ശോഭ, വെൽഡിങ്ങിലെ സ്ത്രീശക്തി
text_fieldsനീലേശ്വരം: പുരുഷന്മാർ കൈയടക്കിയ വെൽഡിങ് ജോലിയിൽ ഭർത്താവിനൊപ്പം ഭാര്യയും. നീലേശ്വരം പള്ളിക്കരയിലെ ശോഭയാണ് വെൽഡിങ് മേഖലയിൽ വ്യത്യസ്ത സാന്നിധ്യമാകുന്നത്. സ്ത്രീകൾ കടന്നു വരാത്ത ഈ മേഖലയിൽ ഭർത്താവ് വിജയന്റെ കൂടെ 16 വർഷത്തിലധികമായി ശോഭ ജോലി ചെയ്യുന്നു.
വെൽഡിങ്ങിനാൽ ജീവിതം തന്നെ ഉറപ്പിക്കുകയാണ് ഈ ദമ്പതികൾ. അടിയന്തര സാഹചര്യം ജീവിതത്തിൽ വന്നപ്പോൾ ഭർത്താവ് വിജയനൊപ്പം വെൽഡിങ് ജോലി തുടങ്ങുകയായിരുന്നു ശോഭ. അപകട സാധ്യതയുള്ള വെൽഡിങ് ജോലി ശോഭക്ക് ഇപ്പോൾ എളുപ്പമായി. ആദ്യമൊക്കെ ഭർത്താവിനുള്ള ഭക്ഷണവും കൊണ്ടു പള്ളിക്കരയിലുള്ള കടയിൽ വരുമായിരുന്നു. സൈറ്റ് വർക്കിന് ഭർത്താവ് പോകുമ്പോൾ കടയിൽ ശോഭ ഇരിക്കും. ക്രമേണ ഒരു വർഷം കൊണ്ട് കട്ടിങ്, ഡ്രിൽ വെച്ച് ഹോൾ ഗ്രൈൻഡിങ് തുടങ്ങിയവ ചെയ്യാൻ തുടങ്ങി. പിന്നീട് കെട്ടിടങ്ങളുടെ മുകളിൽ കയറി ഷീറ്റ് സ്ക്രൂ ചെയ്യാനും വെൽഡിങ് ചെയ്യാനും തുടങ്ങി.
ഇന്നിപ്പോൾ റൂഫിങ് ഷീറ്റ്, ഗേറ്റ്, പക്ഷിക്കൂടുകൾ, ജനലുകൾ, ഗ്രിൽസ് തുടങ്ങിയവയെല്ലാം 47-ാം വയസ്സിലും ശോഭ അനായാസമായി ചെയ്യും. ഇപ്പോൾ വിജയനൊപ്പം ശോഭ മാത്രമേ പണിക്കുള്ളൂ. കാസർകോട്, കണ്ണൂർ ജില്ലകളിൽ എവിടെയും ഭർത്താവിന്റെ കൂടെ ശോഭ ജോലിക്കുപോകും. വലിയ കെട്ടിടത്തിന്റെ മുകളിലൊക്കെ വെൽഡിങ്ങിനായി കയറുമ്പോൾ ആദ്യമൊക്കെ കണ്ടു നിൽക്കുന്നവർക്ക് പേടിയായിരുന്നു. ഇപ്പോൾ എല്ലാം ശീലമായി. ഭർത്താവിനൊപ്പം ജോലി ചെയ്യുന്നു എന്നു വെച്ച് സൗജന്യമാണെന്ന് കരുതേണ്ട, ഓരോ ദിവസവും അതത് ദിവസത്തെ കൂലി കൃത്യമായി ഭർത്താവിൽ നിന്ന് വാങ്ങും. രണ്ടുപേർക്കും വെൽഡിങ് ജോലി അറിയുന്നതുകൊണ്ട് മൂന്നാമതൊരാളെ ജോലിക്ക് ആവശ്യമില്ല. വെൽഡിങ് ജോലിയിൽ പൂർണ തൃപ്തയാണ് താനെന്ന് ശോഭ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.