ജിംനാസ്റ്റിക്സിൽ താരമായ ശിഖ റാണ
text_fields2002 മുതൽ 2007 വരെയുള്ള വർഷങ്ങൾ. ഇന്ത്യൻ ജിംനാസ്റ്റിക്സിലെ പുത്തൻ താരോദയമായാണ് പഞ്ചാബിലെ ചണ്ഡിഗഢിൽ നിന്നുള്ള കൗമാരക്കാരി ഉദിച്ചുയർന്നത്. ഗുവാഹതി ദേശീയ ഗെയിംസിൽ റിഥമിക് ജിംനാസ്റ്റിക്സിൽ മാറ്റുരച്ച് അവസാന ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒരാളായി മാറി മിന്നിത്തിളങ്ങിയ കാലം.
ഇന്റർവാഴ്സിറ്റി, നാഷനൽ ഓപൺ ജിംനാസ്റ്റിക്സ്, ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെയുള്ള വിവിധ ദേശീയതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളോടെ മെഡലുകൾ കൊയ്തുകൂട്ടിയാണ് ശിഖ ശ്രദ്ധേയമായത്. പക്ഷേ, തുടർച്ചയായി മൂന്നു തവണ ഇന്ത്യൻ ക്യാമ്പിലും ഇടം പിടിച്ചു. എന്നാൽ, ദേശീയ തലത്തിനപ്പുറത്തേക്ക് ജിംനാസ്റ്റിക്സിൽ നേട്ടങ്ങൾ കൊയ്ത്കൂട്ടാനായില്ല.
റിഥമിക് ജിംനാസ്റ്റിക്സിലെ മെയ്വഴക്കവുമായി പിന്നെ കടന്നെത്തിയത് നൃത്തമേഖലയിലേക്ക്. 2009ൽ ഇന്ത്യയിലെ പ്രശസ്തമായ സീ.ടിവിയുടെ ഡാൻസ് ഇന്ത്യ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച 80 നർത്തകരുടെ പട്ടികയിൽ ഒരാളായി. ഉത്തരേന്ത്യയിലെ മികച്ച 20 നർത്തകരിലും ഒരാളായിരുന്നു ശിഖ. കായിക മേഖലയിലും സ്റ്റേജുകളിലും മികവ് തെളിയിച്ചശേഷം 2012ലായിരുന്നു ഖത്തറിലേക്കുള്ള വരവ്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ കായികാധ്യാപികയായി പിന്നീടുള്ള എട്ടു വർഷത്തോളം ജോലിചെയ്തു. ജിംനാസ്റ്റിക്സ്, യോഗ, ഹോക്കി, അത്ലറ്റിക്സ് ഉൾപ്പെടെയുള്ള മേഖലകളിൽ പുതുതലമുറയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലും കായികാവേശം പകർന്നു.
കഴിഞ്ഞ വർഷമാണ്, പ്രശസ്തമായ ശൈഖ് ഫൈസൽ ബിൻ ഖാസിം സ്പോർട്സ് അക്കാദമിയിലെ യോഗ-ജിംനാസ്റ്റിക്സ് പരിശീലകയായി സ്ഥാനമേൽക്കുന്നത്. ഇതോടെ സ്വദേശികളും, യൂറോപ്യൻ രാജ്യക്കാരും, ഇന്ത്യക്കാരും ഉൾപ്പെടെ ശിഖയുടെ ശിഷ്യസമ്പത്ത് മാറി. രാവിലെയും വൈകുന്നേരവുമായി സജീവമായ പരിശീലനങ്ങൾ. ഇതിനിടയിൽ സൗജന്യമായും പരിശീലനം നൽകുന്നു.
ഒരു കായിക പരിശീലക എന്ന നിലയിൽ ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കായികാഭിനിവേശവും, ഫിറ്റ്നസ് നിലനിർത്താനുള്ള ശ്രമങ്ങളും കുറയുന്നുവെന്നാണ് ശിഖയുടെ പരിഭവം. രാജ്യാന്തര നിലവാരത്തിലെ പരിശീലന സൗകര്യങ്ങളെല്ലാം ലഭ്യമായ ഖത്തറിൽ അവ ഉപയോഗപ്പെടുത്താൻ പുതുതലമുറ മുന്നോട്ട് വരണമെന്നും നിർദേശിക്കുന്നു. ഭർത്താവ് അനിൽ ചൗഹാൻ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ മുൻ അധ്യാപകനായിരുന്നു. മക്കൾ പൃഥ്വിരാജ് ചൗഹാൻ, യുവരാജ് ചൗഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.