Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅതിജീവനത്തിന്‍റെ...

അതിജീവനത്തിന്‍റെ കൈയൊപ്പ്

text_fields
bookmark_border
KV Rabiya
cancel
camera_alt

കെ.വി റാബിയ

എല്ലാ ഡിസംബർ മൂന്നിനും ലോകം ഭിന്നശേഷി ദിനം ആചരിക്കാറുണ്ട്. എന്നാൽ, ഇക്കുറി കേരളത്തിനത് അവിസ്മരണീയ മുഹൂർത്തമാവുകയാണ്. 2022ലെ റിപ്പബ്ലിക് ദിനത്തിലായിരുന്നു കെ.വി. റാബിയ എന്ന 'ചക്രക്കസേരയിലെ ഉരുക്കുവനിത'യെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. മലപ്പുറം തിരൂരങ്ങാടിയിലെ വീട്ടിൽനിന്ന് റാബിയ പറയുന്നു, പിന്നിട്ട കാലത്തെക്കുറിച്ച്...

നാൽപതു വർഷമായി ജീവിതം ചക്രക്കസേരയിലായിരുന്നെങ്കിലും റാബിയ ഇന്ന് അതിജീവനത്തിന്റെ അടയാളമാണ്. 14ാം വയസ്സിൽ കാലുകൾ നിശ്ചലമായപ്പോഴും നിശ്ചയദാർഢ്യം കൈമുതലാക്കി അവർ മുന്നോട്ടുനടന്നു. ഒരുപാട് പഠിച്ചു, ഒരു നാടിന്‌ മുഴുവൻ അക്ഷരവെളിച്ചം പകർന്നുനൽകി. പോളിയോ ബാധിച്ച് അരക്കു താഴെയും ഒരു വീഴ്ചയിൽ നട്ടെല്ലും കഴുത്തിനു താഴെയും തളർന്ന ശേഷം, റിമോട്ട് കൺട്രോൾ ഉപയോഗിച്ചു ചലിപ്പിക്കുന്ന തന്റെ കട്ടിലിൽ കിടന്ന് അവർ ഉറക്കെ വിളിച്ചു പറയുന്നുണ്ട് ''വിധിയേ, തോറ്റുതരില്ല ഞാൻ'' എന്ന്. സാക്ഷരതയുടെയും സാമൂഹിക സേവനത്തിന്റെയും കാവലാളാണ് ഇന്ന് റാബിയ.

വിദ്യാർഥിയും അധ്യാപികയും

ജനിച്ചു വളർന്ന മലപ്പുറം ജില്ലയിലെ വെള്ളിലക്കാട് ഗ്രാമത്തിൽ നിന്ന് തിരൂരങ്ങാടിയിലുള്ള പി.എസ്.എം.ഒ കോളജിലേക്ക് അധികം ദൂരമില്ലെങ്കിലും യാത്ര ഒരു പ്രശ്നം തന്നെയായിരുന്നു. കാലുകളുടെ ശക്തി പോളിയോ കവർന്നെടുത്തിരുന്നതിനാൽ തുടർച്ചയായി നടക്കാൻ കഴിയുമായിരുന്നില്ല. അൽപം നടന്നാൽ സഹപാഠികളുടെയോ പരിചയക്കാരുടെയോ വീടുകളിൽ വിശ്രമിക്കണം. പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഇതായിരുന്നു സ്ഥിതി. പാടുപെട്ടാണ് പ്രീ-ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയത്. സഹപാഠികളും അധ്യാപകരും കോളജിലെ ജീവനക്കാരും തുണച്ചതുകൊണ്ടു മാത്രമാണ് അവിടെ രണ്ടു വർഷം പഠിക്കാനായത്.

പഠിപ്പു നിർത്തിയശേഷം പത്തു പതിനാറു വർഷം ഞാൻ വീട്ടിൽനിന്നു പുറത്തു പോയതേയില്ല. പുസ്തകങ്ങളായിരുന്നു കൂട്ട്. എനിക്കറിയാവുന്ന വിഷയങ്ങൾ കുട്ടികളെ പഠിപ്പിച്ചു. ട്യൂഷൻ ക്ലാസുകൾ തുടങ്ങി. വീൽചെയറിലിരുന്ന് സ്കൂൾ വിദ്യാർഥികൾക്കും പ്രീ-ഡിഗ്രിക്കാർക്കും ക്ലാസെടുത്തു. ഞാൻ പഠിപ്പിച്ച കുട്ടികൾ സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിവരം നാട്ടിലുള്ളവർ അറിഞ്ഞുതുടങ്ങിയപ്പോൾ അധ്യാപകരും രക്ഷിതാക്കളും ബന്ധുക്കളും അയൽക്കാരുമെല്ലാം എന്നെ കാണാൻ എത്തിത്തുടങ്ങി. അവർ എന്നെ വിളിച്ചു 'റാബിയാത്ത'.

വായന, എഴുത്ത്, അംഗീകാരങ്ങൾ

ട്യൂഷനെടുത്തുകിട്ടുന്ന കാശുകൊണ്ട് പുസ്തകങ്ങൾ ഞാൻ വാങ്ങി. സ്വയം ഉരുകിത്തീരുമ്പോഴും ചുറ്റുമുള്ളവർക്ക് പ്രഭ തൂകിയ മഹാന്മാരുടെ ജീവിതകഥകളാണ് ഏറ്റവും ആകർഷിച്ചത്. അത്തരം പുസ്തകങ്ങളാണ് ശേഖരത്തിൽ അധികവും. വായിച്ചും വായിപ്പിച്ചും ഞാൻ പൂർണമായും അക്ഷരങ്ങളുടെ ലോകത്തായി. എന്റെ സാക്ഷരത പ്രവർത്തനങ്ങളെ മാനിച്ച് കേന്ദ്ര സർക്കാറിന്റെ ദേശീയ യുവ പുരസ്കാരവും തുടർന്ന് സ്ത്രീശക്തി പുരസ്കാരവും എത്തിയപ്പോൾ ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് പലരുമറിഞ്ഞു. ജെ.സി.ഐയുടെ അന്താരാഷ്ട്ര പുരസ്കാരവും പിന്നാലെയെത്തി. പിന്നീട് പഞ്ചായത്ത് അധികൃതർ ഒന്നര കിലോമീറ്റർ നീളത്തിൽ എന്റെ വീട്ടിലേക്കൊരു റോഡ് വെട്ടിയപ്പോൾ അതിന് 'അക്ഷരം' എന്ന് പേരിട്ടു. അക്ഷരങ്ങളുമായി റാബിയാത്ത എത്രത്തോളം പ്രണയത്തിലാണെന്നറിയാൻ 'അക്ഷരഹൃദയം' എന്ന എന്റെ പുസ്തകം ഒന്നു മറിച്ചു നോക്കിയാൽ മതിയെന്ന് വായിച്ചവരെല്ലാം പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ളതും അനുഭവങ്ങളും പുസ്തക രൂപത്തിലാക്കിയതാണ് 'അക്ഷരഹൃദയം'. ഒടുവിലെഴുതിയത് 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകമാണ്. സുകുമാർ അഴീക്കോടാണ് അത് പ്രകാശനം ചെയ്തത്. പോളിയോ മാറ്റിമറിച്ച ജീവിതത്തിലെ വീർപ്പുമുട്ടലുകളാണ് അതിനു ശേഷമെഴുതിയ 'മൗനനൊമ്പരങ്ങൾ' പങ്കുവെക്കുന്നത്.

'ചലനം' തുടങ്ങുന്നു

നാട്ടിൽ റോഡിനുപിന്നാലെ വൈദ്യുതിയും കുടിവെള്ളവുമെത്തി. കൂടുതൽ മനുഷ്യരെ അടുത്തറിയാനും അവരുടെ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാനും തുടങ്ങി. ക്രമേണ അത് സാമൂഹിക-സാംസ്കാരിക-സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളായി പരിണമിച്ചു. ഗ്രാമീണ തലത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾ, ജില്ലാതലത്തിലേക്കും, സംസ്ഥാനമൊട്ടാകെയും പിന്നീട് വ്യാപിച്ചു.

പ്രതീക്ഷിക്കാത്ത മേഖലകളിൽ നിന്നു പോലും ഇതിനെല്ലാം പിന്തുണ ലഭിച്ചു. ഇതിന്റെയൊക്കെ ഫലമായാണ് 'ചലനം' എന്ന ഞങ്ങളുടെ സാമൂഹിക സേവന സംഘടന തുടങ്ങുന്നത്. നിരവധി നിരാലംബരായ മനുഷ്യർക്ക് ജീവിതപാതയിൽ പുത്തനുണർവ് നൽകാൻ അതിലൂടെ സാധിച്ചു.

മുഖ്യധാരയിൽ ഇടമില്ലാത്തവർ

ലോക ജനസംഖ്യയുടെ 15 ശതമാനമെങ്കിലും ഭിന്നശേഷിക്കാരാണെന്നാണ് റിപ്പോർട്ടുകൾ. 1992ലാണ് ഡിസംബർ മൂന്ന് ലോക വികലാംഗ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. എന്നാൽ 30 വർഷങ്ങൾക്കു ശേഷവും ഭിന്നശേഷിക്കാരുടെ പ്രാഥമികമായ പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെട്ടിട്ടില്ലെന്നത് നിർഭാഗ്യകരമാണ്. മുഖ്യധാരാ ജീവിതത്തിൽ ഇടം തേടാൻ കഴിയാതെ അലയുകയാണ് ഇന്നും ഇത്തരക്കാർ. ഇതിനൊരു പരിഹാരമുണ്ടാക്കാൻ അധികൃതർ പ്രാദേശിക-സംസ്ഥാന-ദേശീയ തലങ്ങളിൽ ശ്രദ്ധ ചെലുത്തണം.

കേരളത്തിലെ വികലാംഗ ക്ഷേമ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണെങ്കിലും ഇനിയും വഴിയേറെ താണ്ടണം. പഞ്ചായത്തുകളിലെ പദ്ധതിവിഹിതം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പു വരുത്തണം. ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള തിരിച്ചറിയൽ കാർഡുപോലും ലഭിക്കാത്തവരുണ്ട്.

പൂർണ ആരോഗ്യവാന്മാരെല്ലാം തങ്ങളുടെ കഴിവിനനുസരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ സമൂഹത്തിന്റെ പുരോഗതി കുറച്ചുകൂടി വേഗത്തിലാക്കാൻ കഴിയുമായിരുന്നു. ഭിന്നശേഷിക്കാർ ചെയ്യുന്നത്ര പോലും ശാരീരിക പരിമിതികളൊന്നുമില്ലാത്ത ചിലർ ചെയ്തുകാണാത്തത് ഖേദകരമാണ്. നൈസർഗിക കഴിവുകൾ ഒരുപോലെ എല്ലാവർക്കുമുണ്ടല്ലോ!

കോളജിലെ പ്രസംഗം

പി.എസ്.എം.ഒ കോളജിലെ പൂർവവിദ്യാർഥികളായ എന്നെയും 2021ൽ പത്മശ്രീ നേടിയ ബാലൻ പൂതേരിയെയും അനുമോദിക്കാൻ മാനേജ്മെന്റ് പരിപാടി സംഘടിപ്പിച്ചിരുന്നു. അനുമോദന വാക്കുകൾക്കിടയിൽ പ്രിൻസിപ്പൽ പറഞ്ഞു, 'അര നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുള്ള കോളജിന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറന്നാൽ ഇനി മുതൽ ആദ്യം കാണുക റാബിയയുടെയും ബാലൻ പൂതേരിയുടെയും പടങ്ങളായിരിക്കും' എന്ന്. വളരെ സന്തോഷം തോന്നി.

ഓഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയവരെ നോക്കി ഞാൻ ആദ്യം പറഞ്ഞ വാചകം 'നിങ്ങൾക്കുള്ളത് ഞങ്ങൾക്കില്ല, എന്നാൽ ഞങ്ങൾക്കുള്ളത് നിങ്ങൾക്കുമില്ല' എന്നാണ്. അഹന്ത കൊണ്ടല്ല ഞാനങ്ങനെ പറഞ്ഞത്. ഉദ്ദേശ്യം, യുക്തശരീരാവസ്ഥയുള്ളവരെയും കൂടുതൽ പ്രവർത്തിക്കാൻ പ്രചോദിപ്പിക്കലായിരുന്നു. അവശതയും അനാഥത്വവും അനുഭവിക്കുന്നവർക്ക് ആരോഗ്യമുള്ളവർ പിന്തുണ നൽകണം. സമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ ശാരീരികമായ വൈകല്യം കാരണമാകരുത്. വൈകല്യമുള്ളവരിലും സർഗാത്മകമായ കഴിവുകളുണ്ടാകാം. അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കണം.

വീഴ്ചയും അർബുദവും

മുപ്പത്തിയെട്ടാമത്തെ വയസ്സിൽ കുളിമുറിയിൽ ഒന്ന് വഴുതി വീണു. നട്ടെല്ലിന്റെ മുകൾ ഭാഗത്തെ കശേരുക്കൾ തകർന്നു. തലനാരിഴ പോലെ സൂക്ഷ്‌മമായ ഒരു തന്തു മാത്രമാണ് ഇപ്പോൾ എന്റെ ചലനശേഷി നിലനിർത്തുന്നത്. അതിനിടയിലാണ് അർബുദവും തേടിയെത്തിയത്. ഒരു സ്തനം നീക്കേണ്ടി വന്നു. കീമോ തെറപ്പിയും പൊതുപ്രവർത്തനങ്ങളും ഞാൻ ഒരുമിച്ചു കൊണ്ടുപോയി. തിരക്കിലാകുമ്പോൾ ദുഃഖങ്ങളോർക്കാൻ സമയം കാണില്ലല്ലോ.

മഹാമാരിക്കാലത്ത് കുടുംബത്തിലെ നാലു പേർക്ക് പ്രാണൻ നഷ്ടപ്പെട്ടു. അവരെല്ലാമായിരുന്നു എന്നെ താങ്ങിപ്പിടിച്ച് ചക്രക്കസേരയിലേക്കും തിരിച്ചു കട്ടിലിലേക്കും നടത്തിയിരുന്നത്. കുറച്ചു കാലമായി മൂത്രം ശേഖരിക്കുന്നതിനായി യൂറോബാഗും ശരീരത്തിൽ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. കഴുത്തിൽ സെർവിക്കൽ കോളറുമുണ്ട്. കടന്നു പോകുന്ന നാളുകളിൽ വേദനയുടെ തീവ്ര രൂപം ഞാൻ അനുഭവിച്ചറിയുന്നു. പക്ഷേ, ഞാൻ തളരില്ല.

'അൽഹംദുലില്ലാഹ്'

പരീക്ഷണങ്ങളും വെല്ലുവിളികളും കുറേ തരണം ചെയ്തു. 57 വർഷം ശരീരത്തിൽ ജീവൻ നിലനിർത്തിയ പടച്ചതമ്പുരാന് നന്ദി. ഒരു സാധാരണക്കാരിയായ എനിക്ക് പത്മശ്രീ പുരസ്കാരം നൽകിയ കേന്ദ്രസർക്കാറിനും, ഈ കൊച്ചു ഗ്രാമത്തിലെത്തി ആ പുരസ്കാരം എനിക്ക് കൈമാറിയ മലപ്പുറം ജില്ല കലക്ടർക്കും ഒപ്പമെത്തിയ തിരൂരങ്ങാടി തഹസിർദാർക്കും കൃതജ്ഞതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Signaturesurvivallife`
News Summary - Signature of survival
Next Story