ശോഭിക: മണ്ണിൽ പൊന്നുവിളയിച്ച് ജീവിതം ശോഭനമാക്കിയവൾ
text_fieldsതൃശൂര്‍: തരിശിട്ട ജീവിതമോഹങ്ങളെ മണ്ണിൽ പൊന്നുവളിയിച്ച് ശോഭനമാക്കുകയായിരുന്നു മണലൂര്‍ തണ്ടാശ്ശേരി വീട്ടില്‍ ശോഭിക രവീന്ദ്രന്‍. കഴിഞ്ഞ 31 വർഷമായി അവർ പാടത്തുണ്ട്. സ്വന്തമായുള്ള അരയേക്കറിൽ പരീക്ഷണാർഥമാണ് ആദ്യം നിലമൊരുക്കിയത്.
ആദ്യ പ്രയത്നം ഫലംകണ്ടതോടെ ആത്മവിശ്വാസമേറി. തുടര്‍ന്ന് ഘട്ടംഘട്ടമായി പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിച്ചു. വിതച്ച ഉമ വിത്ത് ചതിക്കാതെ വന്നതോടെ വെച്ചടി വെച്ചടി കയറ്റം. നിലവിൽ പാട്ടത്തിനെടുത്ത 13 ഏക്കറിലും സ്വന്തമായ രേണ്ടക്കർ അടക്കം 15 ഏക്കറിൽ നെൽകൃഷിയുണ്ട്. ഒപ്പം 60 സെന്‍റ് ഭൂമയിൽ വിപുലമായ പച്ചക്കറി കൃഷിയും. ദിവസവും നാലുപേർക്ക് ഇവർ തൊഴിൽ നൽകുന്നുമുണ്ട്.
മുറ്റിച്ചൂർ സ്വദേശിയായ ശോഭിക കർഷക കുടുംബത്തിലേക്കാണ് മരുമകളായി എത്തുന്നത്. കൃഷിപ്പണിക്കാരിയായ മതാവ് ജാനകിയും ഭർത്താവിന്‍റെ മാതാപിതാക്കളായ കുമാരനും മാധവിയും നൽകിയ ബാലപാഠങ്ങളാണ് കാർഷിക രംഗത്ത് തിളങ്ങാൻ അവരെ പ്രാപ്തയാക്കിയത്. ശോഭികക്കും ഭർത്താവ് രവീന്ദ്രനും മൂന്നു പെണ്‍മക്കളാണുള്ളത്. തയ്യൽകാരനായ ഭർത്താവിന് സഹായമായാണ് കാർഷിക രംഗത്തേക്ക് 26ാം വയസ്സിൽ പിച്ചവെക്കാൻ കാരണം. മക്കളുടെ ജീവിതം ഭദ്രമാക്കാനുള്ള നെട്ടോട്ടത്തിനിടയിലാണ് തരിശുകിടന്ന ഭൂമിയിൽ കൃഷി ചിന്തയുദിച്ചത്.
തിരിഞ്ഞുനോക്കുമ്പോൾ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും മൂന്നുപേരെയും നല്ലരീതിയില്‍ വിവാഹം കഴിപ്പിച്ചയക്കാന്‍ സാധിച്ചത് കൃഷിയില്‍നിന്നുള്ള പച്ചപ്പില്‍നിന്നാണെന്ന് പറഞ്ഞ് ശോഭിക ചിരിതൂകും. സംസ്ഥാന കൃഷി വകുപ്പിന്‍റെയും നാടിന്‍റെയും പിന്തുണയും ഒപ്പമുണ്ട്. ജില്ല പഞ്ചായത്തിന്‍റെ പുരസ്കാരം, കൃഷ്ണന്‍ കണിയാംപറമ്പില്‍ പുരസ്കാരം, കിസാന്‍സഭ വനിത കര്‍ഷക പുരസ്കാരം തുടങ്ങി കാര്‍ഷിക മേഖലയിലെ മികവിന് ഇതിനകം നിരവധി പുരസ്കാരങ്ങളും ശോഭികയുടെ കൃഷിമികവിനെ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.