എക്സലൻസ് ആലിയ
text_fieldsപഠനത്തിൽ മാത്രമല്ല, ആർട്സിലും സ്പോർട്സിലും ടെക്കിലും ശാസ്ത്രത്തിലും വരയിലുമെല്ലാം മിടുമിടുക്കിയാണ് ആലിയ നുജൂം നവാസ്. പഠിക്കുന്നത് ഏഴാം ക്ലാസിലാണെങ്കിലും ഒരുപിടി നേട്ടങ്ങളുണ്ട് കൈയിൽ. കഴിഞ്ഞ ദിവസം ഷാർജ സർക്കാറിന്റെ എക്സലൻസ് അവാർഡ് സ്വന്തമാക്കിയതാണ് ഒടുവിലത്തെ നേട്ടം.
ഓട്ടവും ചാട്ടവും ഷോട്പുട്ടുമെല്ലാമായി കായിക രംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് മഹാമാരി ലോകത്തെ ഗ്രസിച്ചത്. അതോടെ ആലിയ റൂട്ട് മാറ്റി. ടെക്കിെൻറയും ശാസ്ത്രത്തിെൻറയും ഓൺലൈൻ ലോകത്താണ് പുതിയ പരീക്ഷണങ്ങൾ. ഇതിന് ലഭിച്ച അംഗീകാരം കൂടിയാണ് ഷാർജ സർക്കാറിന്റെ എക്സലൻസ് അവാർഡ്. ശൈഖ് ഹംദാൻ അവാർഡ് ജേതാവ് കൂടിയാണ് ഈ അൽ ഐൻ ജൂനിയർ സ്കൂൾ വിദ്യാർഥിനി.
മൂന്ന് വർഷത്തെ പഠനമികവും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളുമാണ് എക്സലൻസ് അവാർഡിന് പരിഗണിക്കാനുള്ള പ്രധാന യോഗ്യത. ഈ യോഗ്യതകളെല്ലാം ആവോളമുണ്ട് ആലിയക്ക്. മൂന്ന് വർഷമായി പഠനത്തിൽ 90 ശതമാനം മാർക്ക്. യു.എ.ഇയിലെ അസോസിയേഷൻ പരിപാടികളിലെ സജീവ സാന്നിധ്യം. മലയാളം- ഇംഗ്ലീഷ് പ്രസംഗം, കവിത, പദ്യം ചൊല്ലൽ തുടങ്ങിയവയിലെല്ലാം അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടി. ഹിറ്റ് എഫ്.എമിന്റെ യൂ ഫെസ്റ്റിൽ നാഷനൽ ലെവൽ ചാമ്പ്യൻ. അബൂദബി യൂനിവേഴ്സിറ്റിയുടെ 'ഇയർ ഓഫ് സായിദ്' പരിപാടിയിൽ ആർട്ട് വർക്കിൽ രണ്ടാം സ്ഥാനം.
ശൈഖ് സായിദിനെ കുറിച്ച് തയാറാക്കിയ ബുക്ക്ലെറ്റാണ് അവാർഡ് നേടികൊടുത്തത്. അമിറ്റി യൂനിവേഴ്സിറ്റി രാജ്യാന്തര തലത്തിൽ നടത്തിയ പരിപാടിയിൽ വിഡിയോ പ്രസന്റേഷൻ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. റോബോട്ടിക് ഹാൻഡ് സാനിറ്റൈസറാണ് അവതരിപ്പിച്ചത്. വീലിന്റെ സഹായത്തോടെ ചലിപ്പിക്കാവുന്ന ഉപകരണം സെൻസറിലൂടെ പ്രവർത്തിപ്പിക്കുന്നതായിരുന്നു ആശയം.
സ്പേസ് മാജിക്കയുടെ അന്താരാഷ്ട്ര പരിപാടിയിൽ ബഹിരാകാശ ലോകത്തെ കുറിച്ചുള്ള പ്രസന്റേഷനും നടത്തി. ഷാർജ എക്സലൻസ് അവാർഡിൽ കോവിഡ് കാലത്തെ ആക്ടിവിറ്റീസിനെ കുറിച്ച് ചോദ്യമുണ്ടായിരുന്നു. അവിടെ അവതരിപ്പിച്ചത് യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തെ കുറിച്ചുള്ള 'ഇംപോസിബ്ൾ ഈസ് പോസിബ്ൾ' പ്രസന്റേഷനാണ്. ഭാവിയിലും ബഹിരാകാശവുമായി ബന്ധപ്പെട്ട പഠനത്തിലേക്കും ജോലിയിലേക്കുമാണ് ആലിയയുടെ കണ്ണ്.
ദുബൈ അൾട്ടിമേറ്റ് അത്ലറ്റിക്സ് സംഘടിപ്പിച്ച കോമ്പറ്റീഷനിൽ ട്രിപ്പ്ൾ ജമ്പിലും ഹൈജമ്പിലും സമ്മാനം നേടിയിരുന്നു. ഷോട്പുട്ട് താരം കൂടിയായ ആലിയ ഓട്ടത്തിലും ചാട്ടത്തിലും മിടുമിടുക്കിയാണ്. അൽ ഐൻ ഗാർഡൻ ഹസ്ൽ വിർച്വലയി സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ചിലും ജേതാവായി. അഞ്ച് മിനിറ്റിനുള്ളിൽ കൂടുതൽ എക്സർസൈസ് ചെയ്യുന്നവരായിരുന്നു ജേതാക്കൾ. ദുബൈയിൽ ജോലി ചെയ്യുന്ന കൊല്ലം കിളിയല്ലൂർ സ്വദേശികളായ നുജൂം നവാസിന്റെയും റംസാനയുടെയും മകളാണ്. ജേഷ്ഠൻ അഫ്സൽ നാട്ടിൽ പ്ലസ് ടു വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.