ശ്രുതിയും വിജയലക്ഷ്മിയും കണ്ടെത്തി രണ്ട് ഛിന്നഗ്രഹങ്ങളെ
text_fieldsതൊടുപുഴ: രണ്ട് പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തി തൊടുപുഴ ന്യൂമാൻ കോളജിലെ ഊർജതന്ത്ര വിദ്യാർഥിനികൾ. തൊടുപുഴ ഉടുമ്പന്നൂർ കുന്നുംപുറത്ത് കെ.എസ്. ശ്രുതിയും കാരിക്കോട് രണ്ടുപാലം കരോട്ട്പാണ്ടിപ്പള്ളിൽ വി. വിജയലക്ഷ്മിയുമാണ് നാസയുടെ അംഗീകാരം ലഭിച്ച കണ്ടെത്തലിന് പിന്നിൽ. ഇവർ കണ്ടുപിടിച്ച ഗ്രഹങ്ങൾക്ക് താൽക്കാലികമായി 2021എൽ.ഡബ്ല്യു10, 2021ആർ.കെ20 എന്നീ പേരുകളും നൽകിയിട്ടുണ്ട്.
നാസയുടെ സഹായത്തോടെ അന്താരാഷ്ട്ര ഛിന്നഗ്രഹ അന്വേഷണ കൂട്ടായ്മ (ഐ.എ.എസ്.സി) വിദ്യാർഥികൾക്കായി നടത്തിയ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.കഴിഞ്ഞ വർഷം നടന്ന പ്രോജക്ടിൽ ഹവായ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ലഭിച്ച ശൂന്യാകാശത്തിന്റെ ടെലിസ്‌കോപ്പിക് ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിനിടെയാണ് ഇരുവരും ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത്.
ലഭ്യമായ ടെലിസ്കോപ്പിക് ചിത്രങ്ങൾ പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വിശകലനം ചെയ്താണ് കണ്ടെത്തൽ നടത്തിയത്. കണ്ടെത്തൽ സംബന്ധിച്ച് നൽകിയ റിപ്പോർട്ട് ജൂലൈ 20ന് അംഗീകരിച്ചു. തുടർന്നാണ് കണ്ടെത്തിയ ഛിന്നഗ്രഹങ്ങൾക്ക് പേര് നൽകിയത്. ഇനി ഇവയുടെ ഭ്രമണപഥം, വലുപ്പം, പ്രവേഗം, മറ്റ് സവിശേഷതകൾ എന്നിവ പഠിച്ചശേഷം നാസ ആധികാരികമായി പേര് നൽകും.
ന്യൂമാൻ കോളജ് ഊർജ തന്ത്രവിഭാഗം മുൻ തലവനും പുണെയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് (ഐ.യു.സി.എ.എ) അസോസിയേറ്റുമായ ഡോ. ജോ ജേക്കബിന്റെ മാർഗനിർദേശത്തിലാണ് വിദ്യാർഥികൾ ഗവേഷണം നടത്തിയത്.ഇരുവരും ബി.എസ്സി പഠനം പൂർത്തിയാക്കി. ശ്രുതി ഇപ്പോൾ എം.എസ്സി വിദ്യാർഥിയാണ്.
ന്യൂമാൻ കോളജിന് അഭിമാനനേട്ടം
തൊടുപുഴ: ശ്രുതിയുടെയും വിജയലക്ഷ്മിയുടെയും നേട്ടം അഭിമാനമാണെന്നും ഈ പ്രദേശത്തുള്ള വിദ്യാർഥികൾക്ക് കൂടി സമാനമായ പരിശീലനം നൽകി ഗവേഷണ മേഖലയെ പരിപോഷിപ്പിക്കുകയാണ് ന്യൂമാൻ കോളജിന്‍റെ ലക്ഷ്യമെന്നും മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് ഐ.യു.സി.എ.എ സ്ഥാപിച്ചിട്ടുള്ള 17 അസ്ട്രോണമി പഠനകേന്ദ്രങ്ങളിൽ ഒന്നാണ് ന്യൂമാൻ കോളജ്.
മെറ്റീരിയൽ സയൻസിൽ ഗവേഷണ മികവ് തെളിയിച്ചിട്ടുള്ള ഈ വിഭാഗം 2007 മുതൽ എം.ജി സർവകലാശാലയുടെ ഒരു അംഗീകൃത ഗവേഷണ കേന്ദ്രം കൂടിയാണെന്ന് മാനേജർ പറഞ്ഞു.വാർത്തസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, ഊർജതന്ത്ര വിഭാഗം മേധാവി ഡോ. ബീന മേരി ജോൺ, വിദ്യാർഥിനികളായ കെ.എസ്. ശ്രുതി, വി. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.