സംഗീതാഭ്യസനത്തിന്റെ പുതുവഴിയിൽ ഷീബ ടീച്ചർ
text_fieldsവേറിട്ട വഴികളിലൂടെ സംഗീതം പഠിപ്പിച്ചു മുന്നേറി സംഗീതാധ്യാപിക. കോഴിക്കോട് പുതിയറയിലെ 'കലാശാല'യിൽ സംഗീതം അഭ്യസിപ്പിക്കുന്ന ഷീബ ടീച്ചറാണ് പുതുമാർഗം തിരഞ്ഞെടുത്തിരിക്കുന്നത്. 60 കഴിഞ്ഞവരാണ് ഇവരുടെ ശിഷ്യരിലധികവും എന്നതാണ് പ്രത്യേകത.
ജീവിതത്തിെൻറ നല്ല നാളുകളിൽ സംഗീതം പഠിക്കാൻ കഴിയാതെ പോയ പ്രായം ചെന്നവർക്കാണ് സംഗീതം അഭ്യസിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ നൂറിലധികം പേർ ഇവരുടെ കീഴിൽ അധ്യയനം നടത്തിവരുന്നു. ഇത്തരത്തിൽ പഠനം നടത്തുന്ന ആളുകൾ കൂടിച്ചേർന്ന് അവതരിപ്പിച്ച സംഗീത പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വീട്ടിൽവെച്ച് വയോജനങ്ങൾക്ക് പ്രതിഫലം കൂടാതെ എല്ലാ ആഴ്ചയിലും ടീച്ചർ കർണാടക സംഗീതത്തിൽ പരിശീലനം നൽകുന്നുണ്ട്. കേൾവിക്കുറവും കാഴ്ചക്കുറവും മറവിയുമുള്ള വയോജനങ്ങൾ വാർധക്യത്തിെൻറ പടവുകളിലും പ്രായത്തിെൻറ അവശതകൾ മറന്ന് ടീച്ചർ പഠിപ്പിക്കുന്ന പാഠങ്ങൾ ഹൃദിസ്ഥമാക്കുന്നു. ജീവിതത്തിെൻറ നല്ല നാൾവഴികളിൽ പഠിക്കാൻ കഴിയാതെ പോയ സംഗീതം വാർധക്യ കാലത്ത് പഠിക്കാൻ കഴിഞ്ഞതിൽ ശിഷ്യരെല്ലാം ഏറെ സന്തോഷത്തിലാണ്.
60 മുതൽ 80 വയസ്സ് വരെയുള്ളവരാണ് സംഗീതം പഠിക്കാനായി വിദ്യാർഥികളായി എത്തുന്നത്. സംഗീത ക്ലാസിലെ ഏറ്റവും പ്രായം കൂടിയ ശിക്ഷ്യ പ്രൈമറി ക്ലാസിൽ ഷീബയെ പഠിപ്പിച്ച രാമവർമ ടീച്ചറാണെന്ന് കൂടെ പഠിക്കുന്ന രാജലക്ഷ്മി പറഞ്ഞു. ടീച്ചറുടെ അച്ഛനമ്മമാരും സംഗീതത്തിൽ അഭിരുചിയുള്ള മക്കളായ ലക്ഷ്മിക, ധന്യന്ത് എന്നിവരും നവോദയയിൽ അധ്യാപികയായ സഹോദരി ഷീജയും സഹായത്തിനുണ്ടാകും.
എല്ലാം മറന്ന് മനസ്സിനും ശരീരത്തിനും കുളിർമഴ പെയ്യിക്കുന്ന സംഗീതവിരുന്ന് ആസ്വാദകരിൽ ഊട്ടിയുറപ്പിക്കുകയാണ് ടീച്ചർ. കോവിഡ് കാലമായതിനാൽ ഇപ്പോൾ വീട്ടുമുറ്റത്തെ പതിവ് ക്ലാസുകൾക്കു പകരം ഓൺലൈനായാണ് അധ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.