കുടുംബശ്രീക്കൊപ്പം ജീവിതം ‘രുചിച്ച്’ ശരീഫയുടെ കൈപ്പുണ്യം
text_fieldsമലപ്പുറം: കഷ്ടപ്പാടിന്റെ കഥകളിൽനിന്ന് അതിജീവനത്തിന്റെ കവിതകൾ രചിച്ച നിരവധിപേരെ നമുക്ക് ചുറ്റും കാണാം. നിരവധി കുടുംബങ്ങളിൽ പുഞ്ചിരി നിറഞ്ഞ സന്തോഷങ്ങൾ സമ്മാനിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു മാതൃകയാണ് മലപ്പുറം സ്പിന്നിങ് മിൽ സ്വദേശി ശരീഫ കളത്തിങ്ങലിന്റെ സംരംഭക ജീവിതവും. ദാരിദ്ര്യംകൊണ്ട് പ്രയാസപ്പെട്ട് ജീവിച്ചിരുന്ന കാലത്ത് നിശ്ചയദാർഢ്യത്തിൽനിന്ന് തുടങ്ങിയ കൊച്ചു സംരംഭം കുടുംബശ്രീയുടെ കൈത്താങ്ങോടെ വികസിച്ച് ജീവിതയാത്ര സുഗമമാക്കിയ വനിതയാണ് ശരീഫ.
13 വർഷംമുമ്പ് വീട്ടിൽ ചോറ് വെക്കാൻ അരിയില്ലാത്ത സാഹചര്യം വന്നപ്പോൾ കുറച്ച് ഉണ്ണിയപ്പം ഉണ്ടാക്കി അടുത്തുള്ള കടയിൽ നൽകി പണം വാങ്ങി അരി വാങ്ങിയ അനുഭവം അവർ ഓർത്തെടുത്തു. ഭർത്താവിന് ദിവസക്കൂലിയായി ലഭിക്കുന്ന ചെറിയ വരുമാനത്തിൽ ജീവിതം ദുസ്സഹമായി പോയ ഒരു കാലത്തെ കുറിച്ചാണ് ശരീഫ പറഞ്ഞുതുടങ്ങിയത്. ആ ഉണ്ണിയപ്പം കൈപ്പുണ്യം നിറഞ്ഞ മറ്റൊരു ജീവിത സംരംഭത്തിനുള്ള മധുര തുടക്കമായിരുന്നു.
കരുത്തായി കാറ്ററിങ് യൂനിറ്റ്
2012ൽ ശരീഫ ചെറുതായി തുടങ്ങിയ ‘മൂത്തൂസ്’ കാറ്ററിങ് സ്ഥാപനം പിന്നീട് 2017ൽ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത് ഇന്ന് മലപ്പുറത്തെ മികച്ച വരുമാനം നേടുന്ന കാറ്ററിങ് സ്ഥാപനമായി മുന്നോട്ടുപോവുകയാണ്. കുടുംബശ്രീയിൽനിന്ന് കിട്ടിയ സഹകരണവും പരിശീലനങ്ങളും ശരീഫക്ക് വലിയ ഊർജമാണ് പകർന്നുനൽകിയത്. ഭർത്താവ് ഷക്കീർ സംരംഭത്തിന് കൂട്ടായി ഒപ്പം കൂടിയപ്പോൾ നിരവധി പേർക്ക് ജീവിതവഴി തുറന്നിടുന്ന മാതൃക സ്ഥാപനമായി അതു മാറി.
വർഷങ്ങൾ പിന്നിട്ടപ്പോൾ മറ്റു ചില സംരംഭങ്ങൾകൂടി തുടങ്ങാൻ ശരീഫക്ക് സാധിച്ചു. കോട്ടക്കൽ ആയുർവേദ കോളജിലെ കുടുംബശ്രീ കാന്റീൻ, മഞ്ചേരി മെഡിക്കൽ കോളജിലേക്ക് രോഗികൾക്കുള്ള ഭക്ഷണ വിതരണം തുടങ്ങിയവയും ശരീഫയുടെ സംഘമാണ് നടത്തുന്നത്. കോവിഡ് കാലത്ത് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഇവരായിരുന്നു ഭക്ഷണം നൽകിയത്.
പത്തിലധികം പേർ ഇവരുടെ കീഴിൽ നിലവിൽ സ്ഥിരമായി ജോലി ചെയ്യുന്നുണ്ട്. വിവാഹം, സൽക്കാരം, കുടുംബ സംഗമങ്ങൾ, സമ്മേളനങ്ങൾ തുടങ്ങി എന്തു പരിപാടിക്കും ഇഷ്ടമുള്ള വിഭവങ്ങളെത്തിക്കാൻ സജീവമാണ് ശരീഫയും കൂട്ടാളികളും.
അവസരങ്ങൾ കാത്തിരിപ്പുണ്ട് -ശരീഫ കളത്തിങ്ങൽ
എല്ലാവരുടെ മുന്നിലും ഒരുപാട് അവസരങ്ങൾ കാത്തിരിപ്പുണ്ട്. കുടുംബശ്രീ വന്നതോടെ എന്നെപ്പോലെ നിരവധി സ്ത്രീകൾക്ക് ജീവിതത്തിൽ മുന്നേറാനായി. കുടുംബശ്രീയുടെ പരിശീലനങ്ങളും സാമ്പത്തിക സഹായങ്ങളും കൂട്ടായ്മയും നമ്മുടെ നാട്ടിൽ വനിതകളുടെ സംരഭക വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ സംരഭങ്ങളുടെ വിജയത്തിൽ കുടുംബശ്രീക്ക് നിർണായക പങ്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.