന്തിനിയെ തെരഞ്ഞെടുത്തത്.
ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സിലടക്കം അംഗമായ ശാന്തിനിയുടെ സേവനങ്ങളെ ബഹ്റൈൻ ഭരണകൂടം അംഗീകരിക്കുകയും നിരവധി പുരസ്കാരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഹമദ് രാജാവ് 2014ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അനുഗമിച്ച ബഹ്റൈൻ സംഘത്തിലും ശാന്തിനിയുണ്ടായിരുന്നു. ബഹ്റൈൻ വാണിജ്യമന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിലെ ഏകവനിത അംഗമായി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇതൊക്കെ തന്റെ പ്രയത്നങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്ന് ശാന്തിനി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഠിനാധ്വാനംകൊണ്ടുമാത്രമാണ് തമിഴ്നാട്ടിലെ സേലത്തുള്ള ഇടത്തരം കുടുംബത്തിലംഗമായ ശാന്തിനിക്ക് സ്വന്തം ഐ.ടി സാമ്രാജ്യം കെട്ടിപ്പടുക്കാൻ സാധിച്ചത്. ആർ.ടി.ഒ ആയിരുന്ന പിതാവിന്റെ നാലു പെൺമക്കളിലൊരുവളായാണ് ജനനം. പിതാവ് മരിച്ചതോടെ കുടുംബം പുലർത്താൻ അമ്മ ബിൽഡിങ് കോൺട്രാക്ടറായി. അമ്മയാണ് സംരംഭക എന്ന നിലയിലുള്ള തന്റെ മാർഗദർശിയെന്ന് ശാന്തിനി പറയുന്നു.
വൈഷ്ണവ കോളജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് രാജാ റഹ്മത്തുല്ലയെ പരിചയപ്പെടുന്നത്. ഐ.ടി ഫീൽഡിലുള്ള രണ്ടുപേരുടെയും താൽപര്യം പ്രണയത്തിലെത്തി. കുറെക്കാലം തമിഴ്നാട്ടിൽ കോളജ് അധ്യാപികയായും ശാന്തിനി പ്രവർത്തിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷം ഭർത്താവിനൊപ്പം ബഹ്റൈനിലെത്തി. അധികം താമസിയാതെ സ്വന്തമായി ഐ.ടി കമ്പനി തുടങ്ങി. അന്ന് എളിയനിലയിൽ തുടങ്ങിയ സ്ഥാപനം ഇന്ന് ബൃഹത് സ്ഥാപനമായി വളർന്നു. ഇന്ത്യക്കാരടക്കം നിരവധിപേർ ജോലി ചെയ്യുന്നു.
ബഹ്റൈനിലെ വ്യാവസായികാന്തരീക്ഷം മികച്ചതാണെന്ന് ശാന്തിനി സാക്ഷ്യപ്പെടുത്തുന്നു. ഐ.ടി രംഗത്ത് ഇന്ത്യയും ബഹ്റൈനുമായുള്ള സഹകരണത്തിലൂടെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാനും സാധിക്കുന്നുണ്ട്. ബഹ്റൈനികളടക്കം ശാന്തിനിയുടെ സ്ഥാപനത്തിൽനിന്ന് സാങ്കേതികവിദ്യ സ്വായത്തമാക്കുന്നു. സ്ത്രീകൾ സാമ്പത്തികമായി സ്വയംപര്യാപ്തരായാൽ മാത്രമേ സ്ത്രീശാക്തീകരണം സംഭവിക്കുകയുള്ളൂ എന്നാണ് വനിതദിന സന്ദേശമായി ശാന്തിനിക്ക് പറയാനുള്ളത്.
കുടുംബത്തിൽ നിരവധി ജോലികൾ ഒരുമിച്ച് ചെയ്യുന്ന സ്ത്രീകൾക്ക്, എല്ലാ മേഖലയിലും തിളങ്ങാൻ സാധിക്കുമെന്നും ശാന്തിനി ചൂണ്ടിക്കാട്ടുന്നു. ഭർത്താവ് രാജ റഹ്മത്തുല്ല ബഹ്റൈനിലെ മുൻനിര ടെലികോം കമ്പനിയായ ബാറ്റൽകോയിൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ആൻഡ് ഓപറേഷൻ മാനേജറാണ്. യു.എസിൽ ജോലിചെയ്യുന്ന റോഷ്നിയും വിദ്യാർഥിയായ റോഷനുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.