നേട്ടങ്ങളുടെ നെറുകയിൽ കൊച്ചുകലാകാരി
text_fieldsതലശ്ശേരി: വടക്കുമ്പാട് പാറക്കെട്ടിലെ സ്വേത നിവാസിൽ ശ്രദ്ധ പ്രകാശ് പഠനത്തോടൊപ്പം കലാരംഗത്തും ശ്രദ്ധേയമാവുകയാണ്. തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ശ്രദ്ധ കൊച്ചുന്നാളിലേ കലാരംഗത്ത് തൽപരയാണ്. കൈയെഴുത്തിലും വരയിലും രാജ്യാന്തരതലത്തിൽ ശ്രദ്ധേയയായ ശ്രദ്ധ പ്രകാശ് വേറിട്ട മേഖലകളിൽ മാറ്റുരക്കാൻ തയാറെടുക്കുകയാണ്. ചിത്രകല, കായികം, അഭിനയം എന്നിങ്ങനെയുള്ള രംഗത്ത് മികവുതെളിയിച്ചിട്ടുള്ള ഈ 14കാരി കൂടുതൽ ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുകയാണ്.
അമേരിക്കൻ ഹാൻഡ് റൈറ്റിങ് കോമ്പറ്റീഷനും വേൾഡ് ഹാൻഡ് റൈറ്റിങ് അച്ചീവ്മെന്റ് കോൺടെസ്റ്റും ഒക്ടോബറിൽ നടത്തിയ ലോക കൈയക്ഷര മത്സരത്തിൽ 58 രാജ്യങ്ങളിലെ മത്സരാർഥികൾക്കൊപ്പം മാറ്റുരച്ച് രണ്ടാംസ്ഥാനം നേടി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യാന്തരതലത്തിൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സ്റ്റാമ്പ് ഡിസൈനിൽ ദേശീയ ജേതാവായി. ഐ.എസ്.ആർ.ഒ നടത്തിയ സംസ്ഥാന വാട്ടർ കളർ മത്സരത്തിലും ഊർജ സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ഊർജ വകുപ്പ് നടത്തിയ വാട്ടർ കളർ മത്സരത്തിലും സംസ്ഥാനതലത്തിൽ ഒന്നാമതായി. ചെറുതും വലുതുമായ നേട്ടങ്ങളുടെ ഒരുപട്ടികതന്നെ തന്നെ ഈ കൊച്ചു കലാകാരിക്കുണ്ട്.
ലഹരിക്കെതിരെ ഡയറ്റും സ്കൂൾ വിദ്യാഭ്യാസ വകുപ്പും നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ നായിക കഥാപാത്രമായി തിളങ്ങിയ ശ്രദ്ധ അഭിനയ രംഗത്തും ചുവടുറപ്പിച്ചു. കണ്ണൂരിലെ ഗീതാഞ്ജലിയിൽ നിന്നാണ് ചിത്രകലയിൽ പരിശീലനം നേടിയത്. ഇപ്പോൾ ജില്ല ഹോക്കി മത്സരത്തിനുള്ള തയാറെടുപ്പിലാണ്. പ്രകാശൻ - പ്രസീന ദമ്പതികളുടെ മകളാണ്. സഹോദരി: സ്വേത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.