മൗണ്ട് 'കെ ടു' കീഴടക്കി ശൈഖ അസ്മ
text_fieldsദോഹ: കൊടുമുടിയേറ്റം തുടർക്കഥയാക്കിയ ഖത്തറിന്‍റെ പർവതാരോഹക ശൈഖ അസ്മ ആൽഥാനി മറ്റൊരു നേട്ടത്തിന്‍റെകൂടി നെറുകയിലെത്തി. 8611 മീ. ഉയരമുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് കെ ടുവും കീഴടക്കി ശൈഖ അസ്മ.
കഴിഞ്ഞ ദിവസമാണ് കൊടുമുടിയുടെ ഉച്ചിയിൽനിന്ന് ഖത്തർ ദേശീയ പതാകയും പിടിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കുവെച്ചത്. 8000ത്തിന് മുകളിൽ ഉയരമുള്ള ലോകത്തെ ആറ് കൊടുമുടികൾ കീഴടക്കുന്ന ആദ്യ അറബ് വനിതയായി മാറി ഇവർ. പാകിസ്താനിലെ കാരകോറം മലനിരയുടെ ഭാഗമായി എവറസ്റ്റിനോട് ചേർന്ന് നിൽക്കുന്ന കെ ടു കൊടുമുടി ലോകത്തെതന്നെ ഏറ്റവും ദുഷ്കരമായ യാത്ര പാതയായാണ് വിലയിരുത്തുന്നത്.
ദുർഘട പാതകളും കടുത്ത കാലാവസ്ഥ വെല്ലുവിളികളും നേരിടുന്ന കെ ടു കീഴടക്കിയ പർവതാരോഹകരുടെ എണ്ണം 400ലും കുറവായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം യാത്രചെയ്തവരിൽ 91 പർവതാരോഹകർ ലക്ഷ്യത്തിലെത്തുംമുമ്പേ മരണപ്പെട്ടതായും സൂചിപ്പിക്കുന്നു.
''കെ ടു കൊടുമുടിയുടെ ഏറ്റവും ഉയരെ എന്‍റെ ചുവടുകൾവെച്ചു. ഏതാനും വർഷംമുമ്പ് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തൊരു സാഹസിക യാത്ര പൂർത്തിയായിരിക്കുന്നു'' -സഹ പർവതാരോഹകർക്കൊപ്പം ഖത്തർ ദേശീയപതാകയും പിടിച്ചുകൊണ്ട് ശൈഖ അസ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. വർഷങ്ങളായി കൊടുമുടികളിൽനിന്ന് കൊടുമുടികളിലേക്ക് സാഹസികയാത്ര പതിവാക്കിയ ശൈഖ അസ്മ കഴിഞ്ഞ ജൂണിലാണ് വടക്കൻ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ഡിനാലി കീഴടക്കിയത്.
മേയിൽ ലോകത്തിലെ ഏറ്റവും ഉയരെയുള്ള എവറസ്റ്റ്, ലോത്സെയും കീഴടക്കി റെക്കോഡ് കുറിച്ചശേഷമായിരുന്നു ഡിനാലി കാൽചുവട്ടിലാക്കിയത്. മേയ് അവസാനത്തിൽ 24 മണിക്കൂർ ഇടവേളയിൽ എവറസ്റ്റും ലോത്സെയും കീഴടക്കി അസ്മ വടക്കൻ അമേരിക്കയിലേക്ക് നീങ്ങിയത്.
എവറസ്റ്റ്, വിൻസൺ മാസിഫ്, സൗത് പോൾ എന്നിവ 2022ലും അകൊൻകാഗ്വേ (2019), ഉത്തര ധ്രുവം (2018), കിളിമഞ്ചാരോ (2014), മൗണ്ട് എൽബ്രസ് (2021), ഡിനാലി എന്നിവ കീഴടക്കിയ ശൈഖ അസ്മ ഇനി പുനാക് ജയ കൂടി കാൽകീഴിലാക്കുന്നതോടെ 'ഗ്രാൻഡ്സ്ലാം' നേട്ടത്തിന് ഉടമയായി മാറും.
2018ലാണ് യൂറോപ്പിലെയും മധ്യപൂർവ മേഖലയിലെയും വനിതകളുടെ സംഘത്തിനൊപ്പം ഉത്തര ധ്രുവത്തിലുമെത്തിയത്. യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടമുടിയായ മൗണ്ട് എൽബ്രസ്, നേപ്പാളിലെ മനാസ്ലു, എവറസ്റ്റിനേക്കാൾ ദുഷ്കരം എന്ന് വിശേഷിപ്പിക്കുന്ന 6812 മീ. ഉയരമുള്ള അമാ ദബ്ലാം, മൗണ്ട് ധൗലഗിരി എന്നിവയും ശൈഖ അസ്മ കീഴടക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.