ആതുരസേവനത്തോടൊപ്പം ഹെൽത്ത് ഫിറ്റ്നസ് പാഠങ്ങളും പകർന്ന് ഷിംന ജോസഫ്
text_fieldsവ്യായാമ പരിശീലനത്തിനിടെ സുഹൃത്തുക്കളോടൊപ്പം ഷിംന ജോസഫ് (മധ്യത്തിൽ)
റിയാദ്: രോഗികളെ പരിചരിക്കലാണ് ഒരു നഴ്സിന്റെ ദൗത്യം. എന്നാൽ രോഗങ്ങളുണ്ടാകാതിരിക്കാൻ എന്തുചെയ്യണമെന്നും ആരോഗ്യപരിപാലനം എങ്ങനെയായിരിക്കണമെന്നും ആളുകളെ ബോധവൽകരിക്കലും അവർക്ക് വ്യായാമമുറകൾ പറഞ്ഞുകൊടുക്കലുംകൂടി ആതുരസേവനത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഷിംന ജോസഫ്.
റിയാദിലെ ഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷിംനയുടെ ഓൺലൈൻ വ്യായാമപാഠങ്ങൾ ലോകത്തിന്റെ നാനാദിക്കുകളിലുള്ളവരാണ് ഫോളോ ചെയ്യുന്നത്. ഗൂഗ്ൾ മീറ്റിലൂടെയാണ് പരിശീലനം.
റിയാദിൽ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഹെൽത്ത് ഫിറ്റ്നസ് പാഠങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ടായിരുന്നു തുടക്കം. ആരോഗ്യകരമല്ലാത്ത ശീലങ്ങൾ ജീവനുതന്നെ ഭീഷണിയാവുന്ന സാഹചര്യത്തിൽ സഹപ്രവർത്തകരുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. അവരുടെ ജീവിതശൈലിയും ദിനചര്യകളും നിരീക്ഷിച്ചു.
ആരോഗ്യത്തേക്കാൾ മനോഹരമായ മറ്റൊന്നില്ല. ഒരു അസുഖം വരുമ്പോൾ മാത്രം നോക്കേണ്ട ഒന്നല്ല ആരോഗ്യവും ആരോഗ്യക്ഷമതയും. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ജീവിതശീലമാക്കേണ്ട ഒന്നാണ് ഫിറ്റ്നെസെന്നും അത് നിലനിർത്തേണ്ടുന്ന കാര്യങ്ങളെന്ന ചിന്തകൾ കൂട്ടുകാരുമായി ഷിംന പങ്കുവെച്ചു.
സുഹൃത്തും നഴ്സുമായ ദിവ്യ ഭാസ്കറുമായാണ് ഇക്കാര്യം പ്രധാനമായും ചർച്ച ചെയ്തത്. ആരോഗ്യകാര്യങ്ങളിലെ അറിവില്ലായ്മയാണ് രോഗങ്ങളിലേക്കെത്തിക്കുന്നതെന്നും ബോധവത്കരണം അനിവാര്യമാണെന്നുമുള്ള നിഗമനത്തിലെത്തി. അത് ‘ഷിം സിഗ്നേച്ചർ ഫിറ്റ്നസ് സ്റ്റുഡിയോ’ എന്ന മൂർത്തമായ ഒരു ആശയത്തിന്റെ പിറവിയിലെത്തി. പിന്നീടങ്ങോട്ട് ഈ ആശയം എങ്ങനെ പ്രാവർത്തികമാക്കാം എന്ന ലക്ഷ്യത്തോടെയുള്ള ചുവടുവെപ്പുകളായിരുന്നു. തൃശൂർ ഐ.ബി.എസ് അക്കാദമിയിൽനിന്ന് ഫിറ്റ്നസ് പരിശീലനത്തിൽ അമേരിക്കൻ ഡിപ്ലോമ നേടി.
ദിവ്യയോടൊത്ത് പരിചയസമ്പന്നരായ ഡയറ്റീഷ്യന്മാരെയും ട്രെയ്നർമാരെയും കൂടെക്കൂട്ടി റിയാദിൽ ‘ഷിം സിഗ്നേച്ചർ’ എന്ന പരിശീലനപരിപാടിക്ക് തുടക്കം കുറിച്ചു. ആദ്യമാദ്യം പ്രഭാതങ്ങളിൽ സുഹൃത്തുക്കൾക്ക് റിയാദിലെ വിവിധ പാർക്കുകൾ കേന്ദ്രീകരിച്ച് പരിശീലനം നൽകിയിരുന്നു.
എന്നാൽ വേണ്ടത്ര പ്രായോഗികമല്ലെന്ന് മനസ്സിലായപ്പോൾ പരിശീലനം പൂർണമായും ഓൺലൈൻ വഴിയാക്കി. അതോടെ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നായി നിരവധിയാളുകൾ പരിശീലനത്തിനായി ജോയിൻ ചെയ്തു.
മൂന്ന് മുതൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ഗൂഗ്ൾ മീറ്റ് വഴി തത്സമയം പരിശീലനം നൽകിക്കൊണ്ടിരിക്കുന്നത്. പരിശീലന സമയത്തും തുടർന്നും വ്യക്തമായ ഭക്ഷണനിയന്ത്രണങ്ങളും മറ്റും പരിചയസമ്പന്നരായ പരിശീലകർ നൽകും. കൂടാതെ പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതികളും പരിശീലിപ്പിക്കും.
പരിശീലനത്തിനുശേഷം വാട്സ്ആപ് വഴി സംശയങ്ങൾ തീർത്തുകൊടുക്കുകയും ചെയ്യും. ഇത്തരത്തിലാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഓരോരുത്തർക്കും വ്യായാമവും ഡയറ്റും വ്യത്യസ്തമായിരിക്കും. ഇത് കണ്ടെത്തി മാർഗനിർദേശം നൽകി കൃത്യമായ പ്ലാൻ തയാറാക്കാൻ സഹായിക്കുകയാണ് ഷിം സിഗ്നേച്ചർ ഫിറ്റ്നസ് സ്റ്റുഡിയോ ചെയ്യുന്നത്. കാൽലക്ഷത്തോളം ഫോളോവർമാരുള്ള shimsignature_fitness എന്ന ഇൻസ്റ്റ പേജടക്കം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5,000ത്തിലധികമാളുകൾക്ക് കഴിഞ്ഞ കാലങ്ങളിൽ പരിശീലനം നൽകാനായിട്ടുണ്ട്.
12 വർഷമായി നഴ്സിങ് മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഷിംന ജോസഫ് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളൊ ആശുപത്രിയിലാണ് കരിയർ ആരംഭിച്ചത്. റിയാദിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലി നേടി എത്തിയിട്ട് ഒമ്പത് വർഷമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.