യുദ്ധമുഖത്തുനിന്ന് ജീവനുമായി പ്രകീർത്തി നാടണഞ്ഞു
text_fieldsചേർത്തല: ഇസ്രായേൽ യുദ്ധമുഖത്തുനിന്ന് ജീവനുമായി പ്രകീർത്തി (32) നാടണഞ്ഞു. തൈക്കൽ അഷ്ടപതിയിൽ (നമ്പിശ്ശേരി) രാഹുലിന്റെ ഭാര്യയാണ് ശനിയാഴ്ച രാത്രി നാട്ടിലെത്തിയത്.
2019ലാണ് ജനറൽ നഴ്സിങ് പഠനം കഴിഞ്ഞ് പ്രകീർത്തി ഇസ്രായേലിൽ പോയത്. കഴിഞ്ഞ ഏഴിന് നാട്ടിലേക്കുവരാൻ വിമാന ടിക്കറ്റെടുത്ത് കാത്തിരിക്കുമ്പോഴാണ് ഏഴിന് പുലർച്ച ആദ്യ മിസൈൽ ആക്രമണമുണ്ടായത്. ഉടനെ ബങ്കറിൽ കയറാൻ അറിയിപ്പ് വന്നതായി പ്രകീർത്തി പറഞ്ഞു.
ഇതോടെ യാത്ര മുടങ്ങി. പുറത്തിറങ്ങരുതെന്ന് സർക്കാറിന്റെ നിർദേശവും വന്നു. പിന്നീടുള്ള ദിവസങ്ങൾ ഭീതിയിലായിരുന്നു. ആഹാരത്തിനുപോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. താമസിച്ചിരുന്നിടത്തുനിന്ന് ട്രെയിനിലാണ് വിമാനത്താവളത്തിൽ വന്നത്.
ഹോംകെയർ ജോലി ചെയ്തിരുന്ന പ്രകീർത്തിയുടെ സുഹൃത്തുക്കളായ കോട്ടയം, കാഞ്ഞിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ളവരും നാട്ടിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നു. കേന്ദ്രസർക്കാറിന്റെ ഓപറേഷൻ അജയ്ക്കുവേണ്ടി കാത്തുനിൽക്കാത മുക്കാൽ ലക്ഷത്തോളം രൂപ ചെലവാക്കിയാണ് അബൂദബി വഴി നാട്ടിലെത്തിയത്. ഡിസംബർ വരെ വിസയുണ്ട്. അതിനുള്ളിൽ യുദ്ധം അവസാനിച്ചാൽ തിരിച്ചുപോകണമെന്നാണ് പ്രകീർത്തി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.