വിജയവഴിയിൽ മാതൃകയായി ഷീബ
text_fieldsതൊഴുത്തിൽ പശുക്കൾക്ക് തീറ്റകൊടുക്കുന്ന ഷീബ
കാക്കൂർ: ചെറിയ വീഴ്ചകളിൽ പോലും തളരുന്നവർ കുടുംബശ്രീ അംഗമായ ഷീബയെ കണ്ടുപഠിക്കണം. ഒരു ജന്മം വീട്ടിലിരുന്നു കളയാനുള്ളതല്ലെന്ന് തെളിയിക്കുകയാണ് ഈ വനിത. കാക്കൂർ പി.സി പാലത്തിന് സമീപം ആലയാട് നമ്പിടിക്കണ്ടിയിൽ ഷീബയാണ് പ്രതിസന്ധികളിൽ തളരാതെ വിജയശ്രീലാളിതയായി നിൽക്കുന്നത്.
ജന്മനാ ഭിന്നശേഷിക്കാരിയായ മകൾ, നടുവേദന കാരണം തൊഴിലിന് പോകാൻ കഴിയാത്ത ഭർത്താവ്... ഷീബ അതിജീവനത്തിന്റെ നാൾവഴി താണ്ടുമ്പോഴാണ് കുടുംബശ്രീ കാക്കൂർ സി.ഡി.എസിൽ അംഗമാകുന്നതും സ്വയം തൊഴിലിന്റെ പാത തിരഞ്ഞെടുക്കുന്നതും. 2001ൽ ഷീബയടക്കം അഞ്ചു വനിതകളെ ഉൾപ്പെടുത്തി അപ്പം, പത്തിരിപ്പൊടി, പുട്ടുപൊടി എന്നിവയുണ്ടാക്കി വിൽക്കുന്ന യൂനിറ്റ് തുടങ്ങിയെങ്കിലും കമ്പോളത്തിൽ ഏറെക്കാലം പിടിച്ചുനിൽക്കാനായില്ല. പിന്നീട് സി.ഡി.എസിന്റെയും ജില്ല മിഷന്റെയും സഹായത്തോടെ കേരശ്രീ യൂനിറ്റ് തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചതുപോലെ വിജയം കൊയ്യാനായില്ല. എന്നാൽ, തളരാൻ തയാറാകാതിരുന്ന ഷീബ ഉപജീവനമാർഗമായി പശു പരിപാലനം തിരഞ്ഞെടുത്തു.
കുടുംബശ്രീ സഹായത്തോടെ ഒരു പശുവിൽനിന്ന് തുടങ്ങി ക്ഷീരസാഗരം പദ്ധതിയിലൂടെ ഇന്ന് അഞ്ചു കറവപ്പശുക്കളുള്ള മിനി ഡെയറി ഫാം ഇവർക്കുണ്ട്. പട്ടിണിയും പരിവട്ടവുമില്ലാതെ ഈ തൊഴുത്തിൽനിന്ന് മുഴങ്ങുന്നതാവട്ടെ ഐശ്വര്യത്തിന്റെ സൈറനാണ്.
2022ൽ തന്നെ മറ്റു സംരംഭങ്ങൾക്കുകൂടി തുടക്കമിട്ടു. അതിൽ പ്രധാനപ്പെട്ടതാണ് കൊപ്ര ഡ്രയർ യൂനിറ്റ്. 100 തേങ്ങ വെട്ടിയുണക്കിയാൽ ചുരുങ്ങിയ പ്രതിഫലം കിട്ടും. നിലവിൽ 1500 തേങ്ങ ഉണക്കാൻ പറ്റുന്ന സംവിധാനമാണുള്ളത്. ഭിന്നശേഷി അയൽക്കൂട്ടത്തിന്റെ പ്രധാന പ്രവർത്തക കൂടിയാണ് ഷീബ. 2022ൽ കുട നിർമാണ യൂനിറ്റിന് തുടക്കം കുറിച്ചു. 10 പേരിൽ അഞ്ചുപേർ കുട നിർമാണത്തിൽ മുഴുകും.
വിപണനമാണ് വലിയ വെല്ലുവിളിയെന്ന് ഇവർ പറയുന്നു. കമ്പനിക്കുടകൾ വിലകുറച്ചു നൽകുമ്പോൾ കുടുംബശ്രീ കുടകൾക്ക് വില കുറക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ് നേരിടുന്ന മറ്റൊരു വെല്ലുവിളി. കുടുംബശ്രീ അംഗങ്ങൾ തന്നെ കുട വാങ്ങുന്നതോടൊപ്പം കാക്കൂരിലെ കടകളിലും വിൽപനക്കെത്തിക്കുന്നു.
ഇതിനൊക്കെ പുറമെ ആടുവളർത്തൽ, മത്സ്യം വളർത്തൽ, പച്ചക്കറി കൃഷി എന്നിവയുമുണ്ട്. കുടുംബശ്രീയാണ് എന്റെ കുടുംബമെന്ന് ഷീബ പറയുന്നു. തന്റെ ജീവിതം കരുപ്പിടിപ്പിച്ച ഈ പ്രസ്ഥാനത്തെ മാറോടു ചേർത്ത് സഞ്ചരിക്കുകയാണ് അവർ.
(അവസാനിച്ചു)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.