കൂടുമാറുന്നു; സിന്ധു മാറുന്നില്ല
text_fieldsശബ്ദ മധുരത്താൽ മനസുകൾ കീഴടക്കിയവരാണ് റേഡിയോ ജോക്കികൾ. ലോകത്തെ മിക്ക തിരക്കിട്ട നഗരങ്ങളിലും വിശ്രമമില്ലാതെ ഓടുന്നവർക്ക് കൂട്ടായി, അദൃശ്യ സാന്നിധ്യമായി ഇവരുണ്ട്. യു.എ.ഇയിലെ പ്രവാസികളുടെ മനസ് കീഴടക്കിയ ആർ.ജെമാരിൽ ശ്രദ്ധേയയാണ് ആർ.ജെ സിന്ധു. 17വർഷമായി ഇമാറാത്തിൽ മുഴങ്ങിയ അവരുടെ ശബ്ദം മറ്റൊരു വൻകരയിലേക്ക് ചേക്കേറുകയാണ്. ഒക്ടോബർ അവസാനത്തോടെ കുടുംബത്തോടൊപ്പം ആസ്ത്രേലിയയിലേക്ക് മാറുകയാണിവർ.
ദീർഘകാല ദുബൈ ജീവിതത്തിന് തിരശ്ശീല വീഴുേമ്പാൾ, ഏറെ അനുഭവങ്ങളും സ്നേഹവും കരഗതമാക്കിയണിവർ മടങ്ങുന്നത്. തൃശൂർ ചാലക്കുടി സ്വദേശിനിയായ സിന്ധു, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് മാധ്യമപ്രവർത്തന പഠനത്തിനിറങ്ങുന്നത്. പഠിച്ചിറങ്ങിയ ശേഷം നാട്ടിൽ വിവിധ ചാനലുകളിൽ ന്യൂസ് പ്രെഡ്യൂസർ കം പ്രസൻററായി ജോലി ചെയ്തു. ഈ അനുഭവങ്ങളുമായി 2004ലാണ് ദുബൈയിൽ വിമാനമിറങ്ങുന്നത്. അതേവർഷം റേഡിയോ മേഖലയിൽ പ്രവർത്തനം തുടങ്ങി. 2007ൽ ഹിറ്റ് എഫ്.എമ്മിൽ ആർ.ജെ എന്ന നിലയിൽ പ്രവർത്തനം തുടങ്ങി.
14വർഷത്തോളം നീണ്ട കരിയറാണ് ഇവിടം സമ്മാനിച്ചത്. അതിനിടയിൽ നിരവധിയായ പ്രവാസി വിഷയങ്ങളിൽ ഇടപെടാനും മാനുഷിക പരിഗണനയോടെ പ്രവർത്തിക്കാനും സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ മുതൽ കൂട്ടായി സിന്ധു വിലയിരുത്തുന്നു.
2013ൽ നീണ്ട 84 മണിക്കൂറും 15 മിനുറ്റും നീണ്ട റേഡിയോ മ്യൂസിക് ഷോ നടത്തി, നടനും ആർ.ജെയുമായ മിഥുൻ രമേശിനൊപ്പം ഗിന്നസ് റെക്കോർഡിനും ഉടമയായി. പ്രവാസി വിഷയങ്ങളിലെ ഇടപെടലുകളിലൂടെ നോർക്കയുടെ അവാർഡും ഇക്കാലത്തിനിടയിൽ തേടിയെത്തി. എന്നാൽ അതിനെല്ലാമപ്പുറം യു.എ.ഇയിലെ റേഡിയോ ജീവിതത്തിലൂടെ ശ്രോതാക്കളുമായി 'കണക്റ്റഡ്' ആയി കഴിയാൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമെന്ന് സിന്ധു വിശ്വസിക്കുന്നു.
ദുബൈയിൽ എത്തിയതിന് ശേഷമാണ് ജനങ്ങളുമായി ഏറെ ഇടപഴകാൻ അവസരമുണ്ടായത്. രാവിലെ മുതൽ രാത്രി വരെ അവർക്കൊപ്പം ആയിരിക്കുമെന്നതിനാൽ, നേരിട്ട് കണ്ടില്ലെങ്കിൽ പോലും വീട്ടിലെ ഒരംഗത്തെപ്പോലെയോ സുഹൃത്തിനെപ്പോലെയോ കരുതുന്നവർ ഏറെയാണ്. പ്രയാസങ്ങളും പ്രതിസന്ധികളും അവരാദ്യം പങ്കുവെക്കുന്നത് അതിനാൽ ഞങ്ങളോടാണ്. ആ ബന്ധം വലിയ മുതൽകൂട്ടായിരുന്നു-സിന്ധു കൂട്ടിച്ചേർത്തു. ആസ്ത്രേലിയയിലേക്ക് കൂടുമാറുകയാണെങ്കിലും റേഡിയോ ജീവിതം തുടരണമെന്നാണ് സിന്ധുവിെൻറ ആഗ്രഹം.
എന്നാൽ യു.എ.ഇയെ അപേക്ഷിച്ച് വളരെ കുറഞ്ഞ മലയാളി സമൂഹം മാത്രമുള്ള സ്ഥലമായതിനാൽ, ദുബൈയിൽ നിന്ന് ലഭിച്ച വലിയ അനുഭവങ്ങൾ 'മിസാ'കുമെന്ന ദു:ഖത്തോടെയാണ് മടക്കം. ഭർത്താവ് ബിജു ഇട്ടീരയും ഏകമകൾ റേച്ചൽ റോസുമൊത്താണ്, നീണ്ടകാലം പ്രവാസി മലയാളികളുടെ സുപരിചിത ശബ്ദമായ സിന്ധുവിെൻറ പുതിയ അനുഭവങ്ങളിലേക്കുള്ള കൂടുമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.