ഷെറോസ്
text_fieldsസ്ത്രീശാക്തീകരണം കടലാസിൽ ഒതുക്കാതെ, രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ കരുത്തുറ്റ സ്ത്രീസാന്നിധ്യത്തിനായി പ്രതിജ്ഞയെടുത്ത രാജ്യമാണ് ഖത്തർ. 2003ൽ ഖത്തറിൽ വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശൈഖ അഹ്മദ് അൽ മഹ്മൂദ് ജി.സി.സി മേഖലയിലെ തന്നെ പ്രഥമ വനിത മന്ത്രി എന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തിയാണ്.
വരുംകാലങ്ങളിൽ ഖത്തറിന്റെ മുന്നേറ്റം നിശ്ചയിക്കുന്ന വിഷൻ 2030ന്റെ സുപ്രധാനമായ ഒരു നയം ഖത്തറിലെ വനിത സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ്. രാജ്യത്തിന്റെ ഭരണരംഗം മുതൽ വികസനത്തിന്റെ വിവിധ മേഖലകളിൽ വരെ അവരുടെ സാന്നിധ്യം ഉറപ്പുവരുത്തി മാത്രമേ ഒരു സമൂഹത്തിന് സന്തുലിതമായി മുന്നോട്ടു ഗമിക്കാൻ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ രാജ്യമാണ് ഖത്തർ.
അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നിലവിലെ ഖത്തറിലെ മന്ത്രിസഭ. 19 അംഗ മന്ത്രിസഭയിൽ മൂന്ന് അംഗങ്ങൾ ഇന്ന് വനിതകളാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം തുടങ്ങി നാളെയുടെ ഗതി നിർണയിക്കുന്ന സുപ്രധാന വകുപ്പുകൾ അവർ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ രൂപവത്കരിക്കാനും യു.എൻ പോലുള്ള അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുന്നതിലും ഖത്തരി വനിതകൾ ഉണ്ട്. വ്യാപാര സംരംഭങ്ങളിൽ 20 ശതമാനം വനിതകളുടെ നിയന്ത്രണത്തിലാണ്.
വിദ്യാഭ്യാസം, കല, കായികം തുടങ്ങിയ മനുഷ്യപുരോഗതിയുടെ ഇടങ്ങൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിലെല്ലാം നിറഞ്ഞ വനിതാപ്രാതിനിധ്യം ഖത്തറിൽ നമുക്ക് കാണാം. ഖത്തർ ഫൗണ്ടേഷനിലൂടെ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാതാവും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സനുമായ ശൈഖ മൗസ ബിൻത് നാസർ ഇന്ന് ലോകത്തെത്തന്നെ തലയെടുപ്പുള്ള വനിതകളിൽ മുൻപന്തിയിൽ നിൽക്കുന്നു.
ഖത്തർ ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽകുവാരി, ഖത്തർ മ്യൂസിയം, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, റീച്ച് ഔട്ട് ഏഷ്യ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, യു.എന്നിലെ ഖത്തറിലെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ ബിൻത് അഹമ്മദ് ബിൻ സൈഫ് ആൽഥാനി, ഖത്തരി വനിതകൾക്കിടയിലെ കായിക മുഖം ശൈഖ അസ്മ ആൽഥാനി, ബിസിനസ് മേഖലയിലെ നിറസാന്നിധ്യമായ ശൈഖ ഹനാദി ബിൻത് നാസർ ആൽഥാനി, ഖത്തർ വിദേശകാര്യ സഹമന്ത്രിയും പ്രഥമ വനിത വക്താവുമായ ലുൽവാ അൽ ഖാതിർ, സംഗീത മേഖലയിലെ പ്രതിഭ ദാന അൽഫർദാൻ തുടങ്ങി നിരവധി പ്രമുഖരെ നമുക്ക് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.