കാരുണ്യസ്പർശം കിടപ്പുരോഗികൾക്ക് സാന്ത്വനവുമായി സിന്ധു
text_fieldsആലുവ: കിടപ്പുരോഗികൾക്ക് സാന്ത്വന സ്പർശമാണ് സിന്ധു ബാബുക്കുട്ടന്റെ സേവനം. ലൈഫ്കെയർ എമർജൻസി പാലിയേറ്റിവ് ഹോം കെയർ ടീമിന്റെ നഴ്സിങ് എച്ച്.ഒ.ഡിയായ കുട്ടമശ്ശേരി അമ്പലപ്പറമ്പ് പാലത്തിങ്കൽ വീട്ടിൽ സിന്ധു സാജന്യമായാണ് കിടപ്പുരോഗികളെ പരിചരിക്കുന്നത്.
ഉപജീവനത്തിനായി പാർടെം നഴ്സിങ് ജോലിയും ടെയ്ലറിങ് ജോലിയും ചെയ്യുന്നു. അർബുദ രോഗിയായിരുന്ന സിന്ധു രോഗത്തിൽനിന്നും ആശ്വാസം നേടിയെങ്കിലും ഇന്നും ചികിത്സ തുടർന്നു കൊണ്ടാണ് നഴ്സിങ് സേവനത്തിനായി സമയം മാറ്റിവെക്കുന്നത്. സാന്ത്വനപരിചരണം തന്റെകൂടി കടമയാണെന്ന് തിരിച്ചറിഞ്ഞാണ് സേവന രംഗത്തിറങ്ങിയത്. കിടപ്പുരോഗികൾക്ക് ഇടക്കിടക്കുള്ള സന്ദർശനങ്ങൾ മരുന്നിനേക്കാളേറെ ഗുണം ചെയ്യുന്നുണ്ടെന്ന് സിന്ധു പറഞ്ഞു.
24 മണിക്കൂറും കാർഡിയോളജി ഡോക്ടറുടെ ഓൺലെൻ സേവന ത്തോടെയുള്ള എമർജൻസി ഇ.സി.ജി യൂനിറ്റും കൈകാര്യം ചെയ്യുന്നതിനാൽ രാപകൽ വ്യത്യാസമില്ലാതെയാണ് സേവനം. കോവിഡ് മഹാമാരിക്കാലത്ത് സിന്ധു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവർ നിരവധിയാണ്. നഴ്സ് സിന്ധുവിന്റെ നേതൃത്വത്തിൽ നഴ്സിങ് കെയർ പരിശീലനവും നടന്നുവരുന്നുണ്ട്. ലൈഫ് കെയർ എമർജൻസി പാലിയേറ്റീവ് ഹോം കെയർ ടീമിന്റെ അഭിമാനമാണ് സിന്ധുവെന്ന് ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരി പറഞ്ഞു. സൗദിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ബാബുക്കുട്ടനും മക്കളായ ഐ.ടി.ഐ വിദ്യാർഥിനി പാർവതിയും അഞ്ചാം ക്ലാസുകാരി ശ്രേയയുമടങ്ങുന്നതാണ് സിന്ധുവിന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.